അമിതമായ ചൂടോടെ ആഹാരം കഴിച്ചു, പിന്നാലെ അന്നനാളത്തിൽ എട്ട് സെന്റീമീറ്റർ നീളത്തിൽ അൾസർ

ഭക്ഷണം ചൂടോടെ കഴിക്കാൻ ഇഷ്ടമുള്ളവർ ഏറെയാണ്. ചിലർക്ക് അമിതമായ ചൂടുണ്ടായാലേ തൃപ്തിയുണ്ടാവൂ. ചൂട് കൂടുതലുള്ള ആഹാര പദാർഥങ്ങൾ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് വ്യക്തമാക്കുന്ന നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ അമിതമായ ചൂടിൽ ഭക്ഷണം കഴിച്ച് അന്നനാളത്തിൽ എട്ട് സെന്റിമീറ്റർ അൾസറുണ്ടായ യുവതിയുടെ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ചൈനയിലുള്ള നാൽപ്പത്തിരണ്ടുകാരിക്കാണ് ദുരനുഭവം ഉണ്ടായത്.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് ആണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള സ്ത്രീ സുഹൃത്തുക്കളുമായി ഭക്ഷണം കഴിക്കുകയായിരുന്നു. ചൈനയിൽ വ്യാപകമായുള്ള ഹോട്ട്പോട്ട് ഭക്ഷണമാണ് കഴിക്കാനെത്തിയത്. തിളച്ചുകൊണ്ടിരിക്കുന്ന ഭക്ഷണം ചൂടോടെ തന്നെ വേഗത്തിൽ കഴിക്കുകയാണ് ചെയ്തത്. ഭക്ഷണം കഴിച്ചയുടൻ തന്നെ യുവതിക്ക് കഠിനമായ നെഞ്ചുവേദനയും തൊണ്ടയിൽ ഒരുതരം എരിച്ചിലും അനുഭവപ്പെട്ടു. താൽക്കാലികമായ അസ്വസ്ഥതയാണെന്ന് കരുതി വേദന കുറയ്ക്കാൻ തണുത്ത വെള്ളം കുടിക്കുകയും ചെയ്തു.
പക്ഷേ രാത്രിയോടെ അവരുടെ നില കൂടുതൽ വഷളാവുകയാണ് ചെയ്തത്. അടുത്ത ദിവസം വെള്ളം പോലും ഇറക്കാൻ ബുദ്ധിമുട്ടാണെന്ന് മനസ്സിലായതോടെ ആശുപത്രിയിൽ പോവുകയായിരുന്നു. തുടർന്ന് ഡോക്ടർമാർ എൻഡോസ്കോപ്പി നടത്തിയപ്പോഴാണ് യുവതിയുടെ അന്നനാളത്തിൽ 8 സെന്റീമീറ്റർ വലിപ്പമുള്ള വ്രണം കണ്ടെത്തിയത്. ഇത് മുതിർന്നവരുടെ ഭക്ഷണനാളിയുടെ ഏകദേശം മൂന്നിലൊന്ന് നീളമായിരുന്നു.
അമിതമായ ചൂടുള്ള ആഹാരം കഴിച്ചാലും വലിയ കുഴപ്പമില്ലെന്ന് കരുതുന്നവരാണ് ഏറെയെന്നും അന്നനാളത്തിന്റെ ആന്തരികപാളിക്ക് 50-60 ഡിഗ്രി സെൽഷ്യസ് താപനില മാത്രമേ സഹിക്കാൻ കഴിയൂ എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പാകം ചെയ്തയുടൻ വിളമ്പുന്ന ആഹാരങ്ങൾക്ക് 80 നും 90 ഡിഗ്രി സെൽഷ്യസിനും ഇടയിൽ താപനിലയുണ്ടാവാം. ഇത് ഗുരുതരമായ പൊള്ളലിന് കാരണമാകാമെന്നും വിദഗ്ധർ പറയുന്നുണ്ട്. ചൂട് കൂടുതലുള്ള ആഹാരം കഴിച്ചയുടൻ തണുത്തവെള്ളം കുടിക്കുന്ന ശീലവും ആന്തരികഭാഗങ്ങളെ കൂടുതൽ തകരാറിലാക്കുകയാണ് ചെയ്യുക.
ചൈനയിൽ വളരെ പ്രചാരത്തിലുള്ള ഭക്ഷണരീതിയാണ് ഹോട്ട്പോട്ട്. തീൻമേശയിൽ വച്ചുതന്നെ മാംസവും കടൽവിഭവങ്ങളും പച്ചക്കറികളുമൊക്കെ പാകംചെയ്ത് അമിതമായ ചൂടോടെ കഴിക്കുന്ന രീതിയാണിത്. എരിവും ചൂടുംതന്നെയാണ് ഇത്തരം ഭക്ഷണങ്ങളുടെ ആകർഷണം.
ചൂടുകൂടുതലുള്ള പാനീയവും ഭക്ഷണങ്ങളും കഴിക്കുന്നത് അന്നനാളത്തിലെ കാൻസറിന് കാരണമാകുമെന്ന് വ്യക്തമാക്കുന്ന പഠനം അടുത്തിടെയും പുറത്തുവന്നിരുന്നു. അന്നനാളത്തിലെ കാൻസർ കേസുകളിൽ 40 ശതമാനവും ചൈനയിൽ നിന്നാണ് പുറത്തുവരുന്നത്.
ദിവസവും 65 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള ചൂടിൽ ആഹാരപദാർഥങ്ങൾ കഴിക്കുന്നത് അന്നനാളത്തിന്റെ ആവരണത്തിന് കേടുപാട് വരുത്തും. ക്രമേണ ഇത് കടുത്ത വീക്കത്തിനും പിന്നീട് കോശങ്ങളുടെ വ്യതിയാനത്തിനും കാരണമാകും. 65ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള ചൂടിൽ കുടിക്കുന്ന പാനീയങ്ങൾ അർബുദകാരികളാണെന്ന് ഇന്റർനാഷണൽ കാൻസർ റിസർച്ച് ഏജൻസിയും വ്യക്തമാക്കുന്നുണ്ട്.
Content Highlights: Consuming food above 65°C can cause severe damage to the esophageal lining., A 42-year-old woman developed an 8cm ulcer from eating hotpot