സ്ട്രെസ് ഓര്‍മശക്തിയെ ബാധിക്കും, മസ്തിഷ്കാരോഗ്യം തകരാറിലായേക്കും; പഠനങ്ങൾ പറയുന്നത്

എ.ഐ. നിർമിത ചിത്രം
എ.ഐ. നിർമിത ചിത്രം

സ്‌ട്രെസും ഉത്കണ്ഠയും കൊണ്ട് ബുദ്ധിമുട്ടുന്നവരുടെ എണ്ണം കൂടി വരികയാണ്. മാനസിക സമ്മര്‍ദ്ദം കൂടുന്നതിന് നിരവധി കാരണങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് സ്‌ട്രെസ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന കോര്‍ട്ടിസോള്‍ ശരീരത്തില്‍ കൂടുന്ന അവസ്ഥ. ഇത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായിത്തീരും. ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ അളവ് പലപ്പോഴും വിട്ടുമാറാത്ത മാനസിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇപ്പോഴിതാ, എപ്പോഴും സ്ട്രെസ്സ് അനുഭവിക്കുന്നത് മസ്തിഷ്കാരോ​ഗ്യത്തേയും ബാധിക്കുമെന്ന് വ്യക്തമാക്കുകയാണ് പുതിയ പഠനങ്ങൾ. 

ഉയർന്ന കോർട്ടിസോളിന്റെ അളവും ഓർമക്കുറവും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നേരത്തെ ശാസ്ത്രീയ ഗവേഷണങ്ങളിൽനിന്ന് വ്യക്തമായിരുന്നു. ന്യൂറോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ മധ്യവയസ്സിൽ കോർട്ടിസോളിന്റെ അളവ് കൂടുതലുണ്ടായിരുന്ന വ്യക്തികൾ ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ കാണിക്കാത്തപ്പോൾ പോലും അവരുടെ തലച്ചോറിന്റെ പ്രവർത്തനം മോശമാണെന്ന് കണ്ടെത്തിയിരുന്നു. ഓർമശക്തിയേയും ഇത് ബാധിച്ചിരുന്നു.

അയോവ സർവകലാശാലയിലെ ഗവേഷകർ മൃഗങ്ങളിൽ നടത്തിയ മറ്റൊരു പഠനത്തിൽ ദീർഘകാലം കോർട്ടിസോളിന്റെ അളവ് ഉയർന്നിരിക്കുന്നത് ഓർമനഷ്ടത്തിന്  കാരണമാകുമെന്ന് കണ്ടെത്തി. കോർട്ടിസോളിന്റെ അളവ് സാധാരണ നിലയിലേക്ക് മടങ്ങിയപ്പോൾ മസ്തിഷ്കാരോ​ഗ്യവും ചിന്താശേഷി മെച്ചപ്പെട്ടതായും ഈ പഠനത്തിൽ വ്യക്തമായിരുന്നു. 

പുതിയ കാര്യങ്ങൾ പഠിക്കുമ്പോൾ സമ്മർദ്ദത്തിന് വിധേയരായവർക്ക് അവരുടെ അറിവ് മറ്റുള്ളവരിലേക്ക് കൈമാറ്റം ചെയ്യുന്നതിൽ വലിയ ബുദ്ധിമുട്ടുണ്ടായേക്കാമെന്ന് Stress-induced cortisol hampers memory generalisation എന്ന പഠനത്തിൽ വ്യക്തമാക്കുന്നു. 

ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

  • സ്ഥിരമായ വ്യായാമം കോർട്ടിസോൾ കുറയ്ക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
  • ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുക. ഉറക്കക്കുറവ് കോർട്ടിസോളിന്റെ അളവ് വർധിപ്പിക്കുന്നു.
  • അമിതമായി സംസ്കരിച്ച ഭക്ഷണം ഒഴിവാക്കാം. ഒമേഗ-3, കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്ന ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം.
  • മെഡിറ്റേഷൻ, യോഗ, സാവധാനത്തിലുള്ള ശ്വാസോച്ഛ്വാസം എന്നിവ സമ്മർദ്ദം വേഗത്തിൽ കുറയ്ക്കുന്നു.

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)

Content Highlights: Chronic Stress and Elevated Cortisol Linked to Cognitive Decline and Memory Impairment