ഫാറ്റി ലിവർ; മുഖത്ത് പ്രകടമാകുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്, മുന്നറിയിപ്പുമായി ഡോക്ടർമാർ

അമിതവണ്ണമുള്ളവരിലും പ്രമേഹമുള്ളവരിലുമൊക്കെ ഫാറ്റി ലിവർ സ്ഥിരീകരിക്കുന്നത് കൂടിയിരിക്കുകയാണ്. പലപ്പോഴും ഫാറ്റിലിവറിന്റെ പ്രാരംഭഘട്ടങ്ങളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ വൈകുന്നതാണ് ചികിത്സയും വൈകുന്നതിന് പിന്നിൽ. ചികിത്സയ്ക്ക് മരുന്നുകളും ജീവിതശൈലിയിലെ മാറ്റങ്ങളും ആവശ്യമാണെങ്കിലും ഭക്ഷണക്രമത്തിലെ ലളിതമായ ക്രമീകരണങ്ങൾക്ക് ആരോഗ്യത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കും. ഇപ്പോഴിതാ, കരളിന്റെ ആരോഗ്യം തകരാറിലാകുന്നത് മുഖത്ത് പ്രകടമാകുമെന്ന് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഹോർമോൺ നിയന്ത്രണം, പോഷക സംസ്കരണം എന്നിവയിൽ കരളിന് വലിയ പങ്കുള്ളതിനാൽ കരളിന്റെ അനാരോഗ്യം ചർമത്തിലും പ്രകടമാകും.
ചർമത്തിനും കണ്ണുകൾക്കും മഞ്ഞനിറം
കരളിന്റെ പ്രവർത്തനത്തകരാറിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ഒന്നാണ് ശരീരത്തിൽ കാണുന്ന മഞ്ഞനിറം. ചുവന്ന രക്താണുക്കൾ വിഘടിക്കുമ്പോൾ ഉണ്ടാകുന്ന ബിലിറൂബിൻ സംസ്കരിക്കാൻ കരളിന് കഴിയാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. കരളിന്റെ ആരോഗ്യം തകരാറിലാകുന്നതോടെ ബിലിറൂബിൻ്റെ അളവ് വർധിക്കുകയും കണ്ണിന്റെ വെള്ള ഭാഗത്തും മുഖത്തും നേരിയ മഞ്ഞനിറം ഉണ്ടാകുകയും ചെയ്യുന്നു.
മുഖത്ത് വീക്കം
രാവിലെ ഉണരുമ്പോൾ താടിയെല്ലിന് ചുറ്റും കണ്ണുകളിലും വീക്കമുണ്ടെങ്കിൽ ശ്രദ്ധിക്കണം. ശരീരത്തിൽ ദ്രാവകം കെട്ടിക്കിടക്കുന്നതിന്റെ സൂചനയാകാം ഈ ലക്ഷണങ്ങൾ. കരളിൽ കൊഴുപ്പ് അടിയുന്നതോടെ, രക്തക്കുഴലുകളിൽ ദ്രാവകം നിലനിർത്താൻ ആവശ്യമായ പ്രോട്ടീനുകളുടെ ഉത്പാദനം കുറയുന്നു. ഇത് മുഖത്ത് സ്ഥിരമായ വീക്കം ഉണ്ടാക്കുന്നതിന് കാരണമായേക്കാം.
മുഖക്കുരുവും എണ്ണമയമുള്ള ചർമവും
താടിയെല്ലിന് ചുറ്റും കവിളുകളിലും നെറ്റിയിലും പെട്ടെന്നുണ്ടാകുന്ന മുഖക്കുരു metabolic dysfunction-associated steatotic liver disease (MASLD)-ന്റെ സൂചനയാകാം. ഫാറ്റി ലിവർ രോഗമുണ്ടെങ്കിൽ കരളിന് വിഷാംശം പുറന്തള്ളാനോ ആൻഡ്രോജനുകൾ പോലുള്ള ഹോർമോണുകളെ സന്തുലിതമാക്കാനോ സാധിക്കില്ല. ഇതാണ് മുഖക്കുരുവിന് കാരണമാകുന്നത്.
ചർമത്തിലെ ചൊറിച്ചിൽ
കരൾ രോഗം ചർമത്തിൻ്റെ സ്വാഭാവിക തിളക്കത്തെ ബാധിച്ചേക്കാം. ഫാറ്റി ലിവർ രോഗം വൈറ്റമിൻ എ, ഇ എന്നിവയുടെ ആഗിരണം കുറയ്ക്കുകയും ഇത് ചർമം വരണ്ടതാക്കുന്നതിനും ചൊറിച്ചിലിനും കാരണമാകുകയും ചെയ്തേക്കാം.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: India's Fatty Liver Epidemic: Understanding the 'Silent Killer' and Its Visible Signs