മാസങ്ങൾക്കകം 10 കിലോ കുറഞ്ഞു, വണ്ണം കുറയ്ക്കാൻ മരുന്ന് സ്വീകരിക്കുന്നതിന് മടിയെന്തിന്!- സംവിധായകൻ

അമിതവണ്ണം കുറയ്ക്കാനും ടൈപ്2 പ്രമേഹം നിയന്ത്രിക്കാനുമുള്ള യു.എസ്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എലി ലില്ലിയുടെ പ്രശസ്തമായ മരുന്ന് മൗൻജാരോ ഇക്കഴിഞ്ഞ മാർച്ചിലാണ് ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. ഇപ്പോഴിതാ മൗൻജാരോയുടെ ഉപയോഗം തന്റെ ഭാരവും പ്രമേഹവും കുറച്ചതിനേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത സംവിധായകനായ ഹൻസൽ മേത്ത. തന്റെ ആരോഗ്യാവസ്ഥയേക്കുറിച്ചും വണ്ണം കുറയ്ക്കാനായി ചികിത്സാവഴികൾ തേടുന്നതിൽ ഇപ്പോഴും നിലനിൽക്കുന്ന പഴഞ്ചൻ നിലപാടുകളെ കുറിച്ചുമാണ് ഹൻസൽ മേത്ത പങ്കുവെച്ചിരിക്കുന്നത്.
വിദഗ്ധരുടെ നിർദേശപ്രകാരം താൻ പ്രമേഹനിലയും വണ്ണവും കുറയ്ക്കാൻ മൗൻജാരോ ഉപയോഗിച്ച് തുടങ്ങിയിരുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. ഒപ്പം പ്രോട്ടീൻ സമ്പന്നമായ ആഹാരം, മിതമായ തോതിൽ മധുരവും മദ്യവും, ദിവസേനയുള്ള വർക്കൗട്ട്, നന്നായി വെള്ളം കുടിക്കുക, 14-18 മണിക്കൂർ നീണ്ട ഇന്റർമിറ്റന്റ് ഫാസ്റ്റിങ്, നല്ല ഉറക്കം എന്നിങ്ങനെ ജീവിതശൈലിയിലും മാറ്റം വരുത്തിയിരുന്നുവെന്ന് ഹൻസൽ മേത്ത കുറിക്കുന്നു.
ഇത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്. കുറച്ച് മാസങ്ങൾക്കകം തന്നെ പത്തുകിലോയോളം കുറഞ്ഞു. പേശികൾ കരുത്താർന്നതായി, ഊർജം തിരിച്ചുപിടിക്കാനായി, പ്രമേഹനില സാധാരണ നിലയിലേക്കെത്തി. ഇത്തരം മരുന്നുകളോട് ഇപ്പോഴും അനാവശ്യമായ പിന്തിരിപ്പൻ നിലപാട് നിലനിൽക്കുന്നുണ്ട് എന്നതുകൊണ്ടാണ് താൻ തുറന്നുപറയാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. ലഭ്യമായ മാർഗങ്ങൾ ഉപയോഗിച്ച് ഉത്തരവാദിത്തത്തോടെയും വിദഗ്ധരുടെ മേൽനോട്ടത്തിലും ആരോഗ്യം നിലനിർത്തുന്നതിൽ നാണക്കേട് തോന്നേണ്ട കാര്യമില്ല. വണ്ണംകുറച്ചതിനു ശേഷമുള്ള ചിത്രങ്ങൾ സഹിതമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് എലി ലില്ലി 'മൗന്‍ജാരോ' ഇന്‍ജക്ഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ആഴ്ചയിലൊരിക്കലാണ് മൗന്‍ജാരോ ഇന്‍ജക്ഷന്‍ എടുക്കേണ്ടത്. 5 മില്ലിഗ്രാം വയലും 2.5 മില്ലിഗ്രാം വയലുമാണ് ഇന്ത്യയില്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 5 മില്ലിഗ്രാം വയലിന് 4,375 രൂപയാണ് വില. 2.5 മില്ലിഗ്രാം വയലിന് 3,500 രൂപയും.
നാച്യുറല്‍ ഇന്‍ക്രെറ്റിന്‍ ഹോര്‍മോണുകളായ ജിഐപി, ജിഎല്‍പി-1 എന്നിവയെ ആക്ടിവേറ്റ് ചെയ്യുകയാണ് 'മൗന്‍ജാരോ' ഇന്‍ജക്ഷന്‍ ചെയ്യുന്നത്. ഇത് ഡോക്ടറുടെ കുറിപ്പടിപ്രകാരം മാത്രം ഉപയോഗിക്കേണ്ട മരുന്നാണ്. യു.കെ.യിലും യൂറോപ്യന്‍ രാജ്യങ്ങളിലും 'മൗന്‍ജാരോ' എന്ന ബ്രാന്‍ഡില്‍ തന്നെയാണ് എലി ലില്ലി ഈ മരുന്ന് വില്‍ക്കുന്നത്. യു.എസില്‍ 'സെപ്ബൗണ്ട്' എന്നപേരിലും ഇതേ ഇന്‍ജക്ഷന്‍ വില്‍ക്കുന്നുണ്ട്.
മരുന്നിനൊപ്പം ആരോഗ്യകരമായ ഡയറ്റും വ്യായാമവും നിർബന്ധവുമാണ്. പൊതുവേ അമിതവണ്ണക്കാരിലും വണ്ണംമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരിലും പ്രമേഹനില നിയന്ത്രിക്കാൻ ടൈപ് 2 ഡയബറ്റിസ് രോഗികളിലുമാണ് മരുന്ന് നൽകിവരുന്നത്. ഹോർമോണുകളേയും ചയാപചയ പ്രവർത്തനങ്ങളേയും ബാധിക്കുന്ന മരുന്നായതിനാൽ സ്വീകരിക്കുന്ന ഡോസിന്റെ കാര്യത്തിൽ ആരോഗ്യവിദഗ്ധന്റെ കൃത്യമായ മേൽനോട്ടം ഉണ്ടായിരിക്കേണ്ടതാണ്.
ആരോഗ്യകരമായ ശരീരം കാക്കാൻ ചില ടിപ്സ്
- പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
- കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
- പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
- ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
- ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
- വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം. എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
- ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
- വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക.
- പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
- ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
- ടിവിയോ മൊബൈലോ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം.
Content Highlights: Hansal Mehta`s Mounjaro Weight Loss Journey