മുടിയില്ലാത്ത തല പ്രദർശിപ്പിക്കാത്തത് മടികൊണ്ടല്ല, കാരണം പങ്കുവെച്ച് ഹിന ഖാൻ

ഹിന ഖാൻ| Photos: instagram.com/realhinakhan/
ഹിന ഖാൻ| Photos: instagram.com/realhinakhan/

സ്തനാർബുദത്തോടുള്ള പോരാട്ടത്തേക്കുറിച്ച് നിരന്തരം പങ്കുവെക്കാറുള്ളയാളാണ് ഹിന്ദി സിനിമാ-ടെലിവിഷൻ താരമായ ഹിന ഖാൻ. അർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ചും ചികിത്സാകാലയളവിലെ ഓരോ വിവരങ്ങളുമൊക്കെ ഹിന ആരാധകരുമായി പങ്കുവെക്കാറുണ്ട്. ചികിത്സയ്ക്ക് മുമ്പേ ഹിന മുടി പാടേ മുറിച്ചുനീക്കുകയും ചെയ്തിരുന്നു. സ്വന്തം മുടികൊണ്ടു തയ്യാറാക്കിയ വി​ഗ് ആണ് പൊതുവേദികളിൽ ഹിന ധരിച്ചിരുന്നത്. ഇതിനുപിന്നാലെ നിരവധിപേർ മുണ്ഡ‍നം ചെയ്ത തല പ്രദർശിപ്പിക്കാത്ത ഹിനയെ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു. കാൻസർരോ​ഗികൾ മുടിയില്ലാത്ത തല പ്രദർശിപ്പിക്കുമ്പോൾ ഹിന അങ്ങനെ ചെയ്യാത്തതിനെയാണ് പലരും വിമർശിച്ചിരുന്നത്. എന്നാൽ താൻ തല മറച്ച് മാത്രം പുറത്തിറങ്ങുന്നതിന് പിന്നിൽ മൈ​ഗ്രേൻ ആണ് കാരണമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഹിന. 

കാൻസർ ചികിത്സായാത്രയിലുടനീളം താൻ തലമറച്ച് പുറത്തുവന്നതിനുപിന്നിൽ മടിയല്ല മറിച്ച് മൈ​ഗ്രേനാണ് കാരണമെന്ന് ഹിന പറയുന്നു. എപ്പോഴൊക്കെ സ്കാർഫോ, തൊപ്പിയോ, വി​ഗോ മാറ്റാൻ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഇരുപത് മുപ്പത് മിനിറ്റിനുള്ളിൽ മൈ​ഗ്രേൻ ആരംഭിക്കും. ദിവസങ്ങളോളം അത് നീണ്ടുനിൽക്കുകയും ചെയ്യും. ഇതുകൊണ്ടാണ് എല്ലായ്പ്പോഴും തലമറച്ചുതന്നെ പുറത്തുവരുന്നത്. - ഹിന പറഞ്ഞു. 

മുടി മുഴുവനായി വടിച്ചുമാറ്റിയ സമയത്ത് എന്റെ തല ആ രൂപത്തിൽതന്നെ അഭിമാനത്തോടെ പുറംലോകത്തെ കാണിക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷേ എന്റെ അവസ്ഥ കാരണം അതിനുകഴിഞ്ഞില്ല. കഴിയുമായിരുന്നെങ്കിൽ ഞാനത് ചെയ്തേനെ.- ഹിന കൂട്ടിച്ചേർത്തു.

മൈ​ഗ്രേൻ തലവേദന പൂർണമായി മാറ്റാൻ കഴിയുമോ ?

മൈ​ഗ്രേൻ വളരെ സാധാരണയായി കാണുന്ന തലവേദനയാണ്. മൈ​ഗ്രേൻ പൂർണമായി മാറ്റാൻ കഴിയുമോ എന്ന് പലരും ചോദിക്കാറുണ്ട്. ന്യൂറോവാസ്കുലാർ തലവേദനയുടെ വിഭാ​ഗത്തിൽപ്പെടുന്ന തലവേദനയാണിത്. അത് പൂർണമായും മാറ്റാൻ കഴിയില്ല. ചികിത്സയുടെ ഉദ്ദേശം അത് നിയന്ത്രിച്ചുപോവുക എന്നതാണ്. എപ്പോഴും ട്രി​ഗർ ചെയ്യാനുള്ള കാരണമുണ്ടാകും. ഉറക്കമില്ലായ്മ, സമ്മർദം, സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുക, വെയിൽ കൊള്ളുക, കഠിനമായ ജോലി, വെള്ളം ആവശ്യത്തിന് കുടിക്കാതിരിക്കുക, ഫ്ലാഷ് കണ്ണിലേക്കടിക്കുക തുടങ്ങിയവയൊക്കെ കാരണമാകാം. അവ തടയുകയാണ് രോ​ഗനിയന്ത്രണത്തിൽ പ്രധാനം. 

മറ്റൊന്ന് രോ​ഗം എത്ര ഇടവേളയിലാണ് വരുന്നതെന്ന് പരിശോധിക്കലാണ്. അതികഠിനമായ വേദനയായിരിക്കും മൈ​ഗ്രേന്റേത്. അത് എപ്പോഴൊക്കെയാണ് വരുന്നതെന്ന് പരിശോധിക്കണം. ആഴ്ച്ചയിൽ എത്രതവണ വരുന്നുവെന്ന് പരിശോധിച്ചാൽ മൈ​ഗ്രേൻ വരാതിരിക്കാനുള്ള മരുന്ന് മൂന്നുമുതൽ ആറുമാസത്തോളം തുടർച്ചയായി കഴിക്കേണ്ടിവരും. ചിലരിൽ മാസത്തിൽ ഒന്നോരണ്ടോ തവണയായിരിക്കും വരിക. സ്ത്രീകളിലാണ് മൈ​ഗ്രേൻ വേദന കൂടുതലായി കാണപ്പെടുന്നത്. മാസത്തിൽ ഒന്നോരണ്ടോതവണ മാത്രം വരുന്നതാണെങ്കിൽ ആ സമയത്തുമാത്രം കഴിക്കുന്ന മറ്റൊരു വിഭാ​ഗം മരുന്നുണ്ട്. ഈ മൂന്നുരീതിയിലൂടെയാണ് രോ​ഗം നിയന്ത്രിക്കുന്നത്. 

ഏതാണ് ട്രി​ഗർ ചെയ്യുന്നതെന്ന് സ്വയം മനസ്സിലാക്കാൻ എന്തുചെയ്യണം? 

മൈ​ഗ്രേൻ അനുഭവിക്കുന്നയാൾ തന്നെ അതു കണ്ടുപിടിച്ചിരിക്കണം. വെയിലത്തു നിന്ന് ജോലി ചെയ്യുന്നവരിലും ഉറങ്ങിയില്ലെങ്കിലും വിശപ്പ് അനുഭവിക്കുമ്പോഴുമൊക്കെ വരാം. ചിലരിൽ കാപ്പികുടിച്ചാൽ മൈ​ഗ്രേൻ വരുമെങ്കിൽ ചിലർക്ക് അത് കഴിച്ചാൽ കുറയും. അതുപോലെ തന്നെയാണ് ചോക്ലേറ്റ് കഴിക്കുമ്പോഴും. 

തലവേദനകളിൽ ഏറ്റവും സാധാരണം മൈ​ഗ്രേയ്നാണോ?

തലവേദനകളിൽ ഏറ്റവും സാധാരണമായിട്ടുള്ളത് ടെൻഷൻ ഹെഡ്എയ്ക്കാണ്. എന്തെങ്കിലും സമ്മർദം പെട്ടെന്നുണ്ടാകുമ്പോൾ വരുന്നതാണിത്. തലയിൽ ഇറുകിപ്പിടിക്കുന്നതു പോലെ തോന്നുന്ന അവസ്ഥയാണിത്. എന്നാൽ മൈ​ഗ്രേയ്ന്റേത് ഒരുവശത്തുമാത്രം വിങ്ങുന്നതുപോലെയുള്ള കഠിനമായ വേദനയാണ്. പതുക്കെതുടങ്ങി കൂടിവരുന്ന വേദനയാണിത്. ഉറങ്ങിയാലും വേദനാസംഹാരി കഴിച്ചാലുമൊക്കെ പോകുന്നവയാണ് ടെൻഷൻ തലവേ​ദന. എന്നാൽ മൈ​ഗ്രേൻ തലവേദന അതിനുള്ള മരുന്നുകൾ കഴിച്ചാൽ മാത്രമേ പോകൂ. തലവേദനകളിൽ എൺപതു ശതമാനവും ടെൻഷൻ തലവേദനയും ബാക്കി പതിനഞ്ചു ശതമാനം മൈ​ഗ്രേൻ തലവേദനയുമായിരിക്കും.

Content Highlights: TV actress Hina Khan reveals migraine as reason behind covering head post-cancer treatment