പ്രമേഹം 21 തരം കാൻസറുകൾക്കുള്ള സാധ്യത കൂട്ടുന്നു, ബന്ധം വിലയിരുത്തി പഠനം

പ്രമേഹവം, അർബുദം എന്നിവയെ പൊതുവേ രണ്ട് വ്യത്യസ്ത വിഷയങ്ങളായാണ് സമീപിക്കാറുള്ളത്. എന്നാൽ ഇവ രണ്ടുംതമ്മിൽ വലിയ ബന്ധമുണ്ടെന്നു വ്യക്തമാക്കുകയാണ് പുതിയ പഠനം. 24 കാൻസറുകളിൽ 21 എണ്ണവുമായും പ്രമേഹത്തിന് ബന്ധമുണ്ടെന്നാണ് പഠനം പറയുന്നത്. ഡയബറ്റിസ് തെറാപ്പി എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രമേഹരോഗികളിൽ 24 സാധാരണ കാൻസറുകളിൽ 21 എണ്ണത്തിനുമുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്. രാജ്യത്തെ അഞ്ചുദശലക്ഷം വ്യക്തികളുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് വിലയിരുത്തലിൽ എത്തിയത്. ലിവർ, പാൻക്രിയാറ്റിക്, കോളറക്റ്റൽ, ബ്രെസ്റ്റ്, എൻഡോമെട്രിയൽ കാൻസറുകളിലാണ് ഈ ബന്ധം കൂടുതൽ പ്രകടമായത്. കാൻസറിനുള്ള ചില ചികിത്സകൾ ബ്ലഡ് ഷുഗർ നിലയിൽ വ്യത്യാസം വരുത്തുകയും പ്രമേഹസാധ്യത കൂട്ടുകയും ചെയ്യുമെന്നും ഗവേഷകർ പറയുന്നു.
ക്ലിനിക്കൽ റിസർച്ചുകളും ലബോറട്ടറി പഠനങ്ങളും പരിശോധിച്ചാണ് കാൻസറും പ്രമേഹവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ വിലയിരുത്തിയത്. പ്രമേഹം നേരിട്ട് കാൻസറിനു കാരണമാവുകയല്ല, മറിച്ച് അപകടസാധ്യത കൂട്ടുകയാണ് ചെയ്യുന്നതെന്ന് ഗവേഷകർ പറയുന്നു. അതിൽ പ്രധാനമായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത് ഇൻസുലിൻ റെസിസ്റ്റൻസ് ആണ്. ടൈപ്പ് 2 ഡയബറ്റിസ് രോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ നിയന്ത്രിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണിന്റെ പ്രവർത്തനം തകരാറിലാവും. ശരീരം കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ഇൻസുലിൻ നില ഉയർന്നുനിൽക്കും. ഇത് കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയെ സഹായിക്കും. ക്രമേണ ട്യൂമർ ഉണ്ടാകാനും സാധ്യത കൂടും.
രക്തത്തിലെ ഗ്ലൂക്കോസിന്റെ നില സദാ ഉയർന്നുനിൽക്കുന്ന ക്രോണിക് ഹൈപ്പർഗ്ലൈസീമിയ എന്ന അവസ്ഥയും കാൻസർ സാധ്യത കൂട്ടിയേക്കാമെന്ന് ഗവേഷകർ വിലയിരുത്തുന്നു. ഹൈപ്പർഗ്ലൈസീമിയ ഓക്സിഡേറ്റീസ് സ്ട്രെസ്സ് കൂട്ടും. ഇത് ഡിഎൻഎ തകരാറിനു കാരണമാവുകയും കാൻസർ സാധ്യത കൂടുകയും ചെയ്യും. ഇതുകൂടാതെ വീക്കവും മറ്റൊരു കാരണമാണെന്ന് ഗവേഷകർ പറയുന്നു. അമിതവണ്ണമുള്ള പ്രമേഹരോഗികളിൽ വീക്കം കാണാറുണ്ട്. ഇതും ട്യൂമർ വളർച്ചയുടെ ആക്കംകൂട്ടും.
കാൻസറും പ്രമേഹവും തമ്മിലുള്ള ബന്ധം പരസ്പരപൂരിതമാണെന്നും ഗവേഷകർ പറയുന്നുണ്ട്. പ്രമേഹം കാൻസർ സാധ്യത കൂട്ടുന്നതുപോലെതന്നെ കാൻസർ ചികിത്സ തിരിച്ച് പ്രമേഹസാധ്യതയും കൂട്ടുന്നുണ്ട്. ചിലയിനം കാൻസറുകളും കാൻസർ ചികിത്സകളുമാണ് രോഗസാധ്യത കൂട്ടുന്നത്. പാൻക്രിയാറ്റിക് കാൻസർ ഉള്ളവരിൽ പാൻക്രിയാസിനു തകരാർ സംഭവിക്കുന്നത് ഇൻസുലിൻ ഉത്പാദനത്തെ ബാധിക്കുകയും ഡയബറ്റിസിനു കാരണമാവുകയും ചെയ്യും. പാൻക്രിയാസിൽ സർജറിയും റേഡിയേഷനും ചെയ്യുന്നതും ഇതേ സാഹചര്യമുണ്ടാക്കുന്നു. ഇതുകൂടാതെ കാൻസർ ചികിത്സയുടെ ഭാഗമായി നൽകുന്ന ചില സ്റ്റിറോയ്ഡുകൾ ഇൻസുലിന്റെ പ്രതിരോധത്തിനു കാരണമാകുന്നുണ്ട്. ഇമ്മ്യൂണോതെറാപ്പി, ഹോർമോൺ തെറാപ്പി, ടാർഗെറ്റഡ് തെറാപ്പി തുടങ്ങിയവയും ഇൻസുലിൻ പ്രതിരോധത്തിനും പ്രമേഹത്തിനും കാരണമാകാം.
പ്രമേഹരോഗികൾ പ്രായത്തിനനുസരിച്ച് കാൻസർ സ്ക്രീനിങ്ങിനു വിധേയരാകണമെന്നും ഗവേഷകർ പറയുന്നുണ്ട്. ശാരീരിക വ്യായാമം, ആരോഗ്യകരമായ ഭാരം നിലനിർത്തുക, സമീകൃതാഹാരം തുടങ്ങിയവയിലൂടെ ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും പ്രമേഹസാധ്യത കുറയ്ക്കാനും കഴിയുമെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.
Content Highlights: A recent study highlights a significant link between diabetes and 21 out of 24 common cancers, emphasizing the role of insulin resistance.