എബോള മുന്നറിയിപ്പ്: ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയ യുവതി ഐസൊലേഷനിൽ

ബെംഗളൂരു: കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യുവതിയെ എബോള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ച് അധികൃതർ. ഉഗാണ്ടയിൽന്നു വന്ന 28-കാരിയെയാണ് എബോള പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചശേഷം ഇന്ദിര നഗറിലെ എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റലിൽ ഐസൊലേഷനിലാക്കിയത്. രോഗബാധ സംബന്ധിച്ച ആഗോള മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടയിലാണിത്.
അതിനിടെ, യുവതിക്ക് പനി അടക്കമുള്ള വ്യക്തമായ ലക്ഷണങ്ങൾ ഇല്ലെന്നാണ് കർണാടക ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റിത്വിക് രഞ്ജനം പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞത്. എബോള ലക്ഷണങ്ങൾ ഉണ്ടോ എന്നതിനെക്കുറിച്ച് ഇപ്പോഴും ഉറപ്പില്ല. എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ ക്ഷീണം പോലുള്ള ലക്ഷണങ്ങൾ ശ്രദ്ധിക്കുകയും സാമ്പിൾ ശേഖരിക്കാൻ തീരുമാനിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പിളുകൾ പരിശോധനയ്ക്കായി പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്.
അടുത്തിടെ ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ ഉണ്ടായ രോഗബാധയെത്തുടർന്ന് എബോളയുടെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പറയുന്നത്. ബെംഗളൂരുവിലെത്തിയ യുവതിക്ക് നേരിയ ശരീര വേദനയുള്ള സാഹചര്യത്തിലാണ് നിരീക്ഷണത്തിനും വിലയിരുത്തലിനുമായി സർക്കാർ നിയന്ത്രണത്തിലുള്ള എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം.
ഈ യുവതിക്ക് മറ്റു പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും ആരോഗ്യവതിയാണെന്നും അധികൃതർ പറയുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്ന് പരിശോധനാഫലം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് അധികൃതർ. ഉഗാണ്ടയിൽനിന്ന് എത്തിയ ശേഷം സ്ത്രീ ആദ്യം ഒരു ഹോട്ടലിൽ താമസിച്ചതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അവരെ നിരീക്ഷിച്ചു വരികയാണെന്നും പ്രോട്ടോക്കോൾ അനുസരിച്ചുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെയും ഉഗാണ്ടയിലെയും ഉണ്ടായ എബോള രോഗബാധയെത്തുടർന്ന് ലോകാരോഗ്യ സംഘടന മെയ് 17-ന് അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ (PHEIC) പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ എബോള ബാധിച്ച രാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തുന്നവരോട് യാത്ര കഴിഞ്ഞ് 21 ദിവസത്തേക്ക് സ്വയം നിരീക്ഷണത്തിന് വിധേയരാകാൻ ആവശ്യപ്പെടുന്ന നിർദേശം കർണാടക ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ യാത്രക്കാർ ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്രയും പെട്ടെന്ന് റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യമെങ്കിൽ റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ നിരീക്ഷണവും സമ്പർക്ക വ്യക്തികളെ കണ്ടെത്താനുള്ള നടപടികളും സ്വീകരിക്കണമെന്നും വകുപ്പ് നിർദേശിച്ചിരുന്നു.
മുന്നൊരുക്ക നടപടികളുടെ ഭാഗമായി ബെംഗളൂരുവിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ആണ് ഐസൊലേഷൻ കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇന്ദിര നഗറിലെ എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റലിൽ ക്വാറന്റൈൻ- ചികിത്സാകേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. മംഗളൂരുവിൽ ന്യൂ മംഗളൂരു പോർട്ട് അതോറിറ്റിയുടെ കീഴിലുള്ള ശ്രീനിവാസ് പോർട്ട് ഹോസ്പിറ്റൽ ക്വാറന്റൈൻ കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്. വെൻലോക്ക് ജില്ലാ ആശുപത്രി നിയുക്ത ഐസൊലേഷൻ, ചികിത്സാ സൗകര്യമായി പ്രവർത്തിക്കും.
Content Highlights: Ugandan woman isolated in Bengaluru for Ebola testing after showing mild fatigue., Samples sent to National Institute of Virology, Pune; results awaited., WHO declared Ebola outbreaks in Congo and Uganda a global health emergency., Karnataka health department mandates 21-day self-monitoring for travelers from affected regions., Designated isolation and quarantine centers established in Bengaluru and Mangaluru.