'അമിതവണ്ണം കുറയാൻ മരുന്ന് ഉപയോഗിച്ചു, അത് പറയാൻ നാണക്കേടില്ല'; എന്താണ് ഹൻസൽ മേത്ത ഉപയോഗിച്ച മൗൻജാരോ?

ഹൻസൽ മേത്ത| Photos: AFP, x.com/mehtahansal
ഹൻസൽ മേത്ത| Photos: AFP, x.com/mehtahansal

മിതവണ്ണം കുറയ്ക്കാനും ടൈപ്2 പ്രമേഹം നിയന്ത്രിക്കാനുമുള്ള യു.എസ്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എലി ലില്ലിയുടെ പ്രശസ്തമായ മരുന്ന് മൗൻജാരോ ഉപയോ​ഗിച്ചിരുന്നുവെന്ന് പ്രശസ്ത ബോളിവുഡ് സംവിധായകൻ ഹൻസൽ മേത്ത. അമിതവണ്ണം നേരിടുന്നതിൽ വലിയ മാറ്റം കൊണ്ടുവന്നേക്കാവുന്ന മരുന്നാണ് മൗൻജാരോ. വൈദ്യോപദേശപ്രകാരം സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്നതിൽ ലജ്ജിക്കേണ്ടതില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. 

വിദ​ഗ്ധരുടെ നിർദേശപ്രകാരം താൻ പ്രമേഹനിലയും വണ്ണവും കുറയ്ക്കാൻ മൗൻജാരോ ഉപയോ​ഗിച്ച് തുടങ്ങിയതായി നേരത്തെ ഹൻസൽ വ്യക്തമാക്കിയിരുന്നു. ഈ പോസ്റ്റ് ചൂണ്ടിക്കാട്ടി സംവിധായകൻ എന്തോ കുറ്റസമ്മതം നടത്തിയതുപോലെ ചിത്രീകരിക്കുന്ന ഒരു എക്സ് പോസ്റ്റിന് മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ കുറിച്ചത്. മൗൻജാരോയെ ഒരു വിവാദമരുന്നായി ചിത്രീകരിക്കാനുള്ള ശ്രമത്തിനെതിരേയും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. 

'ഇതുപോലുള്ള പോസ്റ്റുകൾ എഴുതുന്നതിലൂടെ, അമിതവണ്ണം എന്ന മഹാമാരിയെ നേരിടാൻ വലിയൊരു മാറ്റം കൊണ്ടുവന്നേക്കാവുന്ന ഒന്നിനെയാണ് നിങ്ങൾ അപമാനിക്കുന്നത്. ചെറിയ പ്രായത്തിൽ തന്നെ ആളുകളെ ബാധിക്കുകയും മരണത്തിനുവരെ കാരണമാക്കുകയും ചെയ്യുന്ന ഒന്നാണ് അമിതവണ്ണം. ഉത്തരവാദിത്വത്തോടെ വേണം ഇതേക്കുറിച്ച് സംസാരിക്കാൻ. വൈദ്യോപദേശത്തോടെ സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്നത് ഒരു കുറ്റമോ ലജ്ജിക്കേണ്ട കാര്യമോ അല്ല', അദ്ദേഹം കൂട്ടിച്ചേർത്തു. 

എന്താണ് മൗൻജാരോ?
സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് എലി ലില്ലി 'മൗൻജാരോ' ഇൻജക്ഷൻ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഡോക്ടറുടെ നിർദേശപ്രകാരം ആഴ്ചയിലൊരിക്കലാണ് മൗൻജാരോ ഇൻജക്ഷൻ എടുക്കേണ്ടത്. 5 മില്ലിഗ്രാം വയലും 2.5 മില്ലിഗ്രാം വയലുമാണ് ഇന്ത്യയിൽ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 5 മില്ലിഗ്രാം വയലിന് 4,375 രൂപയാണ് വില. 2.5 മില്ലിഗ്രാം വയലിന് 3,500 രൂപയും. 

നാച്യുറൽ ഇൻക്രെറ്റിൻ ഹോർമോണുകളായ ജിഐപി, ജിഎൽപി-1 എന്നിവയെ ആക്ടിവേറ്റ് ചെയ്യുകയാണ് 'മൗൻജാരോ' ഇൻജക്ഷൻ ചെയ്യുന്നത്. ഇത് ഡോക്ടറുടെ കുറിപ്പടിപ്രകാരം മാത്രം ഉപയോഗിക്കേണ്ട മരുന്നാണ്. യു.കെ.യിലും യൂറോപ്യൻ രാജ്യങ്ങളിലും 'മൗൻജാരോ' എന്ന ബ്രാൻഡിൽ തന്നെയാണ് എലി ലില്ലി ഈ മരുന്ന് വിൽക്കുന്നത്. യു.എസിൽ 'സെപ്ബൗണ്ട്' എന്നപേരിലും ഇതേ ഇൻജക്ഷൻ വിൽക്കുന്നുണ്ട്.

മരുന്നിനൊപ്പം ആരോ​ഗ്യകരമായ ഡയറ്റും വ്യായാമവും നിർബന്ധവുമാണ്. പൊതുവേ അമിതവണ്ണക്കാരിലും വണ്ണംമൂലമുള്ള ആരോ​ഗ്യപ്രശ്നങ്ങൾ നേരിടുന്നവരിലും പ്രമേഹനില നിയന്ത്രിക്കാൻ ടൈപ് 2 ഡയബറ്റിസ് രോ​ഗികളിലുമാണ് മരുന്ന് നൽകിവരുന്നത്. ഹോർമോണുകളേയും ചയാപചയ പ്രവർത്തനങ്ങളേയും ബാധിക്കുന്ന മരുന്നായതിനാൽ സ്വീകരിക്കുന്ന ഡോസിന്റെ കാര്യത്തിൽ ആരോ​ഗ്യവിദ​ഗ്ധന്റെ കൃത്യമായ മേൽനോട്ടം ഉണ്ടായിരിക്കേണ്ടതാണ്. 

ആരോ​ഗ്യകരമായ ശരീരം കാക്കാൻ ചില ടിപ്സ്

  • പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക. 
  • കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
  • പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
  • ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
  • ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
  • വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം. എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
  • ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
  • വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക. 
  • പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
  • ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
  • ടിവിയോ മൊബൈലോ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം.

Content Highlights: hansal-mehta-uses-mounjaro-for-weight-loss