2050 ആകുമ്പോഴേക്ക് പുതിയ ഡിമെൻഷ്യ കേസുകൾ മാത്രം രണ്ടരക്കോടിയായി ഉയരും; കരുതൽ വേണമെന്ന് പഠനം

വരുംദശകങ്ങളിൽ ലോകം നേരിടുന്ന വലിയ ആരോഗ്യഭീഷണിയായി ഡിമെൻഷ്യ മാറുമെന്ന് പഠനം. 2050 ആകുമ്പോഴേക്കും ലോകമെമ്പാടുമുള്ള പുതിയ കേസുകളുടെ എണ്ണം രണ്ടരക്കോടി ഉയരുമെന്നാണ് കണക്കാക്കുന്നത്. 2023-ൽ ഈ നിരക്ക് ഏകദേശം ഒന്നേകാൽകോടിയായിരുന്നു. ജാമാ ന്യൂറോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
18 രാജ്യങ്ങളിൽനിന്നുള്ള 38,418 പേരെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. പ്രായം, ലിംഗഭേദം, ദേശീയ വരുമാന നിലവാരം എന്നിവയ്ക്കനുസരിച്ച് ഈ നിരക്കുകൾ എങ്ങനെ വ്യത്യാപ്പെടുന്നുവെന്നും ഗവേഷകർ പരിശോധിച്ചു. കാലക്രമേണ ഡിമെൻഷ്യ ബാധ നിരക്ക് വർധിക്കുമെന്നാണ് പ്രവചനം.
ഡിമെൻഷ്യ ബാധിതരായ മൊത്തം ആളുകളുടെ എണ്ണത്തെയല്ല ഇത് സൂചിപ്പിക്കുന്നതെന്നും മറിച്ച് ഓരോ വർഷവും പ്രതീക്ഷിക്കുന്ന പുതിയ കേസുകളുടെ എണ്ണത്തിന്റെ കണക്കാണെന്നും ഗവേഷകർ പറയുന്നുണ്ട്. ഡിമെൻഷ്യ എന്നത് ദീർഘകാലം നീണ്ടുനിൽക്കുന്ന അവസ്ഥയായതിനാൽ കരുതലോടെ കാണേണ്ട വിഷയമാണിതെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് ഡിമെൻഷ്യ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നുണ്ട്. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ഡിമെൻഷ്യ നിരക്ക് ഉയർന്ന നിലയിലാണെന്നും പഠനം പറയുന്നു. പ്രതിരോധ തന്ത്രങ്ങൾ നേരത്തേ ആസൂത്രണം ചെയ്ത് ഡിമെൻഷ്യയെ അകറ്റുകയും രോഗനിർണയം മെച്ചപ്പെടുത്തുകയും രോഗികൾക്കുള്ള സേവനങ്ങൾ ഫലപ്രദമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.
എന്താണ് ഡിമെൻഷ്യ?
ലോകത്താകമാനം 55 ദശലക്ഷം ആളുകളാണ് ഡിമെൻഷ്യ ബാധിതരായി ജീവിക്കുന്നത്. എല്ലാ വർഷവും 10 ദശലക്ഷം പുതിയ ഡിമെൻഷ്യ കേസുകൾ ഉണ്ടാകുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തിരുന്നു. ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതലുള്ള ഡിമെൻഷ്യ രോഗങ്ങളിലൊന്നാണ് അൽസ്ഹൈമേഴ്സ് രോഗം. ഡിമെൻഷ്യയിലെ ഏതാണ് 60-70 ശതമാനവും അൽസ്ഹൈമേഴ്സ് ആണ്.
ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയെയാണ് ഡിമെൻഷ്യ എന്ന് പൊതുവായി ദി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വിശേഷിപ്പിക്കുന്നത്. ഈ രോഗത്തിന് ശാരീരികവും മാനസികയും സാമൂഹികവും സാമ്പത്തികപരവുമായ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടെന്ന് ലോകാരോഗ്യസംഘടന സൂചിപ്പിക്കുന്നു. ഇത് രോഗികളിൽ മാത്രമല്ല, രോഗികളെ പരിചരിക്കുന്നവർ, കുടുംബങ്ങൾ, സമൂഹം എന്നിവരെയും ഇത് ബാധിക്കുന്നുണ്ട്.
ഓർമക്കുറവ്, ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ആശയവിനിമയ പ്രശ്നങ്ങൾ, ചിന്താശേഷിയിലെ കുറവ്, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറയുന്നത്, പ്രശ്നപരിഹാരത്തിനുള്ള കഴിവ് കുറവ്, പരിചിതമായ പരിസരങ്ങൾ മറന്നുപോവുക, പരിചയമുള്ള വസ്തുക്കളെ വിശേഷിപ്പിക്കുവാൻ അപരിചിതമായ വാക്കുകൾ ഉപയോഗിക്കുക, അടുത്ത കുടുംബാംഗങ്ങളുടെ പേരുകൾ മറക്കുക, പഴയ ഓർമകൾ മായുക, സ്വതന്ത്രമായി ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അവസ്ഥ തുടങ്ങി പലതരം ലക്ഷണങ്ങൾ ഡിമെൻഷ്യ ബാധിതരിൽ കാണാനാവുമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ പട്ടികയിൽ പറയുന്നു. ഇത് ഓരോ വ്യക്തിയിലും പ്രത്യേകമായിട്ടായിരിക്കും കാണുക.
Content Highlights: Dementia cases worldwide expected to reach 250 million by 2050, according to a study published in JAMA Neurology.