‘സെറ്റിൽ വച്ച് നടി ഫാത്തിമ സന ഷെയ്ഖിന് അപസ്മാരബാധ; എന്തുചെയ്യണമെന്ന് ആദ്യമേ പറഞ്ഞേൽപ്പിച്ചു’

ആരോഗ്യാവസ്ഥകളേക്കുറിച്ച് നേരത്തേ തുറന്നുപറഞ്ഞിട്ടുള്ളയാളാണ് ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ഖ്. അപസ്മാരത്തോട് പോരാടുന്നതിനേക്കുറിച്ചും ഈറ്റിങ് ഡിസോർഡർ സ്ഥിരീകരിച്ചതിനേക്കുറിച്ചുമൊക്കെ ഫാത്തിമ തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഷൂട്ടിങ് സെറ്റിൽവച്ച് ഫാത്തിമയ്ക്ക് അപസ്മാരം ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് നടനും സഹതാരവുമായ വിജയ് വർമ.
മാഷബിൾ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിജയ് വർമ ഇതേക്കുറിച്ച് പങ്കുവെച്ചത്. ഗുസ്താഖ് ഇഷ്ഖ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഫാത്തിമയ്ക്ക് അപസ്മാരം ഉണ്ടായതെന്ന് വിജയ് വർമ പറയുന്നു. ഷൂട്ടിങ് സെറ്റിലുള്ളവരോട് നേരത്തേത്തന്നെ തനിക്ക് ഈ ആരോഗ്യപ്രശ്നം ഉണ്ടെന്നും ചിത്രീകരണത്തിനിടെ അങ്ങിനെയുണ്ടായാൽ എന്തുചെയ്യമെന്നും ഫാത്തിമ പറഞ്ഞുതന്നിരുന്നുവെന്ന് വിജയ് വർമ പറയുന്നു. എന്നാൽ അന്ന് തങ്ങളെ വെറുതെ പേടിപ്പിക്കാൻ വേണ്ടിയാവും നടി അങ്ങനെ പറഞ്ഞതെന്നാണ് താൻ വിശ്വസിച്ചിരുന്നതെന്നും വിജയ് പറയുന്നു.
ഷൂട്ടിനിടയിലെ ഒരു രാത്രിയിൽ പാക്കപ്പിനുശേഷമാണ് ഫാത്തിമയ്ക്ക് അപസ്മാരമുണ്ടായത്. ആദ്യം നിസ്സഹായതയാണ് തോന്നിയതെങ്കിലും ഫാത്തിമ നേരത്തേ പറഞ്ഞേൽപ്പിച്ച കാര്യങ്ങൾ ഓർമ വന്നു. അങ്ങനെ ഒരു ബെഡിലേക്ക് ഫാത്തിമയെ കിടത്തുകയും ആളുകളോട് വിട്ടുനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അപസ്മാരത്തിന്റെ ബുദ്ധിമുട്ടുകൾ മാറിയതോടെ ഫാത്തിമയെ ഹോട്ടലിലേക്കാക്കി. ഹോട്ടലിലെത്തിയപ്പോൾ നടന്നതൊന്നും ഫാത്തിമയ്ക്ക് ഓർമയുണ്ടായിരുന്നില്ല. അപസ്മാരം ഉണ്ടാകുമ്പോൾ ചില ഘട്ടങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് പിന്നീട് തിരിച്ചറിയാൻ കഴിയാറില്ലെന്ന് ഫാത്തിമ പറഞ്ഞുവെന്നും വിജയ് പറയുന്നു.
ദംഗൽ സിനിമയുടെ ചിത്രീകരണ സമയത്താണ് അപസ്മാരമുള്ള വിവരം തിരിച്ചറിയുന്നതെന്ന് ഫാത്തിമ നേരത്തേ പറഞ്ഞിട്ടുണ്ട്. ദംഗൽ സിനിമയ്ക്കു വേണ്ടിയുള്ള പരിശീലനത്തിനിടെയാണ് അപസ്മാരം ഉണ്ടാകുന്നതും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുന്നതും. ആദ്യമൊക്കെ തനിക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. തുടർന്നങ്ങോട്ടുള്ള എല്ലാ സിനിമകളുടെയും സംവിധായകരോട് വിവരം അറിയിച്ചിരുന്നുവെന്നും അവരുടെയെല്ലാം പിന്തുണയും മനസ്സിലാക്കലും തനിക്കൊപ്പം ഉണ്ടായിരുന്നെന്നും നടി അന്ന് പറഞ്ഞിരുന്നു.
എന്താണ് അപസ്മാരം?
അപസ്മാരം അഥവാ എപ്പിലെപ്സി എന്നത് തലച്ചോറിലെ വൈദ്യുതപ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന നാഡീസംബന്ധമായ രോഗമാണ്. അത് ഒരു മനോരോഗമല്ല, പകര്‍ച്ച വ്യാധിയുമല്ല.3-5 ശതമാനം പേര്‍ക്കു മാത്രമേ വെളിച്ചം മിന്നുന്നതിനോടുള്ള അസഹ്യസമീപനം കാണുന്നുള്ളൂ. അപസ്മാരം പല വിധത്തിലുണ്ട്. തലച്ചോറിലെ ഏതു ഭാഗത്തെയാണോ ബാധിച്ചത്, അതിനാനുപാതികമായ സ്ഥലമായിരിക്കും അതിവേഗത്തിലുള്ള കോച്ചിവലിവ് സംഭവിക്കുന്നത്. എല്ലാവര്‍ക്കും ഇത് സംഭവിക്കണമെന്നുമില്ല.
അപസ്മാരം സംഭവിക്കുന്നയാളുടെ വായിലേക്ക് എന്തെങ്കിലും കടത്തിവയ്ക്കുന്ന ശീലം ലോകമെമ്പാടുമുള്ള ഒന്നാണ്. ഇത് വലിയൊരു തെറ്റിധാരണയാണ്. നാവു വിഴുങ്ങുമെന്ന കാരണം പറഞ്ഞാണ് പലപ്പോഴും ഇത് ചെയ്യാറുള്ളത്. ഇത്തരത്തില്‍ വായില്‍ എന്തെങ്കിലും കടത്തിവയ്ക്കുന്നതു മൂലം പല്ലുകള്‍ക്ക് കേടുപാട് സംഭവിക്കാം, മോണപൊട്ടല്‍, വായുനാളത്തിനു തടസ്സം സംഭവിക്കുക, താടിയെല്ല് പൊട്ടുക, സ്വയം മുറിപ്പെടുക തുടങ്ങിയവയ്ക്ക് കാരണമായേക്കാം എന്നതാണ് വസ്തുത.
സ്പോര്‍ട്സ് ഉള്‍പ്പെടെയുള്ള ഇനങ്ങളില്‍ അപസ്മാര രോഗികള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ലെന്നതും മറ്റൊരു തെറ്റിധാരണയാണ്.
അപമാനബോധം പ്രധാന വില്ലന്‍
അപസ്മാരത്തെക്കുറിച്ചുള്ള കെട്ടുകഥകളും അറിവില്ലായ്മയും തന്നെ പ്രധാന സാമൂഹ്യവില്ലനായി മാറിയ കാഴ്ചയാണ് ലോകമെങ്ങുമുള്ളത്. ലോകത്ത് അപസ്മാരരോഗമുള്ളവരില്‍ 50 ശതമാനം പേരും ഒരിക്കലെങ്കിലും രോഗാവസ്ഥയുടെ പേരില്‍ വിവേചനം അനുഭവിച്ചവരാണ്. രോഗം ബാധിച്ചവര്‍ സ്വയം പുലര്‍ത്തുന്ന നെഗറ്റീവ് നിലപാട് അവരവരുടെ ജീവിതത്തെ തന്നെ കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്യുന്നു. രോഗമുള്ളവരില്‍ പലര്‍ക്കും മികച്ച വിദ്യാഭ്യാസത്തിനും തൊഴിലിനും അവസരം നഷ്ടപ്പെടുന്ന ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. പല രാജ്യങ്ങളിലുമുള്ള നിയമങ്ങളും ഇപ്പോഴും നൂറ്റാണ്ടുകള്‍ പഴക്കമുള്ള തെറ്റിധാരണകളും കെട്ടുകഥകളും നിറഞ്ഞവയാണ്. പലപ്പോഴും മികച്ച ചികിത്സ തക്കസമയത്ത് ലഭ്യമാക്കാന്‍ ഇവ തടസ്സം നില്‍ക്കുന്നു. രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെടുന്ന മനുഷ്യാവകാശ നിലവാരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള നിയമനിര്‍മാണങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്.
വസ്തുതകള്‍
ഏതു പ്രായക്കാരെയും ആണ്‍പെണ്‍ഭേദമില്ലാതെ ബാധിക്കാവുന്ന ഒരു രോഗമാണിത്. തലച്ചോറില്‍ അസാധാരണമായുണ്ടാകുന്ന വൈദ്യുത പ്രവര്‍ത്തനങ്ങളുടെ ഫലമായി ശരീരത്തിന്റെ ഒരു ഭാഗം കോച്ചിവലിക്കുകയും ശക്തമായ വിറയല്‍ അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. ഒരു തവണ മാത്രം സംഭവിക്കുന്നത് അപസ്മാരമായി കണക്കാക്കാറില്ല. അതേസമയം, രണ്ടില്‍ കൂടുതല്‍ തവണ അനുഭവപ്പെട്ടാല്‍ അത് അപസ്മാരമായി ഗണിക്കും. അപസ്മാരം അഥവാ ചുഴലി ഓരോരുത്തര്‍ക്കും വ്യത്യസ്തമായ രോഗാനുഭവങ്ങളാണ് നല്‍കുക. എല്ലായ്പ്പോഴും പേശീചലനങ്ങള്‍ കണ്ടുകൊള്ളണമെന്നില്ല. അപസ്മാരം സംഭവിക്കുമ്പോള്‍ ചിലര്‍ പ്രതികരണം നഷ്ടപ്പെട്ടവരായും ബോധം നഷ്ടപ്പെട്ടവരായും മാറുന്നു. എന്തു സംഭവിക്കുന്നുവെന്നോ എവിടെയാണെന്നോ അറിയാതെ കറങ്ങി നടക്കുന്നവരായേക്കാം. ചുഴലിദീനം ഉള്‍പ്പെടെ തലച്ചോറുമായി ബന്ധപ്പെട്ട നിരവധി രോഗങ്ങള്‍ക്ക് പൊതുവായി പറയുന്ന പേരാണ് എപ്പിലെപ്സി.
ജനിതകമായ കാരണങ്ങള്‍ കൊണ്ടും അപസ്മാരം വരാം. 4000 ബിസി മുതല്‍ എഴുതപ്പെട്ട ചരിത്രമുള്ള രോഗങ്ങളിലൊന്നാണിത്. ജൂലിയസ് സീസറും ലോകപ്രശസ്ത ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഈ രോഗം ബാധിച്ചവരായിരുന്നു. ഗ്രീക്ക് തത്വചിന്തകനായിരുന്ന ഹിപ്പോക്രാറ്റസ് ആണ് അപസ്മാരം തലച്ചോറില്‍ നിന്നാണ് ആരംഭിക്കുന്നതെന്ന് ആദ്യമായി ചിന്തിച്ചത്.
കണക്കുകള്‍
ലോകമെങ്ങുമുള്ള അഞ്ചു കോടി പേര്‍ക്ക് അപസ്മാരരോഗമുണ്ട്. ഇതില്‍ 70 ശതമാനം പേര്‍ക്കും കൃത്യമായ ചികിത്സ ലഭിക്കുകയാണെങ്കില്‍ അപസ്മാരം സംഭവിക്കാതെ ജീവിക്കാന്‍ കഴിയുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ആഗോളതലത്തില്‍ ഓരോ വര്‍ഷവും 50 ലക്ഷം പേര്‍ക്ക് രോഗബാധയുണ്ടാകുന്നു. രോഗികളില്‍ 80 ശതമാനം പേരും ജീവിക്കുന്നത് വരുമാനം കുറഞ്ഞതോ ഇടത്തരം സാഹചര്യമുള്ളതോ ആയ രാജ്യങ്ങളിലാണ്. സാധാരണ ജനങ്ങളുടെ മരണനിരക്കിനെക്കാള്‍ മൂന്നിരട്ടിയാണ് ഈ രോഗമുള്ളവരുടെ മരണനിരക്ക്. അകാലമരണ സാധ്യതയും മൂന്നിരട്ടിയാണ്.
തെറ്റിധാരണകളും കെട്ടുകഥകളും അപമാനബോധവും മാറ്റിവച്ച് അപസ്മാരത്തെ നേരിടാന്‍ സമൂഹത്തെ പ്രാപ്തമാക്കുന്ന ചെറുതും വലുതുമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലോകമെങ്ങും വ്യാപകമായ ബോധവത്കരണത്തിന് ഈ ദിനാചരണം തിരികൊളുത്തട്ടെ.
അപസ്മാരം സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് കടപ്പാട്: ഡോ. വാസുദേവന്‍ പി.പി, ജനറല്‍ മെഡിസിന്‍ വിഭാഗം സീനിയർ കൺസൽട്ടന്റ്
Content Highlights: Actress Fatima Sana Shaikh experienced a seizure on a film set. Co-star Vijay Varma shares details of the incident