സ്ത്രീകളിലെ ഹൃദ്രോഗ മരണനിരക്ക്; ഹോർമോൺ വ്യതിയാനങ്ങൾ അപകടസാധ്യത കൂട്ടുമെന്ന് വിദഗ്ധർ

ലോകമെമ്പാടുമുള്ള സ്ത്രീകളുടെ മരണകാരണങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള രോഗമാണ് ഹൃദ്രോഗം. അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളിൽ ഈ ഭീഷണി ഗണ്യമായി വർധിക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നത്. ഈ അപകടസാധ്യതയെ മുൻകൂട്ടി നേരിടുകയെന്ന ലക്ഷ്യത്തോടെ
സ്ത്രീകളുടെ ഹൃദയാരോഗ്യം കാക്കാൻ മാർഗരേഖ പുറത്തിറക്കിയിരിക്കുകയാണ് നാല് പ്രധാന വൈദ്യശാസ്ത്ര സംഘടനകൾ. ആർത്തവകാലം മുതൽ ആർത്തവവിരാമം വരെ സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ ഹൃദയാരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെയെന്ന് വിശകലനം ചെയ്യുകയായിരുന്നു ഗവേഷകർ. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ, അമേരിക്കൻ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സ്, അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, സൊസൈറ്റി ഫോർ മെറ്റേണൽ-ഫീറ്റൽ മെഡിസിൻ എന്നിവ സംയുക്തമായാണ് മാർഗരേഖ പുറത്തിറക്കിയത്.
ആർത്തവം, ഗർഭധാരണം, ആർത്തവവിരാമത്തിന് തൊട്ടുമുമ്പുള്ള കാലഘട്ടം (പെരിമെനോപോസ്), ആർത്തവവിരാമം (മെനോപോസ്) തുടങ്ങിയ ജൈവിക മാറ്റങ്ങൾ സ്ത്രീകളുടെ ഹൃദയാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നാണ് ഗവേഷകർ നിരീക്ഷിച്ചത്. പ്രായമാകുമ്പോൾ മാത്രമല്ല ഹൃദ്രോഗവും മറ്റ് ഹൃദയസംബന്ധമായ രോഗങ്ങളും പ്രസക്തമാകുന്നത് എന്ന് കരുതരുതെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു. പുതിയ സമീപനത്തിലൂടെ ഡോക്ടർമാർക്ക് അപകടസാധ്യത നേരത്തെ തിരിച്ചറിയാനും പ്രതിരോധം എളുപ്പമാക്കാനും ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയസ്തംഭനം എന്നിവ ഉണ്ടാകുന്നത് തടയാനും കഴിയുമെന്നാണ് കരുതുന്നത്.
ഈസ്ട്രജൻ, എസ്ട്രാഡിയോൾ, പ്രൊജസ്ട്രോൺ തുടങ്ങിയ ഹോർമോണുകൾ രക്തക്കുഴലുകൾ, മസ്തിഷ്കം, ഹൃദയപേശികൾ എന്നിവയിലെ കോശങ്ങളെ സ്വാധീനിക്കുമെന്നും അവയിലെ വ്യതിയാനം കൊളസ്ട്രോൾ നില, വീക്കം, രക്തസമ്മർദം, തുടങ്ങിയവയ്ക്കും ക്രമേണ ഹൃദ്രോഗങ്ങൾക്കും കാരണമാകുമെന്ന് ഗവേഷകർ പറയുന്നു. പലരും കരുതുന്നത് ഈ ഹോർമോണുകൾ ഗർഭപാത്രം, അണ്ഡാശയം, ഫാലോപിയൻ ട്യൂബുകൾ എന്നിവയെ മാത്രം ബാധിക്കുന്നവയാണെന്നാണ്, അങ്ങനെയല്ലെന്നും ഹൃദയത്തിന്റെയും മസ്തിഷ്കത്തിന്റെയും എല്ലാ ഭാഗങ്ങളെയും ബാധിക്കുന്നവയാണെന്നെന്നും ഗവേഷകർ പറയുന്നു.
സ്ത്രീകളുടെ ജീവിതകാലത്തെ നാലുഘട്ടങ്ങളാക്കി തിരിച്ചാണ് ഗവേഷകർ ഹൃദ്രോഗസാധ്യത വിലയിരുത്തിയത്. എട്ടുമുതൽ പതിനഞ്ചുവയസ്സുവരെയുള്ള പെരിമെനാർക്ക് ഘട്ടമാണിത്. ആദ്യ ആർത്തവത്തോട് അനുബന്ധിച്ചുള്ള മാറ്റങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.
10 വയസ്സിനു മുമ്പ് ആദ്യ ആർത്തവമുണ്ടാകുന്നത് പിൽക്കാലത്ത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്ന് പല പഠനങ്ങളും പറയുന്നുണ്ട്. വിട്ടുമാറാത്തതോ, ക്രമരഹിതമായതോ ആയ ആർത്തവ രക്തസ്രാവം, പോളിഎൻഡോക്രൈൻ മെറ്റബോളിക് ഒവേറിയൻ സിൻഡ്രോം (മുൻപ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ PCOS എന്നറിയപ്പെട്ടിരുന്നു) പോലുള്ളവ കരുതലോടെ കാണണം. ഹൃദയാരോഗ്യം നിലനിർത്താനും ഭക്ഷണരീതിയും ജീവിതശൈലിയും ചിട്ടയാർന്നത് തുടരേണ്ടത് പ്രധാനമാണെന്ന് വ്യക്തമാക്കുകയാണ് ഗവേഷകർ.
പതിനഞ്ചു മുതൽ നാൽപ്പത്തിനാലു വരെയുള്ള ആർത്തവ, ഗർഭധാരണ കാലമാണ് രണ്ടാം ഘട്ടത്തിലുള്ളത്. അണ്ഡോത്പാദനവും ഗർഭധാരണം നടക്കുന്ന കാലയളവാണിത്. പ്രീഎക്ലാംപ്സിയ എന്ന് വിളിക്കപ്പെടുന്ന ഗർഭകാലത്തെ ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഗർഭകാല പ്രമേഹം എന്നിവ പിൽക്കാലത്ത് ഹൃദ്രോഗത്തിനുള്ള സാധ്യത വർധിപ്പിക്കാം. ഗർഭിണികളായ സ്ത്രീകളിൽ 20% വരെ ബാധിക്കുന്ന പെരിനാറ്റൽ വിഷാദവും ഉത്കണ്ഠയും ഹൃദയസംബന്ധമായ സങ്കീർണ്ണതകൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടുമെന്നും വിലയിരുത്തലുണ്ട്.
നാൽപ്പത്തിയഞ്ചിനും അമ്പത്തിയൊന്നിനും ഇടയിൽ വരുന്ന പെരിമെനോപോസ് ഘട്ടമാണ് മൂന്നാമത്തേത്. ആർത്തവവിരാമത്തിന് തൊട്ടുമുമ്പുള്ള പരിവർത്തന ഘട്ടമാണിത്. ഈ കാലത്ത് ഹോർമോൺ നിലയിൽ വ്യതിയാനമുണ്ടാവുന്നതിനൊപ്പം ചീത്ത കൊളസ്ട്രോൾ കൂടുക,
ശരീരഭാരം വർധിക്കുക, രക്തസമ്മർദ്ദം ഉയരുക തുടങ്ങിയവയ്ക്കും കാരണമാകും. ഇവയെല്ലാം ഹൃദ്രോഗസാധ്യത കൂട്ടും. കൂടാതെ
ഈസ്ട്രജന്റെ അളവ് കുറയാൻ തുടങ്ങുന്നതും ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയവ വരാനുള്ള സാധ്യത കൂട്ടും.
51-ന് മുകളിൽ പ്രായമുള്ള ആർത്തവവിരാമത്തിന് ശേഷമുള്ള കാലഘട്ടമാണ് നാലാമത്തേത്. തുടർച്ചയായി 12 മാസം ആർത്തവം വരാതിരുന്നതിന് ശേഷമാണ് സ്ത്രീകൾ ഈ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. ഈസ്ട്രജന്റെ അളവ് കുത്തനെ കുറയുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ അപകടസാധ്യത കൂട്ടും. 45 വയസ്സിനു മുമ്പ് ആർത്തവവിരാമം സംഭവിക്കുന്ന സ്ത്രീകൾ കൂടുതൽ ശ്രദ്ധിക്കണം. ഓരോ കാലഘട്ടത്തിലും ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തി ഹൃദ്രോഗസാധ്യത കുറയ്ക്കാമെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.
ലക്ഷണങ്ങൾ ശ്രദ്ധിക്കാം
ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണം നെഞ്ചുവേദനയാണ്. സ്ത്രീകളിലും പുരുഷന്മാരിലും ഇത് ഒരേപോലെയാണെങ്കിലും, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഹൃദയാഘാതവുമായി ബന്ധമില്ലെന്ന് തോന്നാവുന്ന ലക്ഷണങ്ങൾ പ്രകടമാകാനുള്ള സാധ്യത കൂടുതലാണ്. ഹൃദയാഘാതവുമായി ബന്ധപ്പെട്ട നെഞ്ചുവേദനയെ സ്ത്രീകൾ പലപ്പോഴും സമ്മർദ്ദം മൂലമാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്.
നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം സംഭവിക്കാമെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഹൃദയാഘാതത്തിന്റെ താഴെ പറയുന്ന ലക്ഷണങ്ങൾ കൂടുതലായി കാണപ്പെടും.
- കഴുത്ത്, താടിയെല്ല്, തോൾ, വയറിന്റെ മുകൾ ഭാഗം എന്നിവിടങ്ങളിൽ വേദന.
- ശ്വാസതടസ്സം.
- കൈകളിൽ വേദന.
- ഓക്കാനം അല്ലെങ്കിൽ ഛർദ്ദി.
- വിയർക്കുക.
- തലകറക്കം അല്ലെങ്കിൽ തലയ്ക്ക് ഭാരക്കുറവ് തോന്നുക.
- അസാധാരണമായ ക്ഷീണം.
- നെഞ്ചെരിച്ചിൽ, ദഹനക്കേട്.
ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?
ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾ തന്നെ എടുത്തേക്കാം. ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികൾ ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല.
പ്രാഥമിക പരിശോധനയിൽനിന്ന് ഹൃദ്രോഗ സാധ്യതകൾ തിരിച്ചറിയാൻ പോലും യഥാർഥത്തിൽ കഴിയുകയില്ല. എന്നാൽ ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോൾ നമുക്ക് തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. വളരെ ക്ലാസിക്കൽ ആയ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോൾ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു.
എന്നാൽ, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ച് മുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ട് അടയ്ക്കൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചിൽ പ്രശ്നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.
Content Highlights: Experts evaluate how hormonal changes from menstruation to menopause increase heart disease risk in women, urging proactive heart health measures.