ഭക്ഷ്യവിഷബാധയെ ചെറുക്കാൻ മദ്യത്തിനാകുമോ, എന്താണ് സത്യം?; അറിയണം ഇക്കാര്യങ്ങൾ

സ്ഥിരമായി മദ്യം കഴിക്കുന്നത് ഭക്ഷ്യവിഷബാധയെ തടയുമെന്നധാരണ ചിലർക്കെങ്കിലുമുണ്ട്. ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ പലയിടത്തുനിന്നും കേൾക്കാറുമുണ്ട്. മദ്യത്തിന് ആന്റി-ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ ഭക്ഷ്യവിഷബാധയെ ചെറുക്കുമെന്നാണ് ഇത്തരക്കാരുടെ ചിന്ത. ഇപ്പോഴിതാ മദ്യത്തിന് ഭക്ഷ്യവിഷബാധ തടയാനാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിദഗ്ദർ.
മദ്യത്തിൻ്റെ ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ പരിമിതമാണെന്നും ദോഷകരമായ ബാക്ടീരിയകളെ നിർവീര്യമാക്കാൻ സാധിക്കുന്നതല്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. മദ്യം കഴിക്കുന്നത് ഭക്ഷ്യവിഷബാധ തടയുമെന്ന വിശ്വാസത്തിന് ഒരു ശാസ്ത്രീയമായ പിന്തുണയും ഇല്ലെന്നും തെറ്റിദ്ധാരണ മാത്രമാണിതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്.
മദ്യത്തിൻ്റെ ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ വയറ്റിൽ ഫലപ്രദമല്ലെന്ന് വ്യക്തമാക്കുന്ന പഠനങ്ങളും സുലഭമാണ്. വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം ചെയ്യുന്ന ഭക്ഷണം, നന്നായി വേവാത്ത ഭക്ഷണം എന്നിവയിലൂടെയൊക്കെ ഭക്ഷ്യവിഷബാധ ഏൽക്കാൻ സാധ്യതയുണ്ട്. കൃത്യമായ ചികിത്സ നടത്തിയില്ലെങ്കിൽ ഭക്ഷ്യവിഷബാധ മരണത്തിന് വരെ കാരണമായേക്കാം.
അമിതമായി മദ്യം ഉള്ളിൽ ചെല്ലുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും ഡോക്ടർമാർ ഓർമിപ്പിക്കുന്നു. മാത്രവുമല്ല ഭക്ഷ്യവിഷബാധയുള്ളപ്പോൾ മദ്യം കുടിക്കുന്നത് ആരോഗ്യനില ഗുരുതരമാക്കാൻ കാരണമാകുമെന്നതും ശ്രദ്ധിക്കേണ്ടതാണ്. മദ്യം നിർജ്ജലീകരണത്തിന് കാരണമാകുമെന്നതും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ ഗുരുതരമാക്കും.
Content Highlights: food poison and alcohol drinking