ഇന്ത്യയിലും പ്രത്യുല്‍പ്പാദന നിരക്ക് കുറയുന്നു; പുനർവിന്യാസ നിരക്കിലും താഴെ, ആശങ്കപ്പെടേണ്ടതുണ്ടോ?

ഇന്ത്യയില്‍ പ്രത്യുല്‍പ്പാദന നിരക്ക്(ഫെര്‍ട്ടിലിറ്റി റേറ്റ്) കുറയുന്നതായി കണക്കുകള്‍. യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഡിവിഷന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 1950 ല്‍ 5.9 ആയിരുന്ന പ്രത്യുല്‍പ്പാദന നിരക്ക് 2023 ആയപ്പോഴേക്കും 2.0 ആയി കുറഞ്ഞു. ഇത് 2.1 എന്ന പുനര്‍വിന്യാസ നിരക്കിന് താഴെയാണ്. 1990 ല്‍ ആഗോള പ്രത്യുല്‍പ്പാദന നിരക്ക് 3.31 ആയിരുന്നത് പുതിയ കണക്കുകള്‍ പ്രകാരം 2.25 ആയി കുറഞ്ഞതായും യുഎന്‍ പോപ്പുലേഷന്‍ ഡിവിഷന്‍ വ്യക്തമാക്കുന്നു.
പുനര്‍വിന്യാസ നിരക്ക് 2.1 ല്‍ താഴെയാണെങ്കില്‍, ജനന നിരക്ക് മരണനിരക്കിനേക്കാള്‍ കുറയുകയും കാലക്രമേണ ജനസംഖ്യ കുറയാന്‍ തുടങ്ങുകയും ചെയ്യും. സാമ്പത്തിക സമ്മര്‍ദ്ദം, സ്ത്രീപുരുഷ അനുപാതത്തിലെ വ്യത്യാസം, വൈകിയ വിവാഹങ്ങള്‍ എന്നിവ പ്രത്യുല്‍പ്പാദന നിരക്ക് കുറയുന്നതിനും വന്ധ്യതാ നിരക്ക് ഉയരുന്നതിനും കാരണമായി ഡോക്ടര്‍മാരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ മാത്രമല്ല പല രാജ്യങ്ങളിലും പ്രത്യുല്‍പ്പാദന നിരക്ക് 2.1-ല്‍ താഴെയാണ്. ചൈന, ഇറ്റലി, റിപ്പബ്ലിക് ഓഫ് കൊറിയ, സ്‌പെയിന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രത്യുല്‍പ്പാദന നിരക്ക് 'അള്‍ട്രാ ലോ'(1.4) ആണെന്നും യുഎന്‍ പോപ്പുലേഷന്‍ ഡിവിഷന്റെ കണക്കുകള്‍ ചൂണ്ടികാണിക്കുന്നു. 2030-കളുടെ അവസാനത്തോടെ, കുറഞ്ഞ ജനസംഖ്യയുള്ള രാജ്യങ്ങളിലെ സ്ത്രീകളില്‍ പകുതിയും ഉയര്‍ന്ന പ്രായമുള്ളവരായിരിക്കുമെന്നും പ്രത്യുല്‍പ്പാദന പ്രായ പരിധി അതിക്രമിക്കുന്നതോടെ സ്വാഭാവികമായ ഗര്‍ഭധാരണം കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: India`s fertility rate has dropped to 2.0 in 2023, below the replacement level