'മകനുവേണ്ടി അതിജീവിക്കണം'; മുടി കൊഴിയുന്നതിലോ സൗന്ദര്യത്തെക്കുറിച്ചോ പരാതിയില്ലായിരുന്നു- ദീപിക കക്കർ

കരളിൽ അർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ചും ചികിത്സയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞിട്ടുള്ളയാണ് ഹിന്ദി ടിവി താരം ദീപിക കക്കർ. യൂട്യൂബ് വ്ലോഗിലൂടെയാണ് ദീപിക തന്റെ അതിജീവന കഥ പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ, രോഗനിർണയത്തിന് ശേഷം താൻ തകർന്നുപോയെന്ന് പറയുകയാണ് ദീപിക.
'കാൻസർ രോഗനിർണയം നടത്തിയശേഷം എന്റെ മകനെ മുലയൂട്ടാൻ എനിക്ക് കഴിഞ്ഞില്ല. ഈ സമയത്ത് അവൻ കരഞ്ഞതോടെ, ഞാൻ മകനെ അമ്മയുടെ കൈകളിൽ ഏൽപ്പിച്ചു. ജീവിതത്തിൽ തകർന്നുപോയ നിമിഷമായിരുന്നു അത്. കാൻസർ എന്ന വാക്കുതന്നെ ഭീകരമാണ്. രോഗവിവരം അറിഞ്ഞപ്പോൾ ഞാനും ഭർത്താവ് ഷുഐബും ആശുപത്രിയുടെ ലോബിയിൽ ഇരുന്ന് കരഞ്ഞിട്ടുണ്ട്. പക്ഷേ അതിനുശേഷം ഇനി കരയില്ലെന്ന് ഞാൻ തീരുമാനിച്ചു. എന്റെ സൗന്ദരത്തെക്കുറിച്ചോ ശരീരഭാരം കൂടുന്നതിനെക്കുറിച്ചോ മുടി കൊഴിഞ്ഞാലോ എനിക്ക് പരാതികളില്ല. ഇതൊക്കെ സംഭവിക്കുമ്പോഴും മകനുവേണ്ടി സുഖം പ്രാപിക്കണമെന്നായിരുന്നു ഷുഐബിനോട് പറഞ്ഞത്', ദീപിക ഒരു യൂട്യൂബ് ചാറ്റ് ഷോയിൽ സംസാരിക്കവെ പറഞ്ഞു.
2025 മേയിലാണ് താൻ സ്റ്റേജ് 2 കരൾ കാൻസറിനെതിരെ പോരാടുകയാണെന്ന് ദീപിക വെളിപ്പെടുത്തിയത്. തന്റെ ശരീരത്തിൽ നിന്ന് ഏകദേശം 11 സെൻ്റിമീറ്റർ വലിപ്പമുള്ള ട്യൂമർ നീക്കം ചെയ്തതായി ദീപിക പറഞ്ഞിട്ടുണ്ട്. കടുത്ത വയറുവേദനയെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഡോക്ടർമാർ കരളിൽ "ഒരു ടെന്നീസ് ബോളിന്റെ വലുപ്പമുള്ള" ഒരു ട്യൂമർ കണ്ടെത്തിയതെന്നും പിന്നീട് അത് അർബുദമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നുവെന്നുമാണ് ദീപിക അറിയിച്ചത്.
കരളിലെ കാൻസർ
കരളിൽ കാണപ്പെടുന്ന സാധാരണവും മാരകവുമായ ട്യൂമറാണ് ഹെപ്പറ്റോസെല്ലുലാർ കാർസിനോമ അഥവാ ലിവർ കാൻസർ-എച്ച്സിസി. ലോകത്ത് സംഭവിക്കുന്ന കാൻസർ മരണങ്ങളിൽ മൂന്നാമതാണ് കരളിലെ കാൻസർ. ഗുരുതരമായ ഹെപ്പറ്റൈറ്റിസ് ബി വൈറസ്, ഹെപ്പറ്റൈറ്റിസ് സി വൈറസ്, അണുബാധകൾ, മദ്യപാനത്താലോ മറ്റേതെങ്കിലും കാരണത്താലോ ഉണ്ടാകുന്ന ലിവർ സിറോസിസ്, സ്റ്റിയോട്ടിക് കരൾ രോഗവുമായി ബന്ധപ്പെട്ട് മെറ്റബോളിസത്തിലുണ്ടാകുന്ന തകരാർ തുടങ്ങിയവ പ്രധാന കാരണങ്ങളാണ്. വയറിന്റെ മുകൾ ഭാഗത്ത് വേദന, വയറിൽ വീക്കം, ഛർദിയും ഓക്കാനവും, മഞ്ഞപ്പിത്തം, വെള്ളനിറത്തിലുള്ള മലം, ഭാരം കുറയൽ തുടങ്ങിയവ പ്രധാനലക്ഷണണങ്ങളാണ്.
ബി ഹെപ്പറ്റൈറ്റിസ് ബി നിരന്തരം പരിശോധിക്കുക, ലിവർ കാൻസറിലേക്ക് നയിക്കുന്ന രോഗങ്ങളെ കൃത്യസമയത്ത് ചികിത്സിക്കുക, മദ്യപാനം, പുകവലി തുടങ്ങിയവ പരിമിതപ്പെടുത്തുക, കാൻസറിലേക്ക് നയിക്കുന്ന കെമിക്കലുകളുമായുള്ള സമ്പർക്കം കുറയ്ക്കുക, ശരീരഭാരം ആരാേഗ്യകരമായി നിലനിർത്തുക, കൊളസ്ട്രോൾ നിലയും പ്രമേഹവും നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ കരളിലെ കാൻസറിനെ പ്രതിരോധിക്കാനാവും.
Content Highlights: Dipika Kakar opens up about her devastating cancer diagnosis and her initial emotional breakdown, sharing her prayer and resolve with husband Shoaib Ibrahim.