ഹൃദ്രോഗം ഗ്യാസ് ആയി തെറ്റിദ്ധരിക്കരുത്; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം, ചികിത്സ വൈകരുത്

പൊതുവായി ഹൃദ്രോഗങ്ങളുടെ കാര്യത്തിലുണ്ടാകുന്ന ലക്ഷണങ്ങൾ മറ്റ് പല രോഗങ്ങളുടേതും അവസ്ഥകളുടേതുമായി സമാനമാണ്. അതിൽത്തന്നെ ഏറ്റവും കൂടുതലായി കാണുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഹൃദ്രോഗത്തെ ഗ്യാസ് ആയി തെറ്റിദ്ധരിക്കുന്നത്. സത്യത്തിൽ, ഏകദേശം ഒരേപോലെയുള്ള ലക്ഷണങ്ങളുണ്ടെന്നതൊഴിച്ചാൽ ഈ രണ്ട് അവസ്ഥകളും തമ്മിൽ യാതൊരു സാമ്യവുമില്ല.
ഗ്യാസിന്റെ പ്രശ്നം വളരെ അസ്വസ്ഥതയുണ്ടാക്കുമെങ്കിലും സാധാരണയായി അപകടകരമാകാറില്ല. അത് തനിയെ മാറുകയും ചെയ്യും. എന്നാൽ ഹൃദയസംബന്ധമായ പ്രശ്നം ഒരു അടിയന്തര വൈദ്യസഹായം ആവശ്യമുള്ള അവസ്ഥയാണ്. ചികിത്സിച്ചില്ലെങ്കിൽ അത് മരണകാരണമായേക്കാം. പലപ്പോഴും ഒരേപോലെ അനുഭവപ്പെടുന്ന ഈ രണ്ട് അവസ്ഥകളെയും എങ്ങനെ തിരിച്ചറിയാം എന്ന് പരിശോധിക്കാം.
വേദനയിലെ മാറ്റം
ഗ്യാസ് മൂലമുള്ള വേദന സാധാരണയായി വയറിന്റെ മുകൾ ഭാഗത്തും നെഞ്ചിന്റെ താഴ്ഭാഗത്തുമാണ് ഉണ്ടാകുന്നത്. ഇത് പുകച്ചിലോ, കോച്ചിപ്പിടുത്തമോ ആയി അനുഭവപ്പെട്ടേക്കാം. ശരീരം ചലിപ്പിക്കുമ്പോൾ വേദനയുടെ സ്ഥാനം മാറാനും സാധ്യതയുണ്ട്. വയറുവീർക്കുന്നത്, ഏമ്പക്കം, കീഴ്‌വായു എന്നിവ ഗ്യാസിന്റെ വേദനയുടെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഏമ്പക്കം വിടുകയോ മലവിസർജ്ജനം നടത്തുകയോ ചെയ്യുമ്പോൾ ഈ ലക്ഷണങ്ങൾക്ക് ശമനമുണ്ടാകാറുമുണ്ട്.
എന്നാൽ, ഹൃദയാഘാതത്തിന്റെ വേദന നെഞ്ചിന്റെ നടുവിലായി എന്തോ ഭാരം കയറ്റിവെച്ചതുപോലെയോ, ഞെരുക്കുന്നതുപോലെയോ അനുഭവപ്പെട്ടേക്കാം. ഇതല്ലെങ്കിൽ, മുറുക്കം പോലെ കഠിനമായ സമ്മർദ്ദമനുഭവപ്പെടുന്നതും ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്. ഹൃദയാഘാതത്തിന്റെ വേദന ഇടത് കൈ, താടിയെല്ല്, കഴുത്ത്, പുറം എന്നിവിടങ്ങളിലേക്ക് വ്യാപിച്ചേക്കാം. ശരീരത്തിന്റെ പല ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന വേദന ഹൃദയാഘാതത്തിന്റെ പ്രധാന സൂചനയാണ്. ഹൃദയാഘാതത്തിന്റെ അസ്വസ്ഥത സ്ഥിരമായി നിലനിൽക്കുകയും ചെയ്യും.
ഗ്യാസിന്റെ ലക്ഷണങ്ങൾ
- വയറുവീർപ്പ്
- വായുകോപം
- നേരിയ ദഹനക്കേട്
- ചെറിയ വയറുവേദന
- വയറുനിറഞ്ഞ അവസ്ഥ
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ
- കഠിനമായ ശ്വാസംമുട്ടൽ
- തണുത്ത വിയർപ്പ്
- തലകറക്കം അല്ലെങ്കിൽ മയക്കം
- ഓക്കാനം അല്ലെങ്കിൽ ഛർദ്ദി
- കൈകളിലോ കാലുകളിലോ ബലഹീനത
- നെഞ്ചുവേദന
- അസാധാരണമായ ക്ഷീണം
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Don`t mistake heart attack symptoms for gas. Learn to recognize crucial signs like chest pain, shortness of breath, and radiating pain to avoid delayed treatment. Act fast!