ചൂടിൽനിന്ന് നേരെ എസി റൂമിലേക്ക് കയറേണ്ട, പണികിട്ടും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

അന്തരീക്ഷത്തിലെ അതിതീവ്രമായ ചൂട് കാരണമിപ്പോൾ പല ആരോഗ്യപ്രശ്‌നങ്ങളും നേരിടുന്നവരാണ് നമ്മൾ. ധാരാളം വെള്ളം കുടിച്ചും ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിച്ചുമെല്ലാം അവയിൽനിന്ന് രക്ഷനേടാൻ ശ്രമിക്കുന്നതിനിടയിൽ വിട്ടുപോകരുതാത്ത ഒരു കാര്യമുണ്ട്.
വെയിലത്ത് സമയം ചെലവഴിച്ച ശേഷം എയർ കണ്ടീഷൻ ചെയ്ത മുറികളിലേക്ക് പ്രവേശിക്കുന്നത് പലപ്പോഴും പെട്ടെന്നുള്ള ആശ്വാസം നൽകുന്നു. എന്നാൽ നിരുപദ്രവകരമെന്ന് തോന്നുന്ന ശീലത്തിനെതിരെ മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യവിദഗ്ധർ. അതിശക്തമായ പുറത്തെ ചൂടിൽ നിന്ന് പെട്ടെന്ന് തണുത്ത അന്തരീക്ഷത്തിലേക്ക് മാറുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്‌തേക്കാം, പ്രത്യേകിച്ച് ശരീരത്തിന്റെ സ്വാഭാവിക താപനില നിയന്ത്രണ സംവിധാനത്തിന്.
വിയർപ്പ്, രക്തക്കുഴലുകളുടെ വികാസം തുടങ്ങിയ പ്രക്രിയകളിലൂടെ മനുഷ്യശരീരം സ്ഥിരമായി ആന്തരിക താപനില നിലനിർത്താൻ ശ്രമിക്കുന്നു. വളരെ തണുത്ത വായുവിലേക്ക് പെട്ടെന്ന് എത്തുന്നത് ഈ സംവിധാനങ്ങളെ തകരാറിലാക്കാൻ സാധ്യതയുണ്ട്. ഇത് തലവേദന, തൊണ്ടയിലെ അസ്വസ്ഥത, മൂക്കടപ്പ്, ചില വ്യക്തികളിൽ ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമായേക്കാം.
ഉടനടിയുള്ള അസ്വസ്ഥതകൾക്ക് പുറമെ, എയർ കണ്ടീഷണറിന്റെ ദീർഘകാലമോ അനുചിതമോ ആയ ഉപയോഗം ഇൻഡോർ അന്തരീക്ഷത്തെ അമിതമായി വരണ്ടതാക്കാനും ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ വർധിപ്പിക്കാനും ഇടയാക്കും. ആഗോള ആരോഗ്യ ഏജൻസികൾ പറയുന്നതനുസരിച്ച്, താപനില മാറ്റങ്ങൾ, ഇൻഡോർ വായുവിന്റെ ഗുണമേന്മ തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങൾ ശ്വാസകോശ സംബന്ധമായ ആരോഗ്യത്തെയും മൊത്തത്തിലുള്ള ക്ഷേമത്തെയും സ്വാധീനിക്കുന്നു.
'ചൂടുള്ള സ്ഥലത്തുനിന്ന് നിന്ന് തണുത്തുറഞ്ഞ ഇൻഡോർ താപനിലയിലേക്ക് പോകുന്നത് ശരീരത്തിന്റെ തെർമോറെഗുലേഷന് സമ്മർദം ചെലുത്തും. സമീപകാല ക്ലിനിക്കൽ നിരീക്ഷണങ്ങളിൽ, പെട്ടെന്നുള്ള തണുപ്പ് തലവേദന, മൂക്കടപ്പ്, തൊണ്ടയിൽ അസ്വസ്ഥത, അല്ലെങ്കിൽ ആസ്തമ, സൈനസ് സംബന്ധമായ പ്രശ്‌നങ്ങളെ പ്രകോപിപ്പിക്കാം എന്നും പറയപ്പെടുന്നുണ്ട് എന്നാണ് ബാംഗ്ലൂരിലെ ആസ്റ്റർ വൈറ്റ്ഫീൽഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ്-ഇന്റേണൽ മെഡിസിൻ ഡോ. ബസവരാജ് എസ്. കുമ്പർ എൻഡിടിവിയോട് വിശദമാക്കുന്നത്.
എന്തെല്ലാം ശ്രദ്ധിക്കാം
തണുത്ത മുറിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വെയിലത്തുനിന്ന് വന്നാൽ അൽപസമയം വിശ്രമിക്കാം. ശേഷം ശീതീകരിച്ച മുറിയിലേക്ക് കയറാം. ഇത് അമിതമായ താപ സമ്മർദം ഒഴിവാക്കുന്നു. വിയർപ്പ് പോലുള്ള ചൂടിനോട് പൊരുത്തപ്പെടുന്ന പ്രക്രിയകളെ ശരീരം സാവധാനത്തിൽ റിവേഴ്‌സ് ചെയ്യാൻ സഹായിക്കുകയും രക്തക്കുഴലുകളുടെ പെട്ടെന്നുള്ള ചുരുക്കം തടയുകയും ചെയ്യും. ഹൈഡ്രേഷൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉയർന്ന താപനില നിർജലീകരണത്തിന് കാരണമാകും, ഇത് താപനില മാറ്റങ്ങളോട് ശരീരം പ്രതികരിക്കാനുള്ള കഴിവിനെ കൂടുതൽ വഷളാക്കുന്നു.
എസിയും അസുഖങ്ങളും
നീണ്ടനേരത്തെ എസി ഉപയോഗത്തിന് ശേഷം പലരിലും തൊണ്ടവേദന, വരണ്ട ചുമ, അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ഇത് പലപ്പോഴും അണുബാധകളായി തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെങ്കിലും, ഇവ സാധാരണയായി പാരിസ്ഥിതിക ഘടകങ്ങൾ മൂലമാണ് ഉണ്ടാകാറുള്ളത്.
എയർ കണ്ടീഷണറുകൾ വായുവിലെ ഈർപ്പം നീക്കം ചെയ്യുന്നു, ഇത് ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമാകും. സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) അനുസരിച്ച്, താഴ്ന്ന ഈർപ്പമുള്ള അന്തരീക്ഷം ശ്ലേഷ്മ സ്തരങ്ങളെ പ്രകോപിപ്പിക്കുകയും ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾക്ക് സാധ്യത വർധിപ്പിക്കുകയും ചെയ്യും.
മറ്റ് അപകടങ്ങൾ
താപനിലക്ക് പുറമെ, മോശം എസി പരിപാലനവും ഇൻഡോർ വായുവിന്റെ ഗുണമേന്മയെ ബാധിക്കാം. അഴുക്കുള്ള ഫിൽട്ടറുകൾ പൊടി, അലർജികൾ, സൂക്ഷ്മാണുക്കൾ എന്നിവക്ക് കാരണമാകും. ഇൻഡോർ വായു മലിനീകരണം ചിലപ്പോൾ പുറത്തെ വായുവിനേക്കാൾ ദോഷകരമാകും.
സുരക്ഷിതമായി എസി ഉപയോഗിക്കാം
- എസിയിൽ പ്രവേശിക്കുന്നതിന് മുമ്പ് മറ്റൊരിടത്ത് കുറച്ച് നേരം വിശ്രമിക്കുക
- എസിയുടെ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ നിലനിർത്തുക
- ശരീരത്തിന് നേരെ നേരിട്ടുള്ള എയർ ഫ്‌ലോ ഒഴിവാക്കുക
- ദിവസവും നന്നായി ഹൈഡ്രേറ്റ് ചെയ്യുക
- എസി ഫിൽട്ടറുകൾ പതിവായി വൃത്തിയാക്കുക
- അമിതമായ തണുപ്പ് ഒഴിവാക്കാൻ രാത്രിയിൽ സ്ലീപ്പ് മോഡ് ഉപയോഗിക്കുക
പ്രധാനമായി, പനി, ക്ഷീണം, അല്ലെങ്കിൽ വിട്ടുമാറാത്ത മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ, അവ അണുബാധയുടെ സൂചനയായിരിക്കാം. വർധിച്ചുവരുന്ന താപനിലയെ നേരിടാൻ എയർ കണ്ടീഷണറുകൾ അത്യാവശ്യമാണ്, എന്നാൽ നിങ്ങൾ അവ എങ്ങനെ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്.
(ശ്രദ്ധിക്കുക; ഈ ഉള്ളടക്കം പൊതുവായ വിവരങ്ങൾ നൽകാൻ മാത്രമാണ്. മെഡിക്കൽ അഭിപ്രായത്തിന് പകരമല്ല. കൂടുതൽ വിവരങ്ങൾക്കായി എപ്പോഴും ഒരു സ്‌പെഷ്യലിസ്റ്റെയോ അല്ലെങ്കിൽ നിങ്ങളുടെ ഡോക്ടറെയോ ബന്ധപ്പെടുക.)
Content Highlights: Sudden temperature changes disrupt the body's thermoregulation system., Rapid cooling can cause headaches, nasal congestion, and respiratory issues., AC units remove humidity, leading to dry throat and irritated mucus membranes., Always rest for a few minutes before entering a cooled environment., Maintain AC temperatures between 24-26 degrees Celsius for optimal health.