യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ?; കാലുകളിലെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്ന അവസ്ഥ ഇന്ന് വളരെ സാധാരണമായി മാറിയിരിക്കുന്നു. രക്തത്തിൽ യൂറിക് ആസിഡ് വലിയ തോതിൽ അടിയുന്നതാണ് ഇതിന് കാരണം. സാധാരണ, തുടക്കസമയത്ത് ഈ അവസ്ഥ രോഗലക്ഷണങ്ങൾ ഉണ്ടാക്കാറില്ല. എന്നാൽ, ഈ പ്രശ്നം ചികിത്സിക്കാതിരുന്നാൽ അത് ഹൃദയാഘാതത്തിനും വൃക്കസംബന്ധമായ രോഗത്തിനും കാരണമാകുന്നു. ഉയർന്ന യൂറിക് ആസിഡിന്റെ അളവ് ശരീരത്തിൽ കാണിക്കുന്ന ലക്ഷണങ്ങൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.
സന്ധിവേദന
പാദങ്ങളിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നതിന്റെ ആദ്യകാല ലക്ഷണങ്ങളിലൊന്ന് സന്ധികളെ ബാധിക്കുന്ന പെട്ടെന്നുള്ളതും കഠിനവുമായ വേദനയാണ്. ഈ വേദന സാധാരണയായി പെട്ടെന്നാണ് ഉണ്ടാകുന്നത്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തിയേക്കാം. പെരുവിരലിന്റെ സന്ധിയിലാണ് സാധാരണയായി ഈ വേദനയുണ്ടാകുന്നത്. മറ്റ് കാൽവിരലുകളിലോ, കണങ്കാലിലോ, പാദത്തിന്റെ മധ്യഭാഗത്തോ വേദനയുണ്ടാകാനും സാധ്യതയുണ്ട്. ഈ വേദന രൂക്ഷമാകാൻ സാധ്യതയുണ്ട്. ഈ രീതിയിൽ വേദനയുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണേണ്ടതാണ്.
സന്ധിക്ക് ചുറ്റുമുള്ള ചുവപ്പും നീർവീക്കവും
സന്ധിക്ക് ചുറ്റുമുള്ള ഭാഗം ചുവക്കുന്നതും നീരുവയ്ക്കുന്നതും യൂറിക് ആസിഡ് വർധിക്കുന്നതിന്റെ ലക്ഷണങ്ങളാകാം. ഇവ തൊടുമ്പോൾ ചൂട് അനുഭവപ്പെടുകയും വേദനയുണ്ടാകുകയും ചെയ്യുന്നു. യൂറിക് ആസിഡ് ക്രിസ്റ്റലുകൾ ശരീരത്തിൽ പ്രവേശിക്കുന്നതോടെ, നമ്മുടെ രോഗപ്രതിരോധ സംവിധാനം ഈ പദാർഥത്തെ ഒരു പരിക്കായി കണക്കാക്കുന്നു. ഇതാണ് വീക്കത്തിന് കാരണമാകുന്നത്. ആദ്യ വേദനയായി തുടങ്ങുന്ന പ്രശ്നം പിന്നീട് നീർവീക്കം, ചുവപ്പ് എന്നിവയിലേക്ക് മാറുന്നു. സന്ധിവാതത്തിന് സമാനമാകാം ഈ ലക്ഷണങ്ങൾ. ഇത് രോഗനിർണയം വൈകാനും കാരണമാകുന്നു.
പാദങ്ങളിൽ മുറുക്കം അനുഭവപ്പെടുന്നത്
നീർക്കെട്ടുള്ള സന്ധികളിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് സന്ധികൾക്ക് മുറുക്കം അനുഭവപ്പെടുന്നതിന് കാരണമാകുന്നു. ഇതോടെ, സന്ധികളുടെ ചലനശേഷിയും പ്രശ്നത്തിലാകുന്നു. ചെറിയ തോതിൽ എവിടെയങ്കിലും തട്ടുന്നതുപോലും വേദനയ്ക്ക് കാരണമായേക്കാം. ഈ അവസ്ഥ ചികിത്സിക്കാതിരുന്നാൽ കാലക്രമേണ വിഷയം ഗുരുതരമാകാൻ സാധ്യതയുണ്ട്.
പാദങ്ങളിൽ കാണുന്ന മുഴ
ഗൗട്ട് ദീർഘകാലം ചികിത്സിക്കാതിരിക്കുന്നത് സന്ധികൾക്ക് സമീപം ചർമത്തിനടിയിൽ കട്ടിയുള്ള മുഴകൾ രൂപപ്പെടുന്നതിന് കാരണമാകുന്നു. ടോഫി(Tophi) എന്നാണ് ഈ മുഴകളെ പറയുന്നത്. യൂറിക് ആസിഡ് ക്രിസ്റ്റലുകൾ ചേർന്നതാണ് ടോഫി. ടോഫി സാധാരണയായി കാൽവിരലുകൾക്ക് സമീപവും പാദങ്ങളിലുമാണ് രൂപപ്പെടുന്നത്. ഇവയ്ക്ക് എല്ലായ്പ്പോഴും വേദന ഉണ്ടാകണമെന്നുമില്ല. എങ്കിലും സന്ധികളുടെ ആരോഗ്യത്തെ ഇത് ബാധിക്കും.
Content Highlights: High Uric Acid: Recognizing the Early Warning Signs in Your Feet