ഡി.ആർ.കോംഗായിലെ എബോള വ്യാപനം; ആശങ്കയായി ആരോഗ്യപ്രവർത്തകരുടെ കുറവ്, മരണം 3700 കടന്നു

ഡി.ആർ.കോംഗായിലെ എബോള പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ആശങ്കയായി ആരോഗ്യപ്രവർത്തകരുടെ കുറവ്. അതിവേഗം പടരുന്ന എബോളയെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്ന ഡി.ആർ.കോംഗോയിലെ ചികിത്സാകേന്ദ്രങ്ങളിൽ ആരോഗ്യപ്രവർത്തകർ പരിമിതമാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. കിഴക്കൻ പ്രവിശ്യയായ നോർത്ത് കിവുവിൽ മൂന്നാഴ്ചയ്ക്കിടെ രോഗബാധ 73% വർധിച്ചുവെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.
ഏറ്റവും പുതിയ സർക്കാർ കണക്കുകൾ പ്രകാരം രോഗം ഏഴ് പ്രവിശ്യകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ആകെ 7,773 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 3,759 പേർ മരിക്കുകയും ചെയ്തു. ആഗസ്റ്റ് 31നും സെപ്റ്റംബർ 20നും ഇടയിൽ ഇറ്റുരി പ്രവിശ്യയിൽ രോഗബാധ 26% -വും ഹൗട്ട്-ഉലെയിൽ 15%-വും കുറഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കയ്ക്കായുള്ള റീജിയണൽ എമർജൻസി ഡയറക്ടർ മേരി റോസ്‌ലൈൻ ബെലിസൈർ പറഞ്ഞു. എന്നാൽ രോഗവ്യാപനം നിയന്ത്രണവിധേയമായെന്നു പറയാനാവില്ലെന്നും അവർ വ്യക്തമാക്കി. ചില പ്രവിശ്യകളിൽ രോഗബാധയും മരണവും കുറയുമ്പോൾ, മറ്റ് ചിലയിടങ്ങളിൽ അവ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും മേരി റോസ്‌ലൈൻ പറഞ്ഞു.
കുട്ടികളിലെ മരണനിരക്കാണ് പ്രതിരോധ പ്രവർത്തനങ്ങളിലെ മറ്റൊരു പ്രധാന വെല്ലുവിളിയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. മുതിർന്നവരിൽ ഇത് ഏകദേശം 40% ആണെങ്കിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ രോഗബാധമൂലമുള്ള മരണനിരക്ക് 60%-ത്തിൽ അധികമാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് തങ്ങളുടെ ലക്ഷണങ്ങൾ കൃത്യമായി വിശദീകരിക്കാൻ കഴിയില്ലെന്നതിനാലും ലക്ഷണങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടായതിനാലും അവരിൽ രോഗം കണ്ടെത്തുക വളരെ പ്രയാസമാണെന്നും ലോകാരോഗ്യസംഘടന കൂട്ടിച്ചേർത്തു.
ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപനമായ 2014-2016 ലെ പടിഞ്ഞാറൻ ആഫ്രിക്കൻ എബോള വ്യാപനത്തെ മറികടക്കാൻ പോന്നതാണ് നിലവിലെ വ്യാപനമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 2014-2016 വ്യാപനത്തിൽ 28,000 കേസുകൾ സ്ഥിരീകരിക്കുകയും 11,000 രോഗികൾ മരിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ വ്യാപനത്തിൽ രണ്ടുമാസത്തിനുള്ളിൽത്തന്നെ മരണനിരക്ക് ആയിരംകടന്നിരിക്കുകയാണ്. നിലവിലെ വ്യാപനത്തിൽ 2014-2016 കാലഘട്ടത്തെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി വേഗത്തിൽ 2,500 കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിലവിലെ വ്യാപനത്തിന്റെ ഏറ്റവും മോശംഘട്ടം ഇനിയും വന്നേക്കാമെന്നാണ് അധികൃതർ കരുതുന്നത്. നിരീക്ഷിക്കപ്പെടുന്ന കേസുകൾക്കു പുറത്തുനിന്നാണ് ഭൂരിഭാഗം പുതിയ കേസുകളും വരുന്നത്. 2014-ൽ ആരംഭിച്ച എബോള വ്യാപനം മൂന്നുവർഷത്തോളം നീണ്ടുനിന്ന് 2016-ലാണ് അവസാനിച്ചത്. 2013 ഡിസംബറിലാണ് ആദ്യകേസ് രേഖപ്പെടുത്തിയത്. പക്ഷേ 2014 മാർച്ച് ആകുന്നതുവരെ രോഗവ്യാപനം തിരിച്ചറിഞ്ഞിരുന്നില്ല. 2016 ജൂണിൽ എബോള വ്യാപനത്തിന് അവസാനമായതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എബോള വൈറസ് വ്യാപനം
വൈറസ് ബാധയാണ് എബോള. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം.
ലക്ഷണങ്ങൾ
വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരിൽ രോഗാവസ്ഥ കുറച്ചു ദിവസങ്ങൾകൊണ്ട് തനിയെ മാറുന്നു. എന്നാൽ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരിൽ ക്രമേണ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.
സാധാരണ കാണുന്ന ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗബാധയുണ്ടാകുന്നവർക്ക് ഗുരുതരാവസ്ഥയുണ്ടാകുന്നതിന് കാരണം നേരത്തെയുണ്ടായിരുന്ന പോഷകാഹാരക്കുറവും കരൾരോഗവും മദ്യപാനവുമൊക്കെയാണ്. NSAID വിഭാഗത്തിലുള്ള മരുന്നുകളുടെ ഉപയോഗവും രോഗബാധയുള്ളവരെ ഗുരുതരാവസ്ഥയിലാക്കുന്നു.
പ്രതിരോധ മാർഗങ്ങൾ
രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം. ജന്തുജന്യരോഗമായതിനാൽതന്നെ ശരിയായി പാകപ്പെടുത്തിയ മാംസം മാത്രം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. വായു, വെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവവഴി രോഗം പകരാനിടയില്ല. അതിനാൽതന്നെ ശരിയായ മുൻകരുതലിന് രോഗം പകരുന്നത് തടയാൻ കഴിയും.
രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. അതിനാൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതൽ നടപടി സ്വീകരിക്കുക. രോഗബാധ കണ്ടെത്തിയവരെ ഐസോലേഷൻ വിഭാഗത്തിലെത്തിക്കുക, സമ്പർക്കം ഒഴിവാക്കുക, എത്രയും പെട്ടന്ന് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുക.
Content Highlights: D.R. Congo faces a healthcare worker shortage amid efforts to control the Ebola outbreak, with cases rising 73% in North Kivu.