വയോജനങ്ങളുടെ എണ്ണം കൂടുന്നു, ഒറ്റപ്പെട്ടുപോകുന്ന മാതാപിതാക്കൾക്കായി എന്തെല്ലാം ചെയ്യാം

പകൽ വെളിച്ചം പതുക്കെ മായുകയായിരുന്നു. ഔസേപ്പച്ചൻ തന്റെ പതിവ് കസേരയിൽ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട്. മുറ്റത്തെ ആര്യവേപ്പിന്റെ ഇലകൾക്കിടയിലൂടെ അരിച്ചെത്തുന്ന കാറ്റിന് പഴയ സൗഹൃദങ്ങളുടെ മണമുണ്ടെന്ന് അദ്ദേഹത്തിന് തോന്നി. പക്ഷേ, ആ കാറ്റല്ലാതെ മറ്റാരും ആ വീട്ടിലേക്ക് വരാറില്ല. രണ്ട് ആൺമക്കളും മകളും വിദേശത്താണ്. എല്ലാവർക്കും തിരക്കാണ്. ജോലി. കുട്ടികളുടെ പഠനം. ജീവിതത്തിന്റെ നെട്ടോട്ടം. എന്നും വരുന്ന വീഡിയോ കോളുകളിൽ അവരുടെ മുഖം കാണാം. 'അച്ഛാ, സുഖമല്ലേ? മരുന്ന് കൃത്യമായി കഴിക്കണം കേട്ടോ' സ്ഥിരം പല്ലവിയിൽ സംഭാഷണം അവസാനിക്കും. ഉള്ളിലെ ശൂന്യതയെക്കുറിച്ച് ആരോടെങ്കിലും പറയാൻ ഔസേപ്പച്ചൻ പലപ്പോഴും ആഗ്രഹിക്കാറുണ്ട്. ആരുടെയും തിരക്കുകൾക്കിടയിൽ തന്റെ പരാതികൾ ഒരു ഭാരമാകേണ്ടെന്ന് കരുതി അദ്ദേഹം മൗനം പാലിച്ചു.
വാർധക്യസഹജമായ അസുഖങ്ങൾ അദ്ദേഹത്തെ തളർത്തുന്നുണ്ടായിരുന്നു. പഴയ കാലത്ത് ഈ വീട് നിറയെ ശബ്ദങ്ങളായിരുന്നു. കുട്ടികളുടെ ചിരിയും കളികളും. ഭാര്യ മേരിയുടെ പരിഭവങ്ങളും. മേരി പരലോകത്ത് പോയിട്ട് എട്ടു വർഷമായി. എല്ലാം ഇന്ന് ഓർമകൾ മാത്രം. രാത്രി മഴ പെയ്യാൻ തുടങ്ങിയിരുന്നു. ജനൽചില്ലുകളിൽ തട്ടിത്തെറിക്കുന്ന മഴത്തുള്ളികൾ നോക്കിയിരിക്കെ ഔസേപ്പച്ചന് വല്ലാത്തൊരു വിമ്മിട്ടം തോന്നി. ഹൃദയത്തിൽ ഒരായിരം സൂചി തറയ്ക്കുന്നതു പോലെ. ഒറ്റപ്പെടലിന്റെ തണുത്ത രാത്രി. താൻ നട്ടുനനച്ചു വളർത്തിയ മരങ്ങൾ കാറ്റിലാടുന്നത് നോക്കി അദ്ദേഹം കിടന്നു. തന്റെ ജീവിതവും ആ മരങ്ങളെപ്പോലെയാണെന്ന് അദ്ദേഹത്തിന് തോന്നി. വേരുകൾ മണ്ണിലാഴ്ന്ന് നിൽക്കുന്നുണ്ടെങ്കിലും മുകളിലെ കൊമ്പുകൾ പരസ്പരം തൊടാനാവാതെ അകന്നുനിൽക്കുന്നു. വീടിന്റെ ഭിത്തിയിൽ തൂങ്ങിക്കിടന്ന പഴയ കുടുംബചിത്രത്തിൽ എല്ലാവരും ചിരിക്കുന്നുണ്ടായിരുന്നു. മധ്യത്തിൽ ഔസേപ്പച്ചനും.
ഏറുന്ന വാർധക്യം
കേരളത്തിൽ വയോജനങ്ങളുടെ എണ്ണം കൂടുകയാണ്. കേരളത്തിന്റെ ജനസംഖ്യാ ഘടനയിൽ (Demographic Transition) വികസിത രാജ്യങ്ങൾക്ക് സമാനമായ രീതിയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. ജനനനിരക്ക് കുറയുകയും ആയുർദൈർഘ്യം കൂടുകയും ചെയ്യുന്നതോടെ കേരളം ഒരു 'വൃദ്ധ സമൂഹമായി' (Aging Society) മാറിക്കൊണ്ടിരിക്കുകയാണെന്ന് പറയാം.
ഇപ്പോൾ കേരളത്തിലെ ആകെ ജനസംഖ്യയുടെ 16.5 ശതമാനത്തിലധികം പേർ 60 വയസ്സിന് മുകളിലുള്ളവരാണ്. 2031-ഓടെ ഇത് 20 ശതമാനമായി ഉയരുമെന്ന് കരുതാം. ദേശീയ ശരാശരി 10 ശതമാനത്തിന് താഴെയാണെന്നതും ശ്രദ്ധേയമാണ്. അതേസമയം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള സംസ്ഥാനമാണ് കേരളം. (ശരാശരി 75 വയസ്സിന് മുകളിൽ). എന്നാൽ കേരളത്തിലെ ജനനനിരക്ക് 1.4 ആയി കുറഞ്ഞു.
ഒറ്റപ്പെട്ടുപോകുന്ന മാതാപിതാക്കൾ
മക്കൾ പഠനത്തിനോ ജോലിക്കോ ആയി വിദേശത്തോ മറ്റ് സംസ്ഥാനങ്ങളിലോ സ്ഥിരതാമസമാക്കുന്നതോടെ വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന വയോധികരുടെ എണ്ണം കൂടുന്നു. ഇതോടൊപ്പം പെൻഷൻ ഇനത്തിലും ആരോഗ്യ സംരക്ഷണത്തിനുമായി സർക്കാർ നീക്കിവെക്കേണ്ടി വരുന്ന തുക വൻതോതിൽ കൂടുന്നു. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെ ബാധിക്കും. ജീവിതശൈലീ രോഗങ്ങൾക്കും വാർധക്യസഹജമായ അസുഖങ്ങൾക്കും മറവി, വിഷാദം പോലെയുള്ള രോഗങ്ങൾക്കും പ്രത്യേക പരിചരണം ആവശ്യമായ സാഹചര്യം നിലവിലുണ്ട്.
വയോജനങ്ങൾക്കായി നഗരസഭകൾവഴി സൗജന്യ ആരോഗ്യ പരിശോധനയും മരുന്നും എത്തിക്കുന്ന പദ്ധതിയായ വയോമിത്രം, വയോധികർക്ക് പകൽസമയം ചെലവഴിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനുമായി തദ്ദേശ സ്ഥാപനങ്ങളിലുള്ള പകൽവീടുകൾ (Day Care Centers) എന്നിവയും വ്യാപകമാക്കുന്നു.
ഭാവിയിലേക്കുള്ള തയ്യാറെടുപ്പുകൾ
കേരളത്തിലെ ആശുപത്രികളിൽ വാർധക്യകാല ചികിത്സാ വിഭാഗങ്ങൾ (Geriatric Departments) കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. വയോജനങ്ങളുടെ പരിചരണത്തിനായി പ്രത്യേക പരിശീലനം ലഭിച്ച ആതുരശുശ്രൂഷകരുടെ ഒരുസംഘം തന്നെ (Caregivers) വരും വർഷങ്ങളിൽ ഉണ്ടാകും. യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും വയോജന സംരക്ഷണം തികച്ചും വ്യത്യസ്തവും സാങ്കേതികമായി മുന്നിലുമാണ്. ഹോം കെയർ മാതൃകകളാണ് ഇവിടെയുള്ളത്.
അസിസ്റ്റഡ് ലിവിങ് (Assisted Living)
വിദേശങ്ങളിൽ വയോധികർക്ക് തങ്ങളുടെ സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ടുതന്നെ വൈദ്യസഹായം ലഭ്യമാകുന്ന പ്രത്യേക അപ്പാർട്ട്‌മെന്റുകൾ ഉണ്ടാകും. അവിടെ അവർക്ക് ഒരുമിച്ച് താമസിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനും സാധിക്കും. നെതർലാൻഡ്‌സ് പോലുള്ള രാജ്യങ്ങളിൽ വയോജന മന്ദിരങ്ങൾക്കൊപ്പം കുട്ടികളുടെ ഡേ കെയറുകളും പ്രവർത്തിക്കുന്നുണ്ട്. ഇത് വയോജനങ്ങളുടെ ഏകാന്തത കുറയ്ക്കാനും കുഞ്ഞുങ്ങൾക്ക് മുതിർന്നവരുടെ സ്‌നേഹം ലഭിക്കാനും സാധ്യത നൽകും.
വീഴുന്നതിനു മുൻപേ വീഴ്ചകൾ തിരിച്ചറിയുന്ന സെൻസറുകൾ, മരുന്ന് കഴിക്കാൻ ഓർമിപ്പിക്കുന്ന റോബോട്ടുകൾ എന്നിവ വിദേശത്തെ കെയർ ഹോമുകളിൽ സാധാരണമാണ്. ഇൻഷുറൻസ് സംവിധാനങ്ങൾ ഉള്ളതിനാൽ വാർധക്യകാല ചികിത്സയ്ക്കും കെയർ ഹോം ചെലവുകൾക്കുമായി സർക്കാർ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനികൾ പണം നൽകുന്നുണ്ട്.
കേരളത്തിലും 'പകൽവീടുകൾ' കൂടുതൽ സജീവമാക്കേണ്ടതുണ്ട്. കേവലം പെൻഷൻ നൽകുന്നതിലുപരി, വയോജനങ്ങൾക്ക് സാമൂഹികമായി ഇടപഴകാനുള്ള വേദികളും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളും കൂടുതൽ കാര്യക്ഷമമാക്കുന്നതും ഗുണകരമാകും.
Content Highlights: Kerala is transitioning into an aging society with 16.5% of the population over 60., Migration of children leads to increased isolation and mental health issues among the elderly., Government initiatives like Vayomithram and Day Care centers need expansion.