‘ഏതൊരു രക്തസ്രാവവും നിസ്സാരമാക്കരുത്’; കുടലിലെ കാൻസർ, ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ പങ്കുവെച്ച് ഡോക്ടർ

#Health Desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

അമ്പത്തിയഞ്ചു വയസ്സിൽ താഴെയുള്ളവരിൽ ഏറ്റവും കൂടുതൽ സ്ഥിരീകരിക്കുന്ന അർബുദങ്ങളിലൊന്നാണ് കുടലിലെ കാൻസർ. പലപ്പോഴും ലക്ഷണങ്ങൾ നിസ്സാരമാക്കുന്നതിനാൽ രോഗസ്ഥിരീകരണം വൈകാറുമുണ്ട്. ചികിത്സ പരാജയപ്പെടുന്നതിന്റെ പ്രധാന കാരണവും ഇതാണ്. ഇപ്പോഴിതാ കുടലില അർബുദവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളേക്കുറിച്ചു പങ്കുവെക്കുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി.

ആദ്യത്തേതായി അദ്ദേഹം പറയുന്നത് മലവിസർജനത്തിലുണ്ടാകുന്ന വ്യത്യാസമാണ്. മലബന്ധം, വയറിളക്കം തുടങ്ങിയവ ഉണ്ടാവുകയോ ഇവ മാറിമാറി വരികയോ ചെയ്യുകയാണെങ്കിൽ ശ്രദ്ധിക്കണമെന്നു പറയുകയാണ് ഡോ.സൗരഭ്. മോശം ഭക്ഷണം കഴിക്കുമ്പോഴുണ്ടാകുന്ന വയറിളക്കമോ, യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന മലബന്ധമോ സാധാരണമാണ്. എന്നാൽ ഇവ ഒരാഴ്ചയിലേറെയായി നീണ്ടുനിൽക്കുന്നുവെങ്കിൽ നിസ്സാരമാക്കരുത്. വൻകുടലിൽ ട്യൂമർ വളരുന്നത് മലവിസർജനത്തിൽ കാലങ്ങളോളം നീണ്ടുനിൽക്കുന്ന പ്രശ്നങ്ങളുണ്ടാക്കാം.

മലത്തിൽ രക്തത്തിന്റെ അംശം കാണുന്നുണ്ടെങ്കിലും ശ്രദ്ധിക്കേണ്ട ലക്ഷണമാണെന്ന് ഡോ.സൗരഭ് പറയുന്നു. പലപ്പോഴും മൂലക്കുരുവായിരിക്കും ഇതിനു പിന്നിൽ. എന്നാൽ ഏതൊരു രക്തസ്രാവവും നിസ്സാരമാക്കേണ്ടതല്ലെന്നും കാരണം കണ്ടെത്തണമെന്നും അദ്ദേഹം പറയുന്നു. സമാനമായി ഇരുണ്ടതും കറുത്ത നിറമുള്ളതുമായ മലവും തുടർച്ചയാണെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്. വയറിലോ, കുടലിലോ രക്തസ്രാവം ഉണ്ടാകുമ്പോഴാണ് മലം കറുത്തനിറത്തിൽ പോവുക.

അകാരണമായി ഭാരം കുറയുന്നതും ശ്രദ്ധിക്കേണ്ട മറ്റൊരു ലക്ഷണമാണ്. ഭക്ഷണക്രമത്തിലോ, ജീവിതശൈലിയിലോ മാറ്റം വരുത്താതെ തന്നെ ശരീരഭാരം കുറയുന്നതാണ് കരുതലോടെ കാണേണ്ടത്. കുടലിൽ ട്യൂമർ രൂപപ്പെട്ടാൽ പോഷകങ്ങൾ വലിച്ചെടുക്കുന്നതിനെ തടയുകയും ഭാരം കുറയാൻ കാരണമാവുകയും ചെയ്യും. കൂടാതെ കാൻസറുകൾ സൈറ്റോകൈനുകൾ എന്നറിയപ്പെടുന്ന പദാർത്ഥങ്ങൾ പുറത്തുവിടുകയും അവ ഉപാപചയത്തെ തകിടം മറിക്കുകയും പോഷകങ്ങൾ ട്യൂമറിന്റെ വളർച്ചയ്ക്കു കാരണമായി ഭാരം കുറയാനിടയാക്കുകയും ചെയ്യും.

ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഇല്ലാത്തവർ കുറവായിരിക്കും. ഇറിറ്റബിൾ ബവൽ സിൻഡ്രോം, ലാക്റ്റോസ് ഇൻടോളറൻസ്, ഗ്ലൂട്ടൻ തുടങ്ങിയവയെല്ലാം ഇതിനുകാരണമാകാം. എന്നാൽ കുടലിൽ ട്യൂമർ വളരുന്നുണ്ടെങ്കിൽ അതും വയറുവീർക്കാനും ഗ്യാസ്ട്രിക് രീതി പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ഡോക്ടർ പറയുന്നു. ഭക്ഷണരീതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടും സമ്മർദം കുറച്ചിട്ടും ഗ്യാസ്ട്രിക് പ്രശ്നം മാറുന്നില്ലെങ്കിൽ വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

അനീമിയയും അയേണിന്റെ കുറവും ശ്രദ്ധിക്കേണ്ട മറ്റൊരു ലക്ഷണമാണെന്ന് ഡോ. സൗരഭ് പറയുന്നു. പലപ്പോഴും ചെറിയ അളവിൽ മാത്രമേ രക്തസ്രാവം ഉണ്ടാകുന്നുള്ളുവെങ്കിലും ആഴ്ചകളോ, മാസങ്ങളോ ഇത്തരത്തിൽ പോവുകവഴി അനീമിയയ്ക്കു കാരണമാകാമെന്നാണ് ഡോ. സൗരഭ് പറയുന്നത്.

Content Highlights: Persistent changes in bowel habits like diarrhea or constipation lasting over a week., Presence of blood in stool or black-colored stool indicates potential internal bleeding