വിട്ടുമാറാത്ത സ്ട്രെസും ഉത്കണ്ഠയും; ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ ലക്ഷണങ്ങള്‍ അറിയാം, ഇവ ശ്രദ്ധിക്കാം

സ്‌ട്രെസും ഉത്കണ്ഠയും കൊണ്ട് ബുദ്ധിമുട്ടുന്നവരുടെ എണ്ണം കൂടി വരികയാണ്. മാനസിക സമ്മര്‍ദ്ദം കൂടുന്നതിന് നിരവധി കാരണങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് സ്‌ട്രെസ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന കോര്‍ട്ടിസോള്‍ ശരീരത്തില്‍ കൂടുന്ന അവസ്ഥ. ഇത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായിത്തീരും. ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ അളവ് പലപ്പോഴും വിട്ടുമാറാത്ത മാനസിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇപ്പോഴിതാ, ഈ ഹോർമോണിനെക്കുറിച്ചും എന്തുകൊണ്ട് നമ്മൾ ഇതിന് ആവശ്യമായ ശ്രദ്ധ നൽകണമെന്നും പറയുകയാണ് ന്യൂട്രീഷനിസ്റ്റ് അഞ്ജലി മുഖർജി.
ദീർഘകാലം കോർട്ടിസോളിന്റെ അളവ് ഉയർന്നിരിക്കുന്നത് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അടിവയറ്റിൽ കൊഴുപ്പ് വർധിക്കുക, ചിന്താക്കുഴപ്പവും മറവിയും, കുറഞ്ഞ രോഗപ്രതിരോധശേഷി, ഉത്കണ്ഠയും ദേഷ്യവും, ഹോർമോൺ അസന്തുലിതാവസ്ഥ, ഉറക്കപ്രശ്നങ്ങൾ എന്നിവ ഇതുമൂലം നമ്മെ ബാധിക്കാം. നമ്മളിൽ പലരും കാര്യമായി എടുക്കാത്ത കാരണങ്ങളാലാണ് കോർട്ടിസോളിന്റെ അളവ് വർധിക്കുന്നത്. പലപ്പോഴും ഇത് അറിയാതെ പോകുന്നു എന്നതും ആശങ്കാജനകമാണ്.
ദൈനംദിന ശീലങ്ങളും പാരിസ്ഥിതിക ഘടകങ്ങളും കോർട്ടിസോളിന്റെ അളവിനെ ബാധിച്ചേക്കാമെന്നും അഞ്ജലി പറയുന്നു. അമിതമായ കഫീൻ ഉപയോഗം, നിലവാരമില്ലാത്ത ഉറക്കം, ടോക്സിക് ബന്ധങ്ങൾ, വ്യായാമത്തിലെ പിഴവ്, അമിത മദ്യപാനം, സ്വയം കുറ്റപ്പെടുത്തുന്ന സംസാരം എന്നിവയെല്ലാം പ്രശ്നമാണ്. സാമൂഹികമാധ്യമങ്ങളിൽ നിർത്താതെ സ്ക്രോൾ ചെയ്യുന്നതുപോലെയുള്ള ശീലങ്ങളിലും ശ്രദ്ധവേണം.
ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- സ്ഥിരമായ വ്യായാമം കോർട്ടിസോൾ കുറയ്ക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
- ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുക. ഉറക്കക്കുറവ് കോർട്ടിസോളിന്റെ അളവ് വർധിപ്പിക്കുന്നു.
- അമിതമായി സംസ്കരിച്ച ഭക്ഷണം ഒഴിവാക്കാം. ഒമേഗ-3, കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്ന ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം.
- മെഡിറ്റേഷൻ, യോഗ, സാവധാനത്തിലുള്ള ശ്വാസോച്ഛ്വാസം എന്നിവ സമ്മർദ്ദം വേഗത്തിൽ കുറയ്ക്കുന്നു.
Content Highlights: Managing Chronic Stress and Anxiety: Understanding and Addressing High Cortisol Levels