അക്കാലത്ത് തനിക്ക് കുഷ്ഠരോഗം ഉണ്ടായിരുന്നു, തുറന്നുപറഞ്ഞ് ഡിംപിൾ കപാഡിയ

1973-ൽ പുറത്തിറങ്ങിയ ബോബി എന്ന ചിത്രത്തിലൂടെയാണ് പ്രശസ്ത നടി ഡിംപിൾ കപാഡിയയുടെ ബോളിവുഡ് അരങ്ങേറ്റം. പതിനാലാം വയസ്സിലാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച് ഡിംപിൾ കപാഡിയ സിനിമയിലെത്തുന്നത്. എന്നാൽ അതിനുമുമ്പ് താനൊരു രോഗാവസ്ഥയിലൂടെ കടന്നുപോയിരുന്നുവെന്ന് പങ്കുവെച്ചിരിക്കുകയാണ് ഡിംപിൾ ഇപ്പോൾ. അക്കാലത്ത് തനിക്ക് കുഷ്ഠരോഗം ഉണ്ടായിരുന്നുവെന്നാണ് ഡിംപിൾ തുറന്നുപറഞ്ഞത്.
സിനിമയ്ക്കുവേണ്ടി സംവിധായകൻ രാജ്കപൂർ തന്നെ ആദ്യമായി കാണുന്ന സമയത്ത് തനിക്ക് കുഷ്ഠരോഗം ഉണ്ടായിരുന്നുവെന്നാണ് ഡിംപിൾ പറഞ്ഞത്. നായികയാക്കാൻ പറ്റിയ സുന്ദരിയായ ഒരു പെൺകുട്ടിയുണ്ടെന്നും അവൾ കുഷ്ഠരോഗത്താൽ വലയുകയാണെന്നുമാണ് രാജ്കപൂറിനോട് ആരോ പറഞ്ഞത്. അങ്ങനെയാണ് അദ്ദേഹം തന്നെ കാണാനെത്തുന്നതെന്നും പിന്നീട് സിനിമയിലേക്കെത്തുന്നതെന്നും ഡിംപിൾ പറയുന്നു.
മുമ്പൊരിക്കൽ തന്റെ രോഗത്തേക്കുറിച്ച് കുടുംബസുഹൃത്തിലൊരാൾ പറഞ്ഞതിനേക്കുറിച്ച് ഡിംപിൾ പറഞ്ഞിരുന്നു. അന്ന് തനിക്ക് പന്ത്രണ്ടു വയസ്സായിരുന്നു പ്രായം. കൈമുട്ടിലാണ് രോഗംബാധിച്ചത്. ഇക്കാരണം കൊണ്ട് തന്നെ സ്കൂളിൽ നിന്ന് അകറ്റിനിർത്തുമെന്നാണ് അന്നയാൾ പറഞ്ഞത്. ആന്നാദ്യമായാണ് അകറ്റിനിർത്തുക എന്ന വാക്കുപോലും കേൾക്കുന്നതെന്നും ഡിംപിൾ പറഞ്ഞു.
എന്താണ് കുഷ്ഠരോഗം? എങ്ങനെ പകരും?
വായുവിലൂടെ പകരുന്ന ഒരു ദീര്‍ഘകാല സാംക്രമിക രോഗമാണ് കുഷ്ഠരോഗം. മൈക്കോബാക്ടീരിയം ലെപ്രേ എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. രോഗബാധിതനായ വ്യക്തി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായുവിലൂടെ രോഗം പകരാം. ചികിത്സ സ്വീകരിക്കാത്ത രോഗിയുമായുള്ള സ്പർശനത്തിലൂടെയും രോഗം പകരാം. രോഗാണു ഒരാളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ശരാശരി മൂന്നുമുതൽ അഞ്ചുവർഷം വരെ എടുക്കുന്നു. രോഗം വായുവിലൂടെ പകരുമെങ്കിലും സമൂഹത്തിലെ 95 ശതമാനം പേരും ഈ രോഗാണുവിനേട് പ്രതിരോധശേഷി ആർജിച്ചവരാണ്.
രോഗലക്ഷണങ്ങൾ
ചർമത്തിൽ നിറം മങ്ങിയതും ചുവന്നതുമായ സ്പർശനശേഷി കുറഞ്ഞ പാടുകൾ, സേഫ്റ്റി പിൻപോലെയുള്ളവ കൊണ്ടു ചെറുതായി കുത്തിയാലും വേദന അനുഭവപ്പെടില്ല, കട്ടിയുള്ള തിളങ്ങുന്ന ചർമം, കൈകാലുകളിലെ മരവിപ്പ്, ബലക്ഷയം, വൈകല്യങ്ങൾ, വേദനയില്ലാത്ത മാറാത്ത വൃണങ്ങൾ, ചുവന്ന് തടിച്ച ചെവി, തടിച്ച നാഡികൾ, ചർമത്തിലുണ്ടാകുന്ന കലകൾ, ചൂടും തണുപ്പും, മർദവും തിരിച്ചറിയാനാകാത്ത അവസ്ഥ, കാലുകളിലെ രോമംകൊഴിച്ചിൽ തുടങ്ങിയവ കുഷ്ഠരോഗ ലക്ഷണങ്ങളാകാം.
ചികിത്സ
നേരത്തേ രോഗം കണ്ടുപിടിച്ചവരിൽ വൈരൂപ്യങ്ങളും അംഗവൈകല്യങ്ങളും സംഭവിക്കുന്നതിനു മുമ്പുതന്നെ ചികിത്സിച്ചു ഭേദമാക്കാം. സർക്കാർ ആശുപത്രികളിൽ സൗജന്യചികിത്സ ലഭ്യമാണ്.
Content Highlights: dimple kapadia says she had leprosy