വെളുത്തുള്ളി, തക്കാളി, കോളിഫ്ലവർ; കാൻസർ സാധ്യത കുറയ്ക്കുന്ന 8 പച്ചക്കറികൾ പങ്കുവെച്ച് ഡോക്ടർ

#Health Desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

കാൻസർ സാധ്യത കൂട്ടുന്നതിൽ ജനിതകഘടകങ്ങൾ, അന്തരീക്ഷമലിനീകരണം, ജീവിതശൈലി തുടങ്ങിയവയ്ക്കൊക്കെ വലിയ പങ്കാണുള്ളത്. ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെ കാൻസർ സാധ്യത കുറയ്ക്കാനാകുമോ എന്ന സംശയമുള്ളവർ‌ നിരവധിയുണ്ട്. ഭക്ഷണം മാത്രം ശരിയായ രീതിയിൽ ആക്കുന്നതിലൂടെ കാൻസർ സാധ്യത കുറയില്ല. എന്നാൽ ആരോഗ്യകരമായ ജീവിതശൈലിക്കൊപ്പം ഭക്ഷണത്തിലും ചിലമാറ്റങ്ങൾ വരുത്തിയാൽ അപകടസാധ്യത കുറയ്ക്കാനാവും. അത്തരത്തിൽ കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളേക്കുറിച്ചു പങ്കുവെക്കുകയാണ് കാൻസർ സർജനായ ഡോ. അർജുൻ ശങ്കരൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഹൈദരാബാദ് സ്വദേശിയായ അർജുൻ കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന എട്ട് പച്ചക്കറികളേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.

അതിൽ ആദ്യത്തേതായി അദ്ദേഹം പറയുന്നത് വെളുത്തുള്ളിയാണ്. വയറിലെ അർബുദം കുറയ്ക്കാൻ വെളുത്തുള്ളി സഹായിക്കുമെന്ന് ഡോക്ടർ പറയുന്നു. വെളുത്തുള്ളി പാകം ചെയ്യാനെടുക്കുന്നതിനു മുമ്പ് അരിഞ്ഞോ, ചതച്ചോ പത്തുമിനിറ്റ് മാറ്റിവെക്കണം. ഭക്ഷണം വെന്തുപാകമാവാറാകുമ്പോൾ വെളുത്തുള്ളി ചേർക്കുന്നതാണ് ഉത്തമം. റായ്ത്തകളിലും മറ്റും പച്ചയ്ക്ക് വെളുത്തുള്ളി ചേർക്കുന്നതും നല്ലതാണ്. പത്തുമിനിറ്റിൽ കൂടുതൽ വെളുത്തുള്ളി വേവിച്ചാൽ അതിന്റെ ആരോഗ്യഗുണം നഷ്ടമാകുമെന്നും അദ്ദേഹം പറയുന്നു.

മറ്റൊന്ന് ഉള്ളിയാണ്. പോഷകങ്ങളാൽ സമൃദ്ധമാണ് ഉള്ളിയെന്നും ദിവസവും ആഹാരരീതിയിൽ അൽപം ഉള്ളി വേവിക്കാതെ ചേർക്കുന്നത് നല്ലതാണെന്നും ഡോക്ടർ പറയുന്നു. സാലഡിലോ, റായ്തയിലോ പച്ചയോടെ ചേർത്തുകഴിക്കാം. പോഷകം നഷ്ടപ്പെടാൻ അമിതമായി വേവിക്കാതിരിക്കുകയും വേണം. പോഷകഗുണങ്ങളുള്ള തക്കാളിയും ഡയറ്റിൽ ഉൾക്കൊള്ളിക്കണം. തക്കാളിയിലെ ലൈകോപീൻ എന്ന ഘടകം കാൻസർ സാധ്യത കുറയ്ക്കും.

കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയായി അദ്ദേഹം പറയുന്നത് തക്കാളിയാണ്. അൽപംമാത്രം എണ്ണ ഉപയോഗിച്ച് അമിതമായി വേവിക്കാതെ കഴിക്കുന്നതിലൂടെ വൈറ്റമിൻ എ ലഭിക്കും. വേവിച്ച കാരറ്റിൽ പച്ച കാരറ്റിനെ അപേക്ഷിച്ച് വൈറ്റമിൻ എ മൂന്നിരട്ടി കിട്ടുമെന്നും അദ്ദേഹം പറയുന്നു.

മറ്റൊന്ന് കോളിഫ്ലവർ ആണ്. കോളിഫ്ലവർ ആവിയിൽ വേവിക്കുന്നതിലൂടെയും ചെറുതായി ഫ്രൈ ചെയ്തെടുക്കുന്നതിലൂടെയും പോഷകഗുണം ലഭിക്കും. തിളപ്പിക്കുന്നതിലൂടെ കോളിഫ്ലവറിലെ പോഷകങ്ങൾ വെള്ളത്തിലേക്ക് ഇറങ്ങും.

കോളിഫ്ലവറിനെപ്പോലെ തന്നെ ക്യാബേജും പോഷകഗുണമുള്ളതാണെന്ന് ഡോക്ടർ പറയുന്നു. വേവിക്കുംമുമ്പ് നന്നായി കഴുകാൻ ശ്രദ്ധിക്കണം. പെട്ടെന്ന് ഫ്രൈ ചെയ്തെടുക്കുന്നതോ, ആവിയിൽ വേവിക്കുന്നതോ ആണ് നല്ലത്. വെള്ളമൊഴിച്ച് വേവിച്ച് ഊറ്റിക്കളയുവന്ന രീതി ഒഴിവാക്കണമെന്നും അദ്ദേഹം പറയുന്നു.

ബ്രൊക്കോളി ചെറുതായി ആവിയിൽ വേവിക്കുകയാണ് വേണ്ടത്. മൂന്നുനാലു മിനിറ്റിനുശേഷം കഴിക്കാം. ഉയർന്ന ചൂടിൽ വേവിക്കുന്നത് അവശ്യമായ എൻസൈമുകളെ നശിപ്പിക്കും.

സ്തനാർബുദ സാധ്യത കുറയ്ക്കുന്നതിൽ പ്രധാനിയാണ് കൂൺ എന്നും ഡോക്ടർ പറയുന്നു. നന്നായി വേവിച്ചതിനുശേഷമേ കഴിക്കാവൂ. അതേസമയം പറമ്പിൽ കാണുന്ന കൂണുകൾ കഴിക്കുംമുമ്പ് ശ്രദ്ധിക്കണമെന്നും അവയിൽ പലതും വിഷാംശമുള്ളതാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

Content Highlights: Explore eight vegetables recommended by Dr. Arjun Sankaran to reduce cancer risk and enhance your diet for better health outcomes.