'ഹെർബൽ' ആണെന്ന് കരുതി എന്തും കഴിക്കല്ലേ; കരളിന്റെ ആരോഗ്യം അപകടത്തിലാകും- റിപ്പോർട്ട്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആഗോളതലത്തിൽ ഹെർബൽ, ഡയറ്ററി സപ്ലിമെന്റുകളുടെ വർധിച്ചുവരുന്ന ജനപ്രീതി പലപ്പോഴും കരളിന്റെ ആരോഗ്യത്തെ തകരാറിലാക്കുന്നുവെന്ന് റിപ്പോർട്ട്. Medscape പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. യു.എസ്സിൽ മാത്രം അംഗീകാരമില്ലാതെ 80,000-ത്തിലധികം ഡയറ്ററി സപ്ലിമെന്റുകൾ വിപണിയിൽ ലഭ്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

'ലിവർ ഡിറ്റോക്സ്', 'ഇമ്മ്യൂൺ ബൂസ്റ്റർ' എന്നീ പേരുകളിലാണ് ഈ ഉൽപ്പന്നങ്ങൾ പലതും വിറ്റഴിക്കുന്നത്. ഇത്തരം സപ്ലിമെന്റുകൾ കരൾ രോഗങ്ങൾക്ക് പ്രകൃതിദത്തമായ ചികിത്സകൾ ഇഷ്ടപ്പെടുന്ന വ്യക്തികളെ ആകർഷിക്കുന്നു. എന്നാൽ, ഇവ ഉയർന്ന അളവിലോ ദീർഘകാലത്തേക്കോ, അല്ലെങ്കിൽ ഡോക്ടർ നിർദ്ദേശിക്കുന്ന മറ്റ് മരുന്നുകളോടൊപ്പം കഴിക്കുമ്പോൾ കരളിൽ ഹെപറ്റോടോക്സിസിറ്റിക്ക് കാരണമാകാമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

മഞ്ഞൾ, ഗ്രീൻ ടീയുടെ സത്ത്, കാവ, black cohosh, usnic acid എന്നിവയാണ് കരളിന് തകരാറുണ്ടാക്കുന്നതായി റിപ്പോർട്ടിൽ പറയുന്നത് ചില സപ്ലിമെന്റുകൾ. വീക്കം തടയുന്നതായും കരളിനെ സംരക്ഷിക്കുന്നതായും വ്യാപകമായി കണക്കാക്കുന്ന വസ്തുവാണ് മഞ്ഞൾ. എന്നാൽ, പല പഠനങ്ങളിലും ഡാറ്റാബേസുകളിലും മഞ്ഞൾ മൂലമുണ്ടാകുന്ന കരൾ രോഗത്തെക്കുറിച്ച് റിപ്പോർട്ടുകളുണ്ട്. മഞ്ഞളിന്റെ ആഗിരണം വർധിപ്പിക്കുന്നതിനായി സപ്ലിമെന്റുകളിൽ ചേർക്കുന്ന Piperine (കുരുമുളകിന്റെ സത്ത്) ഈ അപകടസാധ്യത വീണ്ടും വർധിപ്പിച്ചേക്കാം.

രോഗികൾ പലപ്പോഴും സപ്ലിമെന്റുകൾ സുരക്ഷിതമാണെന്ന് കരുതി അവ ഉപയോഗിക്കുന്ന കാര്യം ഡോക്ടറോട് പറയാതിരിക്കുന്നതാണ് വിഷയം വഷളാക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതിനാൽ, രോഗനിർണയം വെല്ലുവിളി നിറഞ്ഞതാകുന്നു. ഹെർബൽ ഉൽപ്പന്നങ്ങൾ മൂലമുണ്ടാകുന്ന കരൾ രോഗം മറ്റ് കരൾ രോഗങ്ങളെപ്പോലെ കാണപ്പെട്ടേക്കാമെന്നതും പ്രശ്നമാണ്.

'പ്രകൃതിദത്തം' എന്നത് എപ്പോഴും സുരക്ഷിതം എന്ന് അർഥമാക്കുന്നില്ലെന്ന് റിപ്പോർട്ട് ഊന്നിപ്പറയുന്നു. കഴിക്കുന്ന ഏതൊരു സപ്ലിമെന്റിനെക്കുറിച്ചും ഡോക്ടറോട് പറയുക. കരൾ സംബന്ധമായ പ്രശ്നങ്ങൾ കണ്ടുതുടങ്ങിയാൽ അവയുടെ ഉപയോഗം നിർത്തുക. നേരത്തെയുള്ള തിരിച്ചറിവ് കരളിനെ സംരക്ഷിക്കാൻ സഹായിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Content Highlights: Beware: Herbal & dietary supplements, even natural ones, can harm your liver. Report highlights risks like hepatotoxicity and challenges in diagnosis. Consult your doctor.