ആ വൃക്കദാതാവ് സ്വന്തം മകൾ തന്നെ, അപ്രതീക്ഷിതം; വിങ്ങിപ്പൊട്ടി അച്ഛൻ | VIDEO

വീഡിയോയിൽ നിന്ന് Photo: twitter.com/TheFigen_
വീഡിയോയിൽ നിന്ന് Photo: twitter.com/TheFigen_

അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ചർച്ചകളും ക്യാമ്പയിനുകളുമൊക്കെ  മിക്കപ്പോഴും നമ്മുടെ ശ്രദ്ധ നേടാറുണ്ട്. സമാനമായി ഒരു അച്ഛന്റെയും മകളുടെയും വീഡിയോ ആണ് ഇപ്പോൾ സാമൂഹികമാധ്യമത്തിൽ നിറയുന്നത്.  അച്ഛനു വേണ്ടി അവയവദാനം ചെയ്ത മകളും അജ്ഞാതയായ ആ ദാതാവ് മകളാണെന്ന് അപ്രതീക്ഷിതമായി അറിയുന്ന അച്ഛനുമാണ് വീഡിയോയിലുള്ളത്. 

ഫി​ഗെൻ എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. വൃക്കമാറ്റി വെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ അച്ഛനെ കാണാൻ മകൾ വരുന്നിടത്ത്‌ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. 'ലോകത്തിലെ ഏറ്റവും ഉത്കൃഷ്ടരായ പെൺമക്കളിൽ ഒരാളാണിത്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

സർജറി കഴിഞ്ഞിരിക്കുന്ന തനിക്കരികിലേക്ക് മകൾ വരുമ്പോൾ മാത്രമാണ് വൃക്ക ദാനം ചെയ്തത് സ്വന്തം മകൾ തന്നെയാണെന്ന് അച്ഛൻ അറിയുന്നത്. ആശുപത്രിയിലെ വേഷത്തിൽ മകളെ കണ്ടയുടൻ തന്നെ കബളിപ്പിക്കുകയാണോ എന്ന് ചോദിക്കുന്നതും ഒടുവിൽ അദ്ദേഹം കരയുന്നതും വീഡിയോയിൽ കാണാം. അച്ഛൻ കരയുന്നതോടെ മകൾ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്. 

നാലുലക്ഷത്തിൽ അധികം പേരാണ് ഇതിനകം വീഡിയോ കണ്ടത്. ആയിരക്കണക്കിന് ലൈക്കുകളും വീഡിയോക്ക് ലഭിച്ചു കഴിഞ്ഞു. നിരവധി അവയവദാതാക്കളും സ്വീകര്‍ത്താക്കളും വീഡിയോക്ക് കീഴെ കമന്റുകളുമായെത്തി.

ജീവിതത്തിലെ ഏറ്റവും മഹത്തരമായ കാര്യമാണ് അവയവദാനം എന്നും അത്തരത്തിൽ സ്വന്തം ജീവിതത്തിലൂടെ പുതുജീവൻ സമ്മാനിക്കുന്നവർക്കെല്ലാം ആദരം അർപ്പിക്കുന്നുവെന്നും നിരവധി പേർ കമന്റ് ചെയ്തു. 


 

Content Highlights: father breaks down after finding out his daughter is the anonymous kidney donor