ജിമ്മിലെ ട്രെഡ്മില്ലിൽ ഓടുന്നതിനിടെ 49-കാരൻ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതമെന്ന് സംശയം

ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ നാൽപത്തിയൊമ്പതുകാരൻ കുഴഞ്ഞുവീണു മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം നടന്നത്. ജിമ്മിൽ ട്രെഡ്മില്ലിൽ ഓടുന്നതിനിടെയാണ് ബിർബൽറാം മേഘ്വാൾ എന്ന യുവാവ് മരിച്ചത്. ഉടൻ തന്നെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹികമാധ്യമത്തിൽ നിറയുന്നുണ്ട്. അസ്പാൽസർ ഗ്രാമത്തിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരുന്നു ബിർബൽറാം. ട്രെഡ്മില്ലിൽ ഓടുന്നതിനിടെ പെട്ടെന്ന് ബോധം നഷ്ടപ്പെട്ട് കുഴഞ്ഞുവീഴുന്നത് ദൃശ്യങ്ങളിൽ കാണാം.
ഹൃദയാഘാതമാണ് മരണകാരണമായതെന്നാണ് സംശയിക്കുന്നത്.
ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെയുള്ള കുഴഞ്ഞുവീണു മരണങ്ങളിൽ പലതിനും പിന്നിൽ ശരീരത്തിന് താങ്ങുന്നതിലേറെ വ്യായാമം ചെയ്യുന്നതാണെന്ന് വിദഗ്ധർ പറയുന്നുണ്ട്. യഥാർഥത്തിൽ വ്യായാമം നേരിട്ടല്ല ഹൃദയാഘാതത്തിനു കാരണമാകുന്നത്. മറിച്ച് ഹൃദ്രോഗങ്ങൾ തിരിച്ചറിയപ്പെടാതെപോവുകയും ചികിത്സിക്കാതിരിക്കുകയും ചെയ്യുകയും കഠിനമായ വ്യായാമം അപകടസാധ്യത കൂട്ടുകയുമാണ് ചെയ്യുന്നത്.
ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, പ്രമേഹം, അകാലമരണം തുടങ്ങിയവ പ്രതിരോധിക്കുന്നതിൽ വ്യായാമത്തിനു വലിയ പങ്കുണ്ട്. പക്ഷേ വ്യായാമം ചെയ്യുന്നരീതിയിലാണ് ശ്രദ്ധിക്കേണ്ടത്. ആഴ്ചയിൽ 150 മുതൽ 300 മിനിറ്റോളം മിതമായ വ്യായാമമാണ് മുതിർന്നവർ ചെയ്യേണ്ടത്. അല്ലെങ്കിൽ 75 മുതൽ 150 മിനിറ്റുവരെയുള്ള കഠിനമായ വ്യായാമമോ ആവാം. ഉദാസീനമായ ജീവിതശൈലി നയിക്കുകയും പൊടുന്നനെ അതികഠിനമായ വ്യായാമം ചെയ്യുകയും ചെയ്യുന്നത് ഹൃദയത്തെ തകരാറിലാക്കും
എല്ലാ ദിവസവും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക, പതിവായി എയ്റോബിക് വ്യായാമങ്ങൾ ചെയ്യുക, ആഴ്ചയിൽ 2-3 തവണ സ്ട്രെങ്ത് ട്രെയിനിങ് ചെയ്യുക, വ്യായാമത്തിന്റെ തീവ്രതയും ദൈർഘ്യവും ക്രമേണ വർദ്ധിപ്പിക്കുക, വിശ്രമത്തിനും ഉറക്കത്തിനും മുൻഗണന നൽകുക, ശരീരത്തിൽ നിന്നുണ്ടാകുന്ന മുന്നറിയിപ്പ് ലക്ഷണങ്ങൾ ശ്രദ്ധിക്കുക തുടങ്ങിയവയിലൂടെ അപകടസാധ്യത കുറയ്ക്കാനാവും.
വ്യായാമം ചെയ്യുംമുമ്പ് ശ്രദ്ധിക്കേണ്ടത്
- ഹൃദയത്തിന്റെയും മസ്തിഷ്കത്തിന്റെയുമൊക്കെ ചില പ്രശ്നങ്ങൾ ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ നമുക്കുണ്ടായേക്കാം. ഡോക്ടറുടെ, വിദഗ്ധപരിശീലകരുടെ നിർദേശത്തോടെയാവാം വ്യായാമങ്ങൾ.
- എല്ലാവരുടേയും ശരീരം ഒരുപോലെയല്ല. ഒന്നും ചെയ്യാതെയിരുന്ന് പെട്ടന്നൊരു ദിവസം കഠിനവ്യായാമത്തിലേക്ക് കടക്കുന്നത് അനാരോഗ്യം ഉണ്ടാക്കിയേക്കും. മാനസികമായുള്ള തയ്യാറെടുപ്പും ഇതിന് പ്രധാനമാണ്.
- ഏതുതരം വ്യായാമമാണെങ്കിലും പതിയെ ചെയ്യാൻ തുടങ്ങാം. നടത്തം, ഓട്ടം, നീന്തൽ, വിവിധതരം കളികൾ, ജിമ്മിലെ വ്യായാമങ്ങൾ തുടങ്ങിയവയെല്ലാം ഘട്ടംഘട്ടമായി ചെയ്യാം. മാംസപേശികളെയും സന്ധികളെയും ചെറിയ വ്യായാമത്തിലൂടെ ശക്തിപ്പെടുത്തുകയാണ് ആദ്യം വേണ്ടത്.
- ജിമ്മിലാണെങ്കിൽ ശരീരത്തെ ചെറിയ വ്യായാമങ്ങളിലൂടെ ഒരുക്കിയെടുത്ത ശേഷമേ സൈക്കിൾ, ട്രെഡ് മിൽ തുടങ്ങിയവയിലേക്ക് കടക്കാവൂ.
- പ്രഷർ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം ഉണ്ടാകാം. സ്ത്രീകളിലാണെങ്കിൽ കൂടുതലായി ഫൈബ്രോയിഡ്, പി.സി.ഒ.ഡി., തൈറോയിഡ് പ്രശ്നം ഒക്കെയുണ്ട്. ഡോക്ടറോടോ ട്രെയിനറോടോ ഫിസിയോ തെറാപ്പിസ്റ്റിനോടോ സംസാരിച്ചശേഷം അനുയോജ്യമായ വ്യായാമത്തിലേക്ക് കടക്കാം.
- നടുവേദന, മുട്ടുവേദന ഒക്കെ ഉള്ളവർ ഭാരമെടുക്കുന്നതുപോലുള്ള വ്യായാമങ്ങളിലേക്ക് കടക്കരുത്.
വാം അപ് നിർബന്ധം
- വ്യായാമത്തിന് മുൻപ് വാം അപ് നിർബന്ധമാണ്. കൈകാലുകൾക്ക് സ്ട്രെച്ചിങ് നൽകണം. അഞ്ചുമിനിറ്റ് വാംഅപ് ചെയ്തശേഷം വ്യായാമത്തിലേക്ക് കടക്കാം.
- വർക്ക്ഔട്ടിന് മുൻപ് പ്രീവർക്ക് ഔട്ട് മീൽസ് കഴിക്കാം.
- മധുരമില്ലാത്ത പഴമോ ജ്യൂസോ മതിയാകും.
- ആദ്യഘട്ടത്തിൽ ശരീരത്തെ വഴക്കമുള്ളതാക്കുന്ന വ്യായാമങ്ങളാണ് ചെയ്യേണ്ടത്. തുടർന്ന് ശരീരഭാരം കുറയ്ക്കുന്ന തീവ്രതയേറിയ വ്യായാമങ്ങൾ ചെയ്തുതുടങ്ങാം.
- അമിതഭാരമുള്ളവർ ഒരു പേഴ്സണൽ ട്രെയിനറുടെ കീഴിൽ പരിശീലനം ചെയ്യുന്നതാണ് നല്ലത്. വർക്ക്ഔട്ട്, ഭക്ഷണം എന്നിവയെക്കുറിച്ച് കൃത്യമായ നിർദേശം ലഭിക്കാൻ അത് നല്ലതാണ്.
- വ്യായാമത്തിനിടെ ക്ഷീണം തോന്നിയാൽ വിശ്രമിക്കുകയും ദാഹിക്കുമ്പോൾ ആവശ്യത്തിന് വെള്ളംകുടിക്കുകയും വേണം.
Content Highlights: A 49-year-old man dies from a heart attack while running on a treadmill in a Rajasthan gym, highlighting exercise-related risks.