മാറ്റിവെച്ച ഹൃദയം, കടം വാങ്ങി ജീവിതം; കട തുടങ്ങാന്‍ അശോകിന് വേണം സുമനസ്സുകളുടെ സഹായം

#വൈ. ഷെറിൻ
അശോകും ഭാര്യയും
അശോകും ഭാര്യയും

പത്തനംതിട്ട: അശോകിന്റെ ഉള്ളിൽ വിഷ്ണുവിന്റെ ഹൃദയം മിടിക്കാൻ തുടങ്ങിയിട്ട് ഒരുവർഷമാകുന്നു. പ്രതീക്ഷയുടെ പുതുജീവിതമാണ് പുല്ലാട് ചാലുങ്കൽ അശോക് വി. നായർക്ക് (46) കിട്ടിയതെങ്കിലും ആ ഹൃദയത്തെയൊന്നാകെ തീരാസങ്കടം കൊളുത്തിവലിക്കുന്നു. സ്വന്തമായി ജോലിയോ വീടോ മറ്റു വരുമാന മാർഗമോ ഇല്ലാത്തതിനാൽ ഹൃദയംനിറഞ്ഞ് ജീവിക്കാനാകാത്ത അവസ്ഥ.

2023 ഒക്ടോബർ 12-നായിരുന്നു അശോകിന്റെ ഹൃദയം മാറ്റിവെച്ചത്. ഹൃദയത്തിന് കട്ടി കൂടി വീർത്ത് പമ്പിങ് കുറയുന്ന അപൂർവരോഗമായിരുന്നു. ശസ്ത്രക്രിയയ്ക്ക്‌ ആറുമാസത്തിനുശേഷം മുതൽ പലയിടത്തും ജോലി തേടിയെങ്കിലും ആരും നൽകിയില്ല. ഇപ്പോൾ വാടകയ്ക്കാണ് താമസിക്കുന്നത്.ഒപ്പം ഒരാൾ വേണമെന്നതിനാൽ ഭാര്യ സിനി ജോലിക്ക് പോകുന്നില്ല. മാസം മരുന്നിന് 17,000 രൂപയാകും. കോഴിക്കോട് ആശുപത്രിയിൽ പോയിവരുന്നതിന് 30,000 രൂപയും. വിദ്യാർഥികളായ രണ്ട് മക്കളുടെ പഠനച്ചെലവ് ഉൾപ്പെടെ നടക്കണം. ചികിത്സയ്ക്കും ശസ്ത്രക്രിയക്കുമായി 60 ലക്ഷം ചെലവഴിച്ചു. മനസ്സില്ലാമനസോടെ കടം വാങ്ങിയാണ് ജീവിതമിപ്പോൾ മുന്നോട്ട് നീക്കുന്നത്. സ്വന്തമായി കട തുടങ്ങണമെന്നാണ് അശോകിന്റെ ആഗ്രഹം.

2006-ൽ അടൂരിലെ കളർലാബിൽ മാനേജർ ആയിരുന്നു അശോക്. പിന്നീട് സ്റ്റുഡിയോയും വീഡിയോ എഡിറ്റിങ് ലാബുമായി മൂന്നു സ്ഥാപനങ്ങൾ ആരംഭിച്ചു. 2016-ൽ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങി. ഹൃദയം മാറ്റിവെക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഇതിനിടെ, 2022-ൽ സ്വന്തം സ്ഥാപനങ്ങൾ എല്ലാംപൂട്ടി. സുഹൃത്തുക്കൾ സാമൂഹിക മാധ്യമത്തിലൂടെ ഉൾപ്പെടെ ധനസമാഹരണം നടത്തി 35 ലക്ഷം രൂപയുണ്ടാക്കി. മൃതസഞ്ജീവനിയിൽ പേരും രജിസ്റ്റർചെയ്തു. കോഴിക്കോട് മെട്രോമെഡ് ആശുപത്രിയിൽ ചെക്കപ്പിന് പോയദിവസമാണ് തനിക്ക് യോജിച്ച ഹൃദയം തയ്യാറാണെന്ന് അശോക് അറിയുന്നത്. വൈകാതെ അവിടെ ശസ്ത്രക്രിയ നടന്നു. അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി വിഷ്ണുവിന്റെ ഹൃദയമാണ് ലഭിച്ചത്. വിഷ്ണുവിന്റെ അമ്മ സജന സ്വന്തം മകനെപ്പോലെയാണ് പിന്നീട് അശോകിനെ കരുതിയത്. കഴിഞ്ഞ ഏപ്രിലിൽ അർബുദബാധിതയായി മരിച്ച സജനയുടെ ചിതയ്ക്ക് തീകൊളുത്തിയത് അശോകായിരുന്നു.

(അശോക് വി നായർ
Ac. 11360100317671
Federal bank. Parakode branch. 
Ifsc. Fdrl 0001136

Gpay - 7012848445)

സാധാരണ ജീവിതത്തിലേക്ക് പെട്ടെന്നു മടങ്ങാം

:ഹൃദയം മാറ്റിവെച്ചവർക്ക് മൂന്നുമാസത്തെ പൂർണവിശ്രമമാണ് പറയുന്നത്. ആറുമാസത്തിനുമുമ്പ് തന്നെ ഓഫീസ് ജോലി പോലെ ആയാസരഹിതമായ ജോലി ചെയ്തുതുടങ്ങാം. സാധാരണ ജീവിതത്തിലേക്ക് പെട്ടെന്നു മടങ്ങാനാകും.

-ഡോ.വി. നന്ദകുമാർ (ഡയറക്ടർ, കാർഡിയോ വാസ്കുലർ സർജറി, മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്റർ, കോഴിക്കോട്)

Content Highlights: Ashok V. Nair, a heart transplant recipient, is finding it difficult to get back on his feet financi