ലക്ഷണങ്ങൾ ആറുദിവസത്തിലേറെ നീണ്ടാൽ ചികിത്സ വൈകരുത്, കുട്ടികൾക്ക് കൂടുതൽ ശ്രദ്ധവേണം; H1N1 പ്രതിരോധം

രാജ്യത്ത് എച്ച്1എൻ1 ഫീവർ പടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ആരോഗ്യമുള്ള മുതിർന്നവരിൽ എച്ച്1എൻ1 സ്വയംഭേദമാകുമെങ്കിലും കുട്ടികളും പ്രായമായവരും പ്രത്യേക കരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങൾ നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സ തേടണമെന്നും എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെ വ്യക്തമാക്കി.
പനി, ചുമ, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം എന്നിവയാണ് അണുബാധയുടെ സാധാരണ ലക്ഷണങ്ങളെന്നും അഞ്ച് മുതൽ ആറ് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ചികിത്സ വൈകിക്കരുതെന്നും ആരോഗ്യവകുപ്പ് പങ്കുവെച്ച പോസ്റ്റിലുണ്ട്.
ചെറിയ കുട്ടികൾ, മുതിർന്നവർ, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർ കൂടുതൽ ജാഗ്രത പാലിക്കണം. ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയും ശ്രദ്ധിക്കണം. ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കാം. ചില രോഗികൾക്ക് ചെറിയ തോതിലുള്ള അസുഖം മാത്രമേ ഉണ്ടാകൂ എങ്കിൽ, മറ്റു ചിലർക്ക് കടുത്ത ക്ഷീണമോ വിട്ടുമാറാത്ത പനിയും ചുമയും ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്.
ചെറിയ കുട്ടികൾക്ക് ഫ്ലൂ പോലുള്ള ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായയും മൂക്കും മറയ്ക്കുക, ഇടയ്ക്കിടെ കൈകൾ കഴുകുക, അസുഖമുള്ളപ്പോൾ അടുത്ത ഇടപഴകൽ ഒഴിവാക്കുക എന്നിവ പാലിക്കുന്നതിലൂടെ രോഗവ്യാപനം തടയാനാവും.
ആരോഗ്യമുള്ള മുതിർന്നവർക്ക് കൃത്യമായ വിശ്രമത്തിലൂടെയും പരിചരണത്തിലൂടെയും എച്ച്1എൻ1-ൽ നിന്ന് പെട്ടെന്ന് സുഖം പ്രാപിക്കാൻ കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നിരുന്നാലും, കുട്ടികൾ, പ്രായമായവർ, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവരിലെ വിട്ടുമാറാത്ത ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
എന്താണ് എച്ച്1 എൻ1?
ഇൻഫ്ളുവൻസ വിഭാഗത്തിൽപ്പെട്ട വൈറസ് പനിയാണ് എച്ച്1 എൻ1. വായുവിലൂടെ പകരുന്ന വൈറസാണിത്. സാധാരണ വൈറൽ പനിക്കു സമാനമാണ് എച്ച്1 എൻ1 പനിയുടെ ലക്ഷണങ്ങൾ. ചില സാഹചര്യങ്ങളിൽ 100 ഡിഗ്രിക്കു മുകളിൽ പനി വരാം. കൂടാതെ ചുമ, തൊണ്ടവേദന, ശ്വാസതടസം, ചുമയ്ക്കുമ്പോൾ രക്തം തുപ്പുന്ന അവസ്ഥ, ശരീരവേദന, ഛർദ്ദി എന്നിവ ഉണ്ടാകുന്നു. പനി ബാധിച്ച 10 ശതമാനം ആളുകളിൽ ശക്തമായ ലക്ഷണങ്ങൾ ഉണ്ടാകാം. ഇവരിൽ അസാധാരണമായ പനി, ശ്വാസംമുട്ടൽ എന്നിവയൊക്കെ കാണാൻ സാധിക്കും. എന്നാ,ൽ മറ്റുള്ളവരിൽ ലക്ഷണങ്ങൾ വളരെ സാധാരണമാണ്. രോഗത്തിന് ഫലപ്രദമായ ചികിത്സ നിലവിൽ വൈദ്യശാസ്ത്രത്തിലുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം. രോഗികൾ പരിപൂർണ്ണ വിശ്രമം എടുക്കുക. പനിയുള്ളവർ ജനത്തിരക്കുള്ള സ്ഥലങ്ങളിൽ പോകാതിരിക്കുകയും വീട്ടിൽതന്നെ വിശ്രമിക്കുകയും വേണം. കൈകൾ സോപ്പ് ഉപയോഗിച്ച് കൂടെക്കൂടെ കഴുകുന്നത് രോഗം പകരാനുള്ള സാധ്യത കുറയ്ക്കും. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദ്ദം, കരൾ- വൃക്കരോഗങ്ങൾ തുടങ്ങിയവ ഉള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. ലക്ഷണങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദേശാനുസരണം മരുന്നു കഴിക്കുക. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗം വ്യാപിക്കാം അതിനാൽ അതീവ ജാഗ്രത പാലിക്കുക. യാത്രചെയ്യുന്നതും പൊതുസ്ഥലങ്ങളിൽ പോകുന്നതും പനി മാറുന്നതു വരെ ഒഴിവാക്കുക.
മരുന്നുകൾ
വൈറസിനെ നശിപ്പിക്കുന്ന ഒസൾട്ടാമിവിർ എന്ന മരുന്നാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. അസുഖം ബാധിച്ച ആളുകളുമായി സമ്പർക്കം പുലർത്തുന്നവരിൽ രോഗപ്രതിരോധത്തിനും ഈ മരുന്ന് നൽകാറുണ്ട്. ചികിത്സയ്ക്കായി അഞ്ചുദിവസത്തേക്കും പ്രതിരോധത്തിനായി 10 ദിവസത്തേക്കുമാണ് മരുന്ന് നൽകുന്നത്. ഡോക്ടറുടെ നിർദേശപ്രകാരംമാത്രം ഉപയോഗിക്കണം.
പ്രതിരോധം എങ്ങനെ?
വീടുകളിൽ
- രോഗലക്ഷണങ്ങളുള്ളവർ എത്രയും വേഗം വൈദ്യസഹായം തേടണം.
- രോഗലക്ഷണങ്ങൾ കുറയുന്നതുവരെ വീടുകളിൽത്തന്നെ തുടരണം. യാത്രകളും മറ്റും ഒഴിവാക്കുക.
- വീട്ടിലുള്ള മറ്റുള്ളവരുമായും പുറത്തുള്ളവരുമായുള്ള സമ്പർക്കം കഴിവതും കുറയ്ക്കുക
- കൈകൾ വൃത്തിയായി കഴുകുക. രോഗിയുമായി സമ്പർക്കം പുലർത്തുന്നവർ ഓരോ തവണയും കൈകഴുകാൻ മറക്കരുത്.
- രോഗബാധിത മേഖലകളിലേക്കുള്ള യാത്രകളും രോഗം ബാധിച്ചവരെ സന്ദർശിക്കുന്നതും പറ്റുമെങ്കിൽ ഒഴിവാക്കുക.
- ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മുഖവും കവർചെയ്യുക. രോഗാണുക്കൾ പകരാതിരിക്കാൻ ഇത് സഹായിക്കും.
- ആരോഗ്യവകുപ്പിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശങ്ങൾ കൃത്യമായി പാലിക്കുക
- ഗുരുതരമായ അസുഖത്തിന്റെ ലക്ഷണങ്ങൾ രോഗിയിൽ കണ്ടാൽ ഉടൻ ആശുപത്രിയിൽ എത്തിക്കുക
- അപകടസാധ്യത കൂടുതലുള്ള ആളുകൾക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുക.
സ്കൂളുകളിൽ
- രോഗം പടർന്നുപിടിക്കുന്ന സാഹചര്യമുണ്ടായാൽ സ്കൂൾ അസംബ്ലി അത്യാവശ്യമുള്ളപ്പോൾ മാത്രം നടത്തുക
- കുട്ടികളിൽ രോഗലക്ഷണങ്ങളുണ്ടോ എന്ന് അധ്യാപകർ ശ്രദ്ധിക്കണം
- അധ്യാപകർക്കോ മറ്റു ജീവനക്കാർക്കോ അസുഖം വന്നാൽ വീട്ടിൽത്തന്നെയായിരിക്കാൻ ശ്രദ്ധിക്കണം. രോഗലക്ഷണമുള്ളവർ സ്കൂളുകളിൽ പോകരുത്
- കുട്ടികൾ കൈ വൃത്തിയായി കഴുകുന്നത് ശീലമാക്കണം
- ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മറയ്ക്കാൻ പഠിപ്പിക്കണം
- ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ അടങ്ങിയ പോസ്റ്ററുകൾ സ്കൂളിൽ പ്രദർശിപ്പിക്കണം. കുട്ടികൾക്ക് വായിക്കാൻ ചെറിയ ലീഫ് ലെറ്റുകൾ കൊടുക്കണം.
Content Highlights: Union Health Ministry issues warning amid rising H1N1 cases., Children, elderly, and those with comorbidities need special care., Seek medical attention if symptoms persist beyond 5-6 days., Oseltamivir is used for treatment and prevention under medical guidance.