രോഗികൾ 230; ഓസ്ട്രേലിയയിൽ ഏറ്റവും വലിയ ഡിഫ്തീരിയ വ്യാപനം

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ ഡിഫ്തീരിയ വ്യാപനം നേരിട്ട് ഓസ്ട്രേലിയ. ഈ വർഷം മാത്രം 230-ലധികം ഡിഫ്തീരിയ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നോർത്തേൺ ടെറിട്ടറി, വെസ്റ്റേൺ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ പ്രദേശങ്ങളെയാണ് രോഗം കൂടുതലായും ബാധിച്ചിരിക്കുന്നത്. ക്വീൻസ്‌ലാൻഡിലും സൗത്ത് ഓസ്‌ട്രേലിയയിലും കൂടുതൽ കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതർ പറയുന്നു.

ഗുരുതരമായ വ്യാപനമാണ് ഉണ്ടായിരിക്കുന്നതെന്നും ഗുരുതരമായ രോഗമാണ് ഇതെന്നും ഫെഡറൽ ഹെൽത്ത് മിനിസ്റ്റർ മാർക്ക് ബട്ട്ലർ എബിസി ന്യൂസിനോട് പറഞ്ഞു. രോഗവ്യാപനമുള്ള സ്ഥലങ്ങളിൽ കഴിയാവുന്നത്ര വേഗത്തിൽ വാക്സിൻ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗവ്യാപനം പ്രതിരോധിക്കാൻ വാക്സിനേഷൻ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ഒരിക്കൽ അപൂർവമായി കണക്കാക്കപ്പെട്ടിരുന്ന ഈ രോഗം ഓസ്‌ട്രേലിയയിലേയ്ക്ക്  തിരിച്ചുവരികയാണെന്ന് കരുതുന്നതെന്ന് അധികൃതർ പറയുന്നു. വാക്സിനേഷൻ കുറഞ്ഞത്, ബൂസ്റ്റർ ഡോസുകൾ നൽകുന്നതിലെ കാലതാമസം, വാക്സിനുകളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ, വിദൂര പ്രദേശങ്ങളിൽ ആരോഗ്യസംവിധാനം എത്താതിരിക്കുന്നത് തുടങ്ങിയവയാണ് നിലവിൽ രോഗികളുടെ നിരക്ക് കൂടുന്നതിന് കാരണമായി കരുതുന്നത്.

എന്താണ് ഡിഫ്ത്തീരിയ

വലിയതോതിൽ പടർന്നുപിടിക്കുന്ന ഒരു രോഗമാണ് ഡിഫ്ത്തീരിയ. മൂക്ക്, തൊണ്ട എന്നിവയെയാണ് രോഗം പ്രധാനമായും ബാധിക്കുക. കൊറെയ്ൻ ബാക്ടീരിയം ഡിഫ്തീരിയെ എന്ന രോഗാണു തൊണ്ടയെ ബാധിച്ച് അവിടെയൊരു കപടസ്തരം രൂപപ്പെടുന്നതോടെയാണ് അപകടസ്ഥിതി ഉണ്ടാകുന്നത്. ശ്വാസതടസ്സം, ഹൃദയസ്തംഭനം, പക്ഷാഘാതം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് ഇത് നയിക്കും. ചികിത്സിക്കാതെ വിട്ടാൽ ജീവന് തന്നെ ഭീഷണിയായേക്കും. ചുമ, മൂക്കൊലിപ്പ്, രോഗം ബാധിച്ചയാളുമായി അടുത്ത് ഇടപഴകൽ എന്നിവയൊക്കെയാണ് രോഗംവ്യാപിക്കാൻ കാരണമാകുന്നത്.

ശ്വാസനാളം അടയുന്നതോടെ ഹൃദയപേശികൾക്ക് ക്ഷതമുണ്ടാക്കി മരണംവരെയുണ്ടാക്കാവുന്ന ഈ രോഗത്തെ തടയാൻ ശൈശവത്തിൽത്തന്നെ നൽകുന്ന പ്രതിരോധ കുത്തിവെപ്പിനു കഴിയും. ശിശു ജനിച്ച് നാലാമത്തെ ആഴ്ചയിലും പത്ത്, പതിന്നാല് ആഴ്ചകളിലുമാണ് ഡിഫ്തീരിയ വാക്‌സിൻ നൽകുന്നത്. ഒന്നര വയസ്സിൽ ആദ്യത്തെയും നാലര വയസ്സിൽ രണ്ടാമത്തെയും ബൂസ്റ്റർ ഡോസുകൾകൂടി നൽകുന്നതോടെ രോഗം വരാനുള്ള സാധ്യത അവസാനിക്കും. വാക്സിനേഷൻ സ്വീകരിക്കാത്തതും ഭാഗികമായി വാക്സിനേഷൻ നൽകുന്നതുമായ പല രാജ്യങ്ങളിലും ഡിഫ്ത്തീരിയ ബാധ വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Content Highlights: Australia Faces Major Diphtheria Outbreak: What You Need to Know