മഴക്കാലമാണ്, നേത്രാരോഗ്യത്തിൽ ശ്രദ്ധവേണം; ചെങ്കണ്ണിനെ പ്രതിരോധിക്കാം, ലക്ഷണങ്ങൾ അവഗണിക്കരുത്

കണ്ണിന്റെ ഏറ്റവും പുറമേയുള്ള നേർത്ത സുതാര്യമായ ഭാഗമാണ് കൺജങ്‌ടൈവ. ഇതിനുണ്ടാവുന്ന അണുബാധയും നീർക്കെട്ടുമാണ് കൺജങ്ടിവിറ്റിസ്. ചെങ്കണ്ണ്, പിങ്ക് ഐ എന്നൊക്കെ ഈ രോഗം അറിയപ്പെടുന്നു. സൂക്ഷ്മജീവികൾ പടർത്തുന്ന ഒരു രോഗമാണിത്. വൈറസും ബാക്ടീരിയകളുമാണ് രോഗത്തിന്റെ മൂലകാരണം.
ഇപ്പോഴിതാ, മഴക്കാലം കൂടെയായതിനാൽ കണ്ണിൽ അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം, പൊടിപടലങ്ങൾ, മലിനമായ മഴവെള്ളം എന്നിവയെല്ലാം അണുബാധയുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് കണ്ണിൽ ചുവപ്പ്, ചൊറിച്ചിൽ, അസ്വസ്ഥത, കണ്ണിൽ നിന്ന് വെള്ളം വരുന്നത് തുടങ്ങി പല രോഗലക്ഷണങ്ങളിലേക്കും നയിക്കുന്നു. ചെങ്കണ്ണിൽ നിന്ന് കണ്ണിനെ സംരക്ഷിക്കാൻ ചെയ്യാനാകുന്ന കാര്യങ്ങൾ പരിശോധിക്കാം.
കണ്ണിന്റെ ശുചിത്വം പാലിക്കാം
- കണ്ണുകൾ പതിവായി വൃത്തിയാക്കുകയും പരിപാലിക്കുകയും ചെയ്യാം
- എല്ലാ ദിവസവും രാവിലെ തണുത്ത വെള്ളത്തിൽ കഴുകാം. പൊടിയും അണുബാധയുണ്ടാക്കുന്ന സൂക്ഷ്മാണുക്കളെയും നീക്കം ചെയ്യാൻ ഇത് സഹായിക്കും
കണ്ണുകൾ തിരുമ്മുന്നത് ഒഴിവാക്കാം
- പലതവണ തൊടുന്നതും തിരുമ്മുന്നതും കണ്ണിന് അണുബാധയുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.
- കഴുകാത്ത കൈകൾ കൊണ്ട് കണ്ണിൽ തൊടുന്നത് ഒഴിവാക്കാം.
- കണ്ണുകളിൽ തൊടുന്നതിന് മുൻപ് സോപ്പും ശുദ്ധജലവും ഉപയോഗിച്ച് കൈകൾ കഴുകുക.
കണ്ണടകൾ ധരിക്കാം
- മഴവെള്ളത്തിൽ പൊടിയും അണുബാധയ്ക്ക് കാരണമാകുന്ന സൂക്ഷ്മാണുക്കളും അടങ്ങിയിട്ടുണ്ട്. അതിനാൽ, യാതൊരുവിധ സംരക്ഷണവുമില്ലാതെ മഴവെള്ളവുമായി സമ്പർക്കം പുലർത്തുന്നത് കണ്ണിൽ അസ്വസ്ഥത, വരൾച്ച, ചിലപ്പോൾ കണ്ണിന് അണുബാധ എന്നിവയ്ക്ക് കാരണമാകും.
- മഴയത്ത് പുറത്തിറങ്ങുമ്പോഴോ ഇരുചക്രവാഹനം ഓടിക്കുമ്പോഴോ കണ്ണടകൾ ധരിക്കുക.
പോഷകസമൃദ്ധമായ ഭക്ഷണം
- നേത്രാരോഗ്യത്തിന് പോഷകങ്ങൾ നിറഞ്ഞ ആരോഗ്യകരമായ ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്താം.
- നെല്ലിക്ക, കാരറ്റ്, ചീര, മത്തങ്ങ തുടങ്ങിയ വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ടവ്വലുകൾ പങ്കുവെക്കരുത്
- ടവ്വലുകൾ, തൂവാലകൾ, കണ്ണിലൊഴിക്കുന്ന മരുന്നുകൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവ പങ്കുവെക്കുന്നത് ഒഴിവാക്കുക. ഇത് ചെങ്കണ്ണ്, കൺകുരു തുടങ്ങിയ പകർച്ചവ്യാധികളെ ക്ഷണിച്ചുവരുത്തും.
- മഴക്കാലങ്ങളിൽ കണ്ണിനുണ്ടാകുന്ന അണുബാധകളുടെ പ്രധാന കാരമാണഅ ഈ വസ്തുക്കൾ പങ്കുവെയ്ക്കുന്നത്.
ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ
- കണ്ണിന് ചുവപ്പ്.
- കണ്ണിന് വേദന.
- കണ്ണിൽനിന്ന് വെള്ളം വരിക. കണ്ണിൽനിന്ന് പീള (കൊഴുത്ത ദ്രാവകം) വരുക.
- കൺപോളകൾക്ക് വീക്കം.
- വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ടും വേദനയും.
- കാഴ്ച മങ്ങുക.
- കണ്ണിലുണ്ടാകുന്ന ചൊറിച്ചിലും പുകച്ചിലും.
- കണ്ണിലെ കരുകരുപ്പ്.
- ജലദോഷം, പനി, തൊണ്ടവേദന.
Content Highlights: Protecting Your Eyes During Monsoon Season: Conjunctivitis Prevention and Care