ഇയർ ബഡ്സ് കേൾവിനഷ്ടത്തിന് കാരണമാകുമോ?; ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ അറിയണം, ഡോക്ടറുടെ മുന്നറിയിപ്പ്

ചെവിയില്‍ എന്തെങ്കിലും ചെറിയ അസ്വസ്ഥത തോന്നിയാല്‍ ഉടനെ ഇയര്‍ ബഡ്‌സ് തപ്പി പോകുന്നവരാണ് നമ്മളില്‍ പലരും. പ്രശ്‌നമൊന്നും ഇല്ലെങ്കിലും വെറുതെ ബഡ്‌സ് ചെവിയില്‍ ഇട്ട് തിരിക്കുന്നതും ചിലരുടെ ശീലമാണ്. എന്നാൽ, ഈ ശീലം നമ്മുടെ ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പറയുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി. ശരീരത്തിലെ പല ഭാഗങ്ങളെയും പോലെ ചെവിയും സ്വയം വൃത്തിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ചെവിക്കുള്ളിൽ ഇവ ഇടരുത് എന്ന ഉത്പ്പന്നം തന്നെ മുന്നറിയിപ്പ് നൽകുമ്പോഴും പലരും ഇത് ഇപ്പോഴും ഉപയോഗിക്കുന്നു. ഇത് ചെവിയ്ക്ക് കാര്യമായ ദോഷമുണ്ടാക്കും. ചെവിക്കായം അല്ലെങ്കില്‍ ഇയര്‍ വാക്‌സ് പൊടിയേയും ബാക്ടീരിയയേയും തടഞ്ഞുനിർത്തുന്നു. നമ്മുടെ ചെവിയുടെ സംരക്ഷണത്തിനായാണ് ഇവ ഉള്ളത്.
ചെവികൾ സ്വയം വൃത്തിയാകുന്നവയാണ്. കൂടാതെ, അധികമാകുമ്പോൾ ചെവിക്കായം സ്വാഭാവികമായി പുറത്തേക്ക് വരികയും ചെയ്യുന്നു. ബഡ്സ് ഉപയോഗിക്കുമ്പോൾ നമ്മൾ ചെവിക്കായം കൂടുതൽ ഉള്ളിലേക്ക് തള്ളുകയാണ്. ഇത് ഇയർ കനാലിൽ തടസ്സുമുണ്ടാക്കുകയും ചെവിവേദന, അണുബാധ എന്നീ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.
ചെവിയെ സംബന്ധിച്ചുണ്ടാകുന്ന 70 ശതമാനം പ്രശ്നങ്ങൾക്കും കാരണം കോട്ടൺ ബഡ്‌സിന്റെ ഉപയോഗമാണെന്ന് വ്യക്തമാക്കുന്ന ഒരു പഠനവും ഡോക്ടർ ചൂണ്ടിക്കാട്ടി. 2017-ൽ 'ദി ജേണൽ ഓഫ് പീഡിയാട്രിക്സിൽ' പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ബഡ്സിന്റെ ഉപയോഗം നിങ്ങൾക്ക് സംതൃപ്തി നൽകുമെന്ന് അറിയാം. എന്നാൽ. ഈ താത്ക്കാലിക ആശ്വാസം കേൾവിശക്തി നഷ്ടപ്പെടാൻ കാരണമായേക്കാമെന്നും സൗരഭ് സേഥി പറയുന്നു.
Content Highlights: Are earbuds causing hearing loss? Discover the dangers of using earbuds, especially for ear cleaning.