ഡൽഹിയിൽ ഇൻഫ്ലുവൻസ കേസുകളിൽ വൻ വർധന; പ്രതിദിനം 159 രോഗികൾ, പകുതിയിലേറെയും എച്ച്1എൻ1

ഡൽഹിയിൽ ഇൻഫ്ലുവൻസ കേസുകളിൽ വൻ വർധന. എച്ച്1എൻ1 റിപ്പോർട്ട് ചെയ്യുന്നതിന്റെ നിരക്കും കൂടുതലാണ്. ഓഗസ്റ്റ് 20-ന് പ്രതിദിനം 159 ഇൻഫ്ലുവൻസ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 114 എണ്ണവും എച്ച്1എൻ1 കേസുകളാണ്. ഡൽഹിയിലെ ആകെ എച്ച്1എൻ1 രോഗബാധിതരുടെ എണ്ണം 1,777 ആയി ഉയർന്നുവെന്നും കണക്കുകൾ പറയുന്നു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഡൽഹിയിലെ ആകെ ഇൻഫ്ലുവൻസ എ കേസുകളുടെ എണ്ണം 2,392 ആയി. ഇൻഫ്ലുവൻസ എയുടെ ഒരു ഉപവിഭാഗമാണ് എച്ച്1എൻ1 ആണ് ഭൂരിഭാഗംപേർക്കും സ്ഥിരീകരിക്കുന്നത്. ആകെ ഇൻഫ്ലുവൻസ കേസുകൾ 2,602-ഉം ആയി
കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ, ഡൽഹി ആരോഗ്യ മന്ത്രി ഡോ. പങ്കജ് കുമാർ സിങ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെയും ദേശീയ തലസ്ഥാന പ്രദേശമായ ഡൽഹി സർക്കാരിലെയും മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്തി.
രോഗപ്രതിരോധത്തിന് നിരന്തര ജാഗ്രത, ശക്തമായ നിരീക്ഷണം, ഇൻഫ്ലുവൻസകൾക്കെതിരെ സൂക്ഷ്മ നിരീക്ഷണം തുടങ്ങിയവ അത്യാവശ്യമാണെന്ന് ജെ.പി. നദ്ദ പറഞ്ഞു. ആശുപത്രി കിടക്കകളുടെ ലഭ്യത, ക്രിട്ടിക്കൽ കെയർ സൗകര്യങ്ങൾ, മറ്റ് ആവശ്യമായ സാധനങ്ങൾ എന്നിവ ഉൾപ്പെടെ ഡൽഹിയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ തയ്യാറെടുപ്പുകളും യോഗം അവലോകനം ചെയ്തു.
ഇൻഫ്ലുവൻസ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കൂടുന്ന സാഹചര്യത്തിൽ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിന് മുൻകരുതലുകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ജനത്തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, പതിവായി കൈ കഴുകുക, കണ്ണുകൾ, മൂക്ക്, വായ എന്നിവ ആവശ്യമില്ലാതെ സ്പർശിക്കാതിരിക്കുക തുടങ്ങിയവയിലൂടെ അണുബാധ പടരുന്നതിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും നിർദേശമുണ്ട്. സ്വയം ചികിത്സക്ക് മുതിരരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
എന്താണ് എച്ച്1 എൻ1?
ഇൻഫ്ളുവൻസ വിഭാഗത്തിൽപ്പെട്ട വൈറസ് പനിയാണ് എച്ച്1 എൻ1. വായുവിലൂടെ പകരുന്ന വൈറസാണിത്. സാധാരണ വൈറൽ പനിക്കു സമാനമാണ് എച്ച്1 എൻ1 പനിയുടെ ലക്ഷണങ്ങൾ. ചില സാഹചര്യങ്ങളിൽ 100 ഡിഗ്രിക്കു മുകളിൽ പനി വരാം. കൂടാതെ ചുമ, തൊണ്ടവേദന, ശ്വാസതടസം, ചുമയ്ക്കുമ്പോൾ രക്തം തുപ്പുന്ന അവസ്ഥ, ശരീരവേദന, ഛർദ്ദി എന്നിവ ഉണ്ടാകുന്നു. പനി ബാധിച്ച 10 ശതമാനം ആളുകളിൽ ശക്തമായ ലക്ഷണങ്ങൾ ഉണ്ടാകാം. ഇവരിൽ അസാധാരണമായ പനി, ശ്വാസംമുട്ടൽ എന്നിവയൊക്കെ കാണാൻ സാധിക്കും. എന്നാൽ മറ്റുള്ളവരിൽ ലക്ഷണങ്ങൾ വളരെ സാധാരണമാണ്. രോഗത്തിന് ഫലപ്രദമായ ചികിത്സ നിലവിൽ വൈദ്യശാസ്ത്രത്തിലുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം. രോഗികൾ പരിപൂർണ്ണ വിശ്രമം എടുക്കുക. പനിയുള്ളവർ ജനത്തിരക്കുള്ള സ്ഥലങ്ങളിൽ പോകാതിരിക്കുകയും വീട്ടിൽ തന്നെ വിശ്രമിക്കുകയും വേണം. കൈകൾ സോപ്പ് ഉപയോഗിച്ച് കൂടെക്കൂടെ കഴുകുന്നത് രോഗം പകരാനുള്ള സാധ്യത കുറയ്ക്കും. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദ്ദം, കരൾ- വൃക്കരോഗങ്ങൾ തുടങ്ങിയവ ഉള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. ലക്ഷണങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദേശാനുസരണം മരുന്നു കഴിക്കുക. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗം വ്യാപിക്കാം അതിനാൽ അതീവ ജാഗ്രത പാലിക്കുക. യാത്രചെയ്യുന്നതും പൊതുസ്ഥലങ്ങളിൽ പോകുന്നതും പനി മാറുന്നതു വരെ ഒഴിവാക്കുക.
മരുന്നുകൾ
വൈറസിനെ നശിപ്പിക്കുന്ന ഒസൾട്ടാമിവിർ എന്ന മരുന്നാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. അസുഖം ബാധിച്ച ആളുകളുമായി സമ്പർക്കം പുലർത്തുന്നവരിൽ രോഗപ്രതിരോധത്തിനും ഈ മരുന്ന് നൽകാറുണ്ട്. ചികിത്സയ്ക്കായി അഞ്ചുദിവസത്തേക്കും പ്രതിരോധത്തിനായി 10 ദിവസത്തേക്കുമാണ് മരുന്ന് നൽകുന്നത്. ഡോക്ടറുടെ നിർദേശപ്രകാരംമാത്രം ഉപയോഗിക്കണം.
പ്രതിരോധം എങ്ങനെ?
വീടുകളിൽ
- രോഗലക്ഷണങ്ങളുള്ളവർ എത്രയും വേഗം വൈദ്യസഹായം തേടണം.
- രോഗലക്ഷണങ്ങൾ കുറയുന്നതുവരെ വീടുകളിൽത്തന്നെ തുടരണം. യാത്രകളുംമറ്റും ഒഴിവാക്കുക.
- വീട്ടിലുള്ള മറ്റുള്ളവരുമായും പുറത്തുള്ളവരുമായുള്ള സമ്പർക്കം കഴിവതും കുറയ്ക്കുക
- കൈകൾ വൃത്തിയായി കഴുകുക. രോഗിയുമായി സമ്പർക്കം പുലർത്തുന്നവർ ഓരോ തവണയും കൈകഴുകാൻ മറക്കരുത്.
- രോഗബാധിത മേഖലകളിലേക്കുള്ള യാത്രകളും രോഗം ബാധിച്ചവരെ സന്ദർശിക്കുന്നതും പറ്റുമെങ്കിൽ ഒഴിവാക്കുക.
- ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മുഖവും കവർചെയ്യുക. രോഗാണുക്കൾ പകരാതിരിക്കാൻ ഇത് സഹായിക്കും.
- ആരോഗ്യവകുപ്പിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശങ്ങൾ കൃത്യമായി പാലിക്കുക
- ഗുരുതരമായ അസുഖത്തിന്റെ ലക്ഷണങ്ങൾ രോഗിയിൽ കണ്ടാൽ ഉടൻ ആശുപത്രിയിൽ എത്തിക്കുക
- അപകടസാധ്യത കൂടുതലുള്ള ആളുകൾക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുക.
സ്കൂളുകളിൽ
- രോഗം പടർന്നുപിടിക്കുന്ന സാഹചര്യമുണ്ടായാൽ സ്കൂൾ അസംബ്ലി അത്യാവശ്യമുള്ളപ്പോൾമാത്രം നടത്തുക
- കുട്ടികളിൽ രോഗലക്ഷണങ്ങളുണ്ടോ എന്ന് അധ്യാപകർ ശ്രദ്ധിക്കണം
- അധ്യാപകർക്കോ മറ്റുജീവനക്കാർക്കോ അസുഖം വന്നാൽ വീട്ടിൽത്തന്നെയായിരിക്കാൻ ശ്രദ്ധിക്കണം. രോഗലക്ഷണമുള്ളവർ സ്കൂളുകളിൽ പോകരുത്
- കുട്ടികൾ കൈ വൃത്തിയായി കഴുകുന്നത് ശീലമാക്കണം
- ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മറയ്ക്കാൻ പഠിപ്പിക്കണം
- ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ അടങ്ങിയ പോസ്റ്ററുകൾ സ്കൂളിൽ പ്രദർശിപ്പിക്കണം. കുട്ടികൾക്ക് വായിക്കാൻ ചെറിയ ലീഫ് ലെറ്റുകൾ കൊടുക്കണം
Content Highlights: Delhi reports 159 daily influenza cases, with H1N1 making up the majority., Total H1N1 cases in Delhi have risen to 1,777., Union Health Minister JP Nadda reviews preparedness with health officials