ജീൻ പരിവർത്തനം കുട്ടികളിലെ ഓട്ടിസത്തിനു കാരണമാകാമെന്ന് പഠനം

തിരുവനന്തപുരം: മനുഷ്യരിലെ ഭ്രൂണവളർച്ചയുടെ ആദ്യഘട്ടങ്ങളിൽ കാണുന്ന ടി.എൽ.എക്‌സ്.-3 ജീനിൽ നടക്കുന്ന മാറ്റം ഓട്ടിസത്തിനു കാരണമാകാമെന്ന് ബ്രിക്-രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി(ആർ.ജി.സി.ബി.) പഠനം. മസ്തിഷ്‌കവളർച്ചയിൽ പ്രവർത്തനപരമായ അപാകതകൾക്കു കാരണമാകുന്ന കുട്ടികളിലെ ഓട്ടിസത്തിനു പാരിസ്ഥിതികവും ജനിതകവുമായ ഘടകങ്ങൾ കാരണമാകാം.
ആർ.ജി.സി.ബി.യിലെ ശാസ്ത്രജ്ഞനായ ഡോ. ജാക്‌സൺ ജെയിംസിന്റെ നേതൃത്വത്തിൽ ന്യൂഡൽഹിയിലെ സി.എസ്.ഐ.ആർ.ഐ.ജി.ഐ.ബി.യുമായി സഹകരിച്ചു നടത്തിയ പഠനത്തിലാണ് ഇത്തരം ജനിതകമാറ്റം കണ്ടെത്തിയത്. ഐ സയൻസ് ശാസ്ത്രജേണലിൽ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചു.
മാറ്റം സംഭവിച്ച ജീനുകൾക്ക് ഒരു ജീവിയുടെ സ്വഭാവത്തിൽ പ്രത്യക്ഷമായ വ്യത്യാസം വരുത്താനോ വരുത്താതിരിക്കാനോ ആവും. ശാരീരികചലനങ്ങൾ, സന്തുലിതാവസ്ഥ തുടങ്ങി വിവിധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന സെറിബെല്ലത്തിന്റെ വളർച്ചയെയും ടി.എൽ.എക്‌സ്.-3 ജീനിൽ നടക്കുന്ന മ്യൂട്ടേഷൻ നേരിട്ടു ബാധിക്കും.
ജനിതക എൻജിനീയറിങ് സാങ്കേതികവിദ്യയിലൂടെ ജനിതകമാറ്റം വരുത്തിയ ട്രാൻസ്‌ജെനിക് എലിയിലാണ് ആർ.ജി.സി.ബി. സംഘം ആദ്യം ഇതുസംബന്ധിച്ച പരീക്ഷണം നടത്തിയത്.
Content Highlights: gene mutation can cause autism study