എട്ടുമാസം ഗർഭിണിയായിരിക്കെ കടുത്ത തലവേദന, പരിശോധനയിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ; തുറന്നുപറഞ് നടി

​ഗാൽ ​ഗാഡറ്റ്
​ഗാൽ ​ഗാഡറ്റ്

ഗർഭിണിയായിരിക്കേ രക്തം കട്ടപിടിക്കുന്ന  സെറിബ്രൽ വീനസ് ത്രോംബോസിസ് (CVT) എന്ന അവസ്ഥയെ അതിജീവിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ഹോളിവു‍ഡ് നടി ഗാൽ ഗാഡറ്റ്. 2024-ൽ മകൾ ഒറിയെ എട്ടുമാസം ഗർഭിണിയായിരിക്കെയാണ് സങ്കീർണമായ സിവിടി എന്ന അവസ്ഥയുണ്ടായത്. 

കഴിഞ്ഞ വർഷം തന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായ ഒരു കാര്യമുണ്ടായെന്ന് പറഞ്ഞാണ് നടി അനുഭവം പങ്കുവെക്കുന്നത്. എട്ടുമാസം ഗർഭിണിയായിരുന്നു അപ്പോൾ. കുടുംബം, ജോലി തുടങ്ങിയ തിരക്കുകൾക്കിടെ കടുത്ത തലവേദന അനുഭവപ്പെട്ടപ്പോൾ ആദ്യം കാര്യമാക്കിയില്ല. എംആർഐ എടുക്കാമെന്ന് അമ്മ നിർദേശിച്ചതോടെയാണ് ആശുപത്രിയിൽ പോയതെന്ന് താരം പറയുന്നു. എംആർഐ എടുത്ത് തിരിച്ച് വീട്ടിലെത്തുന്നതിനിടെ ഉടൻ തന്നെ ആശുപത്രിയിലെത്തണമെന്ന് പറഞ്ഞ് ഡോക്ടറുടെ വിളിവന്നുവെന്ന് ഗാൽ ഗാഡറ്റ് പറയുന്നു.

ഉടൻ ആശുപത്രിയിലെത്തണം, കുറച്ച് സീരിയസാണ്. നിങ്ങളുടെ മസ്തിഷ്കത്തിൽ വലിയ രീതിയിൽ രക്തം കട്ടപിടിച്ചിട്ടുണ്ട് എന്നാണ് ഡോക്ടർ പറഞ്ഞതെന്ന് ഗാൽ ഗാഡറ്റ് ഓർക്കുന്നു. ആ സമയംതൊട്ട് തനിക്കൊന്നും മനസ്സിലായില്ല. മരിക്കാൻ പോവുകയാണോ എന്നു മാത്രമാണ് ചിന്തിച്ചത്. മരിക്കുന്നതിന് മുമ്പ് ഇങ്ങനെ ആയിരിക്കുമോ, അവർക്ക് തന്നെ രക്ഷിക്കാൻ കഴിയുമോ, കുഞ്ഞ് രക്ഷപ്പെടുമോ എന്നെല്ലാമായിരുന്നു ചിന്ത.

സിവിടി ആണെന്ന് സ്ഥിരീകരിച്ചതോടെ അടുത്ത മൂന്നുമണിക്കൂറിനുള്ളിൽ തന്നെ കുഞ്ഞിനെ പുറത്തെടുക്കുകയും അതിനുശേഷം മസ്തിഷ്കത്തിൽ രക്തം കട്ടപിടിച്ചതിനുള്ള സർജറിയും ചെയ്തു. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് കുഞ്ഞിനെ കണ്ടപ്പോൾ രണ്ട് സമ്മാനങ്ങൾ ലഭിച്ചതുപോലെയാണ് തോന്നിയത്. ഒന്ന് കുഞ്ഞ്, അടുത്തത് ജീവിതത്തിൽ രണ്ടാമതൊരു അവസരം കൂടി- നടി പറയുന്നു.

നേരത്തേയും ഇതേക്കുറിച്ച് ഗാൽ ഗാഡറ്റ് പങ്കുവെച്ചിട്ടുണ്ട്. സിവിടിയേക്കുറിച്ച് അവബോധം ഉണ്ടായിരിക്കണമെന്നും കരുതൽവേണമെന്നും താരം പറഞ്ഞിരുന്നു.

എന്താണ് സെറിബ്രൽ വീനസ് ത്രോംബോസിസ്

അപൂർവവും ഗൗരവകരവുമായ ആരോഗ്യപ്രശ്നമാണ് സെറിബ്രൽ വീനസ് ത്രോംബോസിസ്. മസ്തിഷ്കത്തിലെ രക്തധമനികളിൽ രക്തം കട്ടപിടിക്കുകയും രക്തപ്രവാഹം തടസ്സപ്പെടുകയും അതുവഴി സ്ട്രോക്ക്, വീക്കം, ബ്ലീഡിങ് തുടങ്ങിയവയ്ക്കും കാരണമായേക്കാവുന്ന അവസ്ഥയാണിത്. കടുത്ത തലവേദന, കാഴ്ച മങ്ങൽ, അപസ്മാരം, ശരീരത്തിന്റെ ഒരുഭാഗത്ത് അനുഭവപ്പെടുന്ന തളർച്ച, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, കുഴഞ്ഞുവീഴുക, ഓക്കാനം, ഛർദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

ഗർഭകാലത്തും പ്രസവേശഷവും വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ സൈനസൈറ്റിസ്, മെനിഞ്ചൈറ്റിസ് തുടങ്ങിയ അണുബാധകളും അർബുദം, ഇൻഫ്ലമേറ്ററി ബവൽ ഡിസീസ്, ചില ഓട്ടോഇമ്മ്യൂൺ ഡിസീസുകൾ, അമിതവണ്ണം തുടങ്ങിയവയും അപകടസാധ്യതാ ഘടകങ്ങളാണ്. എംആർഐ, സിടി സ്കാനുകളിലൂടെയാണ് രോഗനിർണയം നടത്തുക. രക്തം കട്ടപിടിക്കുന്നത് തടയാനുള്ള ചികിത്സയും ലക്ഷണങ്ങൾ കുറയ്ക്കാനുള്ള ചികിത്സയുമാണ് നൽകുക.

Content Highlights: Hollywood actress Gal Gadot shares her near-fatal experience with Cerebral Venous Thrombosis (CVT) during her pregnancy