ഇടയ്ക്കിടെ മൂത്രശങ്ക, പുകച്ചിൽ; മൂത്രനാളിയിലെ അണുബാധയെ അവഗണിക്കരുത്, ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

എ.ഐ. നിർമിത ചിത്രം
എ.ഐ. നിർമിത ചിത്രം

രാജ്യത്ത് ഒട്ടേറെപ്പേരെ ബാധിച്ചിട്ടുള്ള ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ അഥവാ യുടിഐ. 30 ശതമാനത്തിലധികം ആളുകൾക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. വെള്ളം കുടിക്കുന്നത് കുറയുന്നതുമൂലം മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സാധാരണ പുകച്ചിലായി വിഷയത്തെ പലരും തള്ളിക്കളയുന്നു. അണുബാധയുടെ പ്രാരംഭ ലക്ഷണങ്ങൾ തള്ളിക്കളയുന്നതും കൃത്യമായ ചികിത്സ ഉറപ്പാക്കാത്തതും മൂത്ര രോഗാണുബാധയെ കൂടുതൽ സങ്കീർണ്ണമാക്കാറുണ്ട്.

എന്താണ് യുടിഐ?

വൃക്കകൾ, മൂത്രാശയങ്ങൾ, മൂത്രസഞ്ചി, മൂത്രനാളി എന്നിവയുൾപ്പെടെ മൂത്രാശയ വ്യവസ്ഥയുടെ ഏതെങ്കിലും ഭാഗത്തേക്ക് ബാക്ടീരിയ കടന്നുകയറുമ്പോൾ ഉണ്ടാകുന്ന അണുബാധയാണ് മൂത്രരോഗാണുബാധ. പുരുഷന്മാരിലും സ്ത്രീകളിലും ഈ അണുബാധ ഉണ്ടാകുമെങ്കിലും ശരീരഘടനാപരമായ വ്യത്യാസങ്ങൾ കാരണം സ്ത്രീകൾക്ക് അപകടസാധ്യത വളരെ കൂടുതലാണ്. യുടിഐ ഏറ്റവും കൂടുതൽ ബാധിക്കുന്നത് 20-നും 50-നും ഇടയിൽ പ്രായമുള്ളവരെയാണ്.

ലക്ഷണങ്ങൾ

  • മൂത്രമൊഴിക്കുമ്പോൾ അനുഭവപ്പെടുന്ന പുകച്ചിൽ
  • കലങ്ങിയതോ രൂക്ഷഗന്ധമുള്ളതോ ആയ മൂത്രം
  • രോഗം മൂർച്ഛിക്കുമ്പോൾ, രക്തത്തിന്റെ അംശം കാരണം മൂത്രത്തിന് പിങ്ക് നിറം കാണപ്പെടാം.
  • അടിക്കടി മൂത്രമൊഴിക്കാൻ തോന്നുന്നത്. എന്നാൽ ഓരോ തവണയും കുറഞ്ഞ അളവിൽ മാത്രം മൂത്രം പുറത്തുപോകുന്നു.
  • ഇടുപ്പിലോ അടിവയറ്റിലോ ഒരുതരം ഭാരമോ അസ്വസ്ഥതയോ അനുഭവപ്പെടുക.
  • നടുവേദന

പലപ്പോഴും ആളുകളുടെ ദൈനംദിന ശീലങ്ങളാണ് ഈ രോഗത്തിന് വഴിയൊരുക്കുന്നത്. ദീർഘനേരം മൂത്രം പിടിച്ചുവെക്കുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, ഇറുകിയതും കാറ്റ് കടക്കാത്തതുമായ വസ്ത്രങ്ങൾ ധരിക്കുക എന്നിവ ബാക്ടീരിയകൾക്ക് വളരാൻ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നു. ടോയ്‌ലറ്റിലെ ശുചിത്വമില്ലായ്മയും രോഗത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു.

മുൻകരുതൽ സ്വീകരിക്കാം

  • ധാരാളം വെള്ളം കുടിക്കുക: ഇത് സ്വാഭാവികമായി ബാക്ടീരിയകളെ പുറന്തള്ളാൻ സഹായിക്കുന്നു.
  • കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
  • കൂടുതൽ നേരം മൂത്രം പിടിച്ചു വെക്കുന്നത് ഒഴിവാക്കുക.
  • ആൻറിബയോട്ടിക്കുകളുടെ മുഴുവൻ കോഴ്‌സും പൂർത്തിയാക്കുക: ഇത് ആവർത്തിച്ചുള്ള അണുബാധകളും മരുന്നുകളോടുള്ള പ്രതിരോധവും തടയുന്നു.

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)

Content Highlights: Urinary Tract Infections: Understanding Symptoms, Causes, and Prevention