കാലിലെ ചൊറിച്ചിലും ക്ഷീണവും അവഗണിച്ചു, കണ്ടെത്തിയത് രക്താർബുദം; തുറന്നുപറഞ്ഞ് 32-കാരി

കാൻസർ സ്ഥിരീകരിക്കുന്നതിൽ ആദ്യഘട്ടത്തിലുണ്ടായ വീഴ്ചയെപ്പറ്റി തുറന്നുപറഞ്ഞ് യുവതി. യു.കെ. സ്വദേശിയായ എമ്മ സിംസ്(32) ആണ് തുടക്കത്തിലെ ലക്ഷണങ്ങൾ അവഗണിച്ചതിനെപ്പറ്റി തുറന്നു സംസാരിച്ചത്. കഠിനമായ ക്ഷീണവും കാലുകളിൽ ചൊറിച്ചിലും അനുഭവിച്ചിരുന്ന എമ്മ ഡോക്ടർമാരെ സമീപിച്ചിരുന്നെങ്കിലും ഈ ലക്ഷണങ്ങൾ അവർ അവഗണിക്കുകയായിരുന്നു. ഇതിൽ ഒരു ഡോക്ടർ രക്തപരിശോധന അടക്കം നടത്തിയെങ്കിലും അർബുദം കണ്ടെത്താനായിരുന്നില്ല.
കാലിലെ ചൊറിച്ചിൽ കൂടാതെ തന്റെ ശരീരഭാരം വർധിപ്പിക്കുന്നതിലും എമ്മ ബുദ്ധിമുട്ട് അനുവഭിച്ചിരുന്നു. കൂടാതെ, രാത്രിയിൽ ശരീരം വിയർക്കുകയും നെഞ്ചിടിപ്പും അനുഭവപ്പെടാൻ തുടങ്ങി. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും യുവതിക്ക് യാതൊരു പ്രശ്നവുമില്ലെന്നായിരുന്നു ഡോക്ടർമാരുടെ മറുപടി.
താൻ സമീപിച്ച ഡോക്ടർമാരെല്ലാം തനിക്ക് ഗുരുതരമായ രോഗമില്ലെന്നായിരുന്നു പറഞ്ഞതെന്നാണ് എമ്മ വെളിപ്പെടുത്തുന്നത്. രക്തപരിശോധന നടത്തിയതിന് ശേഷം തനിക്ക് ലിംഫോമയില്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. ഇതിനിടയിലെല്ലാം ലക്ഷണങ്ങൾ വഷളായിക്കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. ഒടുവിൽ, ഓക്സ്ഫോർഡിലെ ചർച്ചിൽ ഹോസ്പിറ്റലിലെ ഹിമറ്റോളജി വിഭാഗം നടത്തിയ പരിശോധനയിലാണ് നെഞ്ചിൽ എട്ട് സെൻ്റിമീറ്റർ നീളമുള്ള ട്യൂമർ കണ്ടെത്തിയത്.
ബയോപ്സിയിൽ രോഗം സ്ഥിരീകരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ തനിക്ക് ഹോജ്കിൻസ് ലിംഫോമയാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനാൽ അത് ഉൾക്കൊള്ളാൻ ആവശ്യമായ സമയം ലഭിച്ചു. ഇത്രകാലം ഇതെങ്ങിനെ ശ്രദ്ധിക്കാതെ പോയെന്നാണ് അപ്പോൾ ചിന്തിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
എന്താണ് ഹോജ്കിൻസ് ലിംഫോമ
മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനത്തിലെ ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന പ്രത്യേകതരം രക്താർബുദമാണ് ഹോജ്കിൻസ് ലിംഫോമ. വെളുത്ത രക്താണുക്കളുടെ അസാധാരണമായ വർധനയ്ക്ക് ഈ രോഗാവസ്ഥ കാരണമാകും, അത് ലിംഫ് നോഡുകളുടെ വീക്കത്തിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചില മുഴകൾ ഉണ്ടാകാനും കാരണമാകും. ഈ രോഗം വളരെ അപൂർവവും ഗുരുതരവുമാണെങ്കിലും നേരത്തെ കണ്ടെത്തി ശരിയായ രീതിയിലുള്ള ചികിത്സ നടത്തിയാൽ വിജയകരമായി രോഗത്തെ നേരിടാൻ സാധിക്കും.
Content Highlights: Woman`s Cancer Misdiagnosis: Missed Symptoms