ദഹനക്കേടും മലബന്ധവും അലട്ടുന്നുവോ?; അടുക്കളയിലെ ഈ ആറ് വസ്തുക്കളിൽ പരിഹാരമുണ്ട്

Representative Image| Photo: Canva.com
Representative Image| Photo: Canva.com

കേൾക്കുമ്പോൾ നിസ്സാരമെന്നു തോന്നുമെങ്കിലും അനുഭവിക്കുന്നവരെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിക്കുന്ന പ്രശ്നമാണ് മലബന്ധം. ചെറുപ്പക്കാരുടെ ഇടയിൽ ഈ പ്രശ്നം വ്യാപകമായി കാണുന്നുണ്ട്. ഭക്ഷണരീതിയിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങളാണ് ഇതിനുകാരണം. എന്നാൽ, നമ്മുടെ അടുക്കളയിലെ ചില ചേരുവകൾ ഉപയോ​ഗിച്ച് തന്നെ ചെറിയതോതിൽ ഇത്തരം ആരോ​ഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും. തെറ്റായ ഭക്ഷണക്രമംകൊണ്ടോ വെള്ളം കുടിക്കന്നത് കുറഞ്ഞതിനാലോ ആകാം ഈ രീതിയിലുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നത്. മാനസിക സമ്മർദവും നമ്മുടെ ദഹനത്തെ ബാധിക്കും. എന്നാൽ, ദൈനംദിന ജീവിതത്തിലെ ചെറിയ മാറ്റങ്ങൾ കൊണ്ട് നമുക്ക് കാര്യങ്ങൾ ലഘൂകരിക്കാൻ സാധിക്കും. 

ഇഞ്ചി
വയറുവേദന, ഗ്യാസ് ട്രബിൾ ദഹനക്കേട് തുടങ്ങി വയറിലുണ്ടാകുന്ന അസ്വസ്ഥതകൾ ശമിപ്പിക്കാനാകുന്ന ഒരു മാർ​ഗമാണ് ഇഞ്ചി. ഇവയിൽ അടങ്ങിയിട്ടുള്ള ജിഞ്ചെറോൾ, ഷോഗോൾ തുടങ്ങിയ സംയുക്തങ്ങൾ കുടലിന് ആവശ്യമായ അയവ് നൽകുന്നതിനും ​ഗ്യാസ് രൂപീകരിക്കുന്നത് തടയുന്നതിനും സഹായിക്കുന്നു. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗ്യാസ് ട്രബിൾ, വയറുവേദന എന്നിവ ശമിപ്പിക്കും. ചായയുടെ ഒപ്പം ചേർത്തും കുടിക്കാം. 

ഇന്തുപ്പ്
ആമാശയത്തിലെ ആസിഡിന്റെ സന്തുലിതാവസ്ഥ പാലിക്കുന്നതിലും ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്ന ധാതുക്കൾ ഇന്തുപ്പിലുണ്ട്. മോരിലോ നാരങ്ങാവെള്ളത്തിലോ ഒരു ചെറിയ നുള്ള് ഇന്തുപ്പ് ചേർക്കുന്നത് കുട്ടികളിൽ ദഹനത്തിന് സഹായിക്കുകയും വിശപ്പ് വർധിപ്പിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. 

നാരങ്ങ
നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ, ദഹനവ്യവസ്ഥയെ സംബന്ധിച്ചും നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. നാരങ്ങയിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് വയറ്റിലെ ആസിഡിന്റെ ഉത്പാദനം ചെറിയ തോതിൽ വർധിപ്പിക്കാൻ സഹായിക്കുന്നു. അതുവഴി, നമ്മുടെ ദഹനം സുഗമമാകുകയും മലബന്ധം ഇല്ലാതാകുകയും ചെയ്യുന്നു. 

പുതിന
എല്ലാ കാലത്തും കഴിക്കാവുന്ന ഔഷധ സസ്യമാണ് പുതിന. ആഹാരത്തിൽ ചേർത്ത് കഴിക്കുന്നത് രുചി വർധിപ്പിക്കുന്നതിനൊപ്പം ഔഷധ ഗുണവും നൽകുന്നു. ചുമ, ജലദോഷം, അസിഡിറ്റി പ്രശ്‌നങ്ങൾ, ഗ്യാസ് ട്രബിൾ, വയറിലെ അസ്വസ്ഥത, ദഹനക്കുറവ്, മലബന്ധം എന്നിവയെല്ലാം പരിഹരിക്കുന്നതിനുള്ള ഉത്തമമാർഗമാണ് പുതിനയില.വയറിലെ അസ്വസ്ഥതകൾ കുറയ്ക്കുന്നതിനും ജലദോഷം ശമിപ്പിക്കുന്നതിനും പുതിന ഇല ചേർത്ത ചായ മികച്ച മാർഗമാണ്.

പെരുംജീരകം
വയറു വീർക്കുന്നതടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാണ് പെരുംജീരകം. ഇവയിൽ അടങ്ങിയിട്ടുള്ള അന്നത്തോൾ ദഹനവ്യവസ്ഥയെ സഹായിക്കുന്നു. ഭക്ഷണശേഷം പെരുംജീരകം ചവയ്ക്കുന്നതും പെരുംജീരകം അടങ്ങിയിട്ടുള്ള ചായ കുടിക്കുന്നതും ശരീരത്തിന് നല്ലതാണ്. 

ഉലുവ 
ദഹനപ്രശ്‌നങ്ങളുള്ളവർ ഫൈബർ ധാരാളം അടങ്ങിയ ഉലുവ വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് മലബന്ധത്തെ പ്രതിരോധിക്കാൻ സഹായിക്കും. അതിനൊപ്പം അസിഡിറ്റി, വയർ വീർത്തിരിക്കുന്ന അവസ്ഥ തുടങ്ങിയ പ്രശ്‌നങ്ങളെ അകറ്റാൻ ഉലുവ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കുട്ടികളിൽ അസിഡിറ്റിയും വയർ വീർക്കുന്ന അവസ്ഥയ്ക്ക് ശമനമുണ്ടാകാനും ഇത് ഉപയോ​ഗിക്കാറുണ്ട്. 

Content Highlights: Home Remedies for Constipation Relief