പ്രസവമെടുക്കുന്നതിനി‌‌ടെ ഡോക്ടറുടെ മുഖത്തേക്ക് തെറിച്ച് അംനിയോട്ടിക് ദ്രവം, വൈറലായി വീഡിയോ

#Health Desk
വൈറലാകുന്ന വീഡിയോയിൽ നിന്ന്
വൈറലാകുന്ന വീഡിയോയിൽ നിന്ന്

പ്രസവമെടുക്കുന്നതിനി‌ടെ ഡോക്ടറുടെ മുഖത്തേക്ക് ഒരു ദ്രാവകം തെറിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. കർണാടകയിൽ ഗൈനക്കോളജിസ്റ്റായ ഡോ.ഐശ്വര്യ ബി.ആറിന്റെ വീഡിയോ ആണ് പുറത്തുവന്നത്. ഇതോടെ നിരവധിപേർ ഡോക്ടറുടെ മുഖത്തു തെറിക്കുന്ന ദ്രാവകം എന്താണെന്ന സംശയം പ്രകടിപ്പിച്ചിരുന്നു. പ്രസവത്തിനി‌ടെ സമ്മർദംകൂടുമ്പോൾ അംനിയോട്ടിക് ദ്രവം പുറത്തേക്കുതെറിക്കുന്നതാണ് വീഡിയോയിലുള്ളത്. ‌

 
 
 
 
 
 
 
 
 
 
 
 
 
 
 

പ്രസവത്തിനി‌ടെ കുട്ടി പുറത്തേക്കുവരുന്ന സമയത്ത് ഗർഭപാത്രത്തിനുള്ളിൽ രൂപപ്പെടുന്ന ശക്തമായ മർദ്ദം മൂലമോ, അംനിയോട്ടിക് സഞ്ചി പെട്ടെന്ന് പൊട്ടുമ്പോഴോ ആണ് അംനിയോട്ടിക് ദ്രാവകം പുറത്തേക്കുതെറിക്കുക. എല്ലായ്പ്പോഴും ഇത്തരത്തിൽ സംഭവിക്കുകയുമില്ല.

നിരവധിപേരാണ് ഐശ്വര്യയെ പ്രശംസിച്ച് കമന്റ് ചെയ്തത്. ഗൈനക്കോളജിസ്റ്റുകൾ കടന്നുപോകുന്ന അവസ്ഥ തിരിച്ചറിയാൻ ഈ വീഡിയോ സഹായിച്ചുവെന്ന് പലരും കുറിച്ചു. ഇതിനുപിന്നാലെ വീഡ‍ിയോ വൈറലാവുകയും വീഡിയോ ഏറ്റെടുത്തവർക്ക് ഡോ.ഐശ്വര്യ നന്ദിയറിയിക്കുകയും ചെയ്തിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

എന്താണ് അംനിയോട്ടിക്ക് ദ്രവം ?

കുഞ്ഞിന്റെ വികാസത്തിന് സഹായിക്കുന്ന വെള്ളം പോലുള്ള ദ്രാവകമാണ് അംനിയോട്ടിക്ക് ദ്രവം. കുഞ്ഞിനെ ഗർഭാവസ്ഥയിൽ സുരക്ഷിതമായി കാക്കുന്നതിനും അവരുടെ വളർച്ചയ്ക്കുമെല്ലാം ഇത് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എല്ലാ അണുബാധയിൽ നിന്നും കുഞ്ഞിന് ഒരു കവചമാകുന്നതാണിവ. മാത്രമല്ല ഗർഭാവസ്ഥയിൽ ഉദരത്തിൽ എന്തെങ്കിലും തരത്തിലുള്ള പ്രഹരമേറ്റാൽ കുഞ്ഞിനെ ഒരു പരിധി വരെ അത് ഏൽക്കുന്നതിൽ നിന്നും പൊക്കിൾ കൊടി ചുരുങ്ങുന്നതിൽ നിന്നുമെല്ലാം ഇവയ്ക്ക് സംരക്ഷിക്കാനാവും. ഗർഭാശയത്തിലുള്ള താപനില ശരിയായി നിലനിർത്താനും കുഞ്ഞിന്റെ പേശികൾ, കൈകാലുകൾ , ശ്വാസകോശം, ദഹനവ്യവസ്ഥ എന്നിവയുടെ ശരിയായ വികാസത്തിനും ഇവ മുതൽക്കൂട്ടാകുന്നു. രണ്ടാമത്തെ ട്രൈമെസ്റ്ററിലാണ് കുഞ്ഞ് ശ്വസിക്കാൻ തുടങ്ങുന്നത്. അപ്പോഴേക്കും ഈ അംനിയോട്ടിക്ക് ദ്രവം കുഞ്ഞ് വിഴുങ്ങുകയും അത് മൂത്രത്തിലൂടെ പുറത്തേക്കു വിടുകയും ചെയ്യും. ഈ പ്രകിയ തുടർന്നുകൊണ്ടിരിക്കും. ഈ പ്രക്രിയയാണ് ഗർഭപാത്രത്തിലെ അംനിയോട്ടിക്ക് ദ്രവം ശരിയായ അളവിൽ നിലനിൽക്കാൻ സഹായിക്കുന്നത്. ഗർഭകാലത്തെ മുപ്പത്തിയാറാം ആഴ്ച വരെ ഇവയുടെ അളവ് കൂടിക്കൊണ്ടിരിക്കും. ഇത് സാധാരണ 800 മുതൽ 1000 മില്ലി ലിറ്റർ വരെയാണ്. പ്രസവം അടുക്കുമ്പോൾ ഇതിന്റെ എട്ട്‌ ശതമാനം വരെ കുറയുകയും ചെയ്യുന്നു.

Content Highlights: A viral video shows amniotic fluid splashing onto a gynecologist's face during childbirth.