കൊളസ്ട്രോളിനപ്പുറം എന്താണ് ഹൃദയത്തെ ബാധിക്കുന്നത്, വീക്കം എത്ര അപകടകരം; എന്താണ് CRP?

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകടെ മരണകാരണങ്ങളിൽ ഒന്നാണ് ഹൃദയാഘാതം. പ്രതിവർഷം 10 ലക്ഷം മരണങ്ങൾക്ക് ഹൃദയാഘാതം കാരണമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ധമനികളിൽ കൊഴുപ്പ് അടിയുകയും അതുവഴി ഹൃദയത്തിലേക്കുള്ള രക്തയോട്ടം പരിമിതപ്പെടുകയും ചെയ്യുന്നതാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. സമയത്ത് ചികിത്സ ലഭിച്ചാൽ ജീവൻ രക്ഷിക്കാവുന്നതും വൈകുന്നത് മരണത്തിനുതന്നെ കാരണമാകുന്നതുമായ അവസ്ഥയാണിത്.
ഭക്ഷണക്രമവും കൊളസ്ട്രോളും ഹൃദ്രോഗത്തെ എങ്ങിനെയാണ് ബാധിക്കുന്നതെന്ന് നേരത്തെ ഗവേഷകർ മനസ്സിലാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സി-റിയാക്ടീവ് പ്രോട്ടീൻ എന്ന ബയോമാർക്കറിന് എത്രത്തോളം ഹൃദയത്തെ ബാധിച്ചേക്കുമെന്ന വിഷയത്തിലാണ് ഗവേഷകർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൊളസ്‌ട്രോളിനേക്കാൾ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്ന ഘടകമാണ് സി-റിയാക്ടീവ് പ്രോട്ടീൻ എന്ന് പുതിയ ഗവേഷണങ്ങൾ പറയുന്നു. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി ഇതുസംബന്ധിച്ച കാര്യങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.
എന്താണ് സി-റിയാക്ടീവ് പ്രോട്ടീൻ?
ശരീരത്തിലെ വീക്കത്തിന്റെ ഒരു സൂചകമാണ് സി-റിയാക്ടീവ് പ്രോട്ടീൻ. കരളാണ് ഇവ ഉത്പാദിപ്പിക്കുന്നത്. വിട്ടുമാറാത്ത വീക്കം, അമിതവണ്ണം, പ്രമേഹം പോലുള്ള മെറ്റബോളിക് തകരാറുകൾ എന്നിവയ്ക്ക് പ്രതികരണമെന്ന സി-റിയാക്ടീവ് പ്രോട്ടീൻ ഉത്പാദിപ്പിക്കുന്നത്. അതായത്, രോഗപ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണ് ഇവ എന്നും പറയാനാകും.
രക്തപരിശോധനയിലൂടെ സി-റിയാക്ടീവ് പ്രോട്ടീന്റെ(സിആർപി) അളവ് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ശരീരത്തിൽ എത്രത്തോളം വീക്കമുണ്ടെന്ന് തിരിച്ചറിയാനും ടെസ്റ്റ് സഹായിക്കും.
- കുറഞ്ഞ സിആർപി(1 milligram per deciliter )- വളരെ കുറഞ്ഞ വീക്കം
- ഉയർന്ന സിആർപി(3 milligram per deciliter )- കൂടുതൽ വീക്കം, ഹൃദയാരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട് എന്നതിന്റെ സൂചന
എൽഡിഎൽ കൊളസ്ട്രോളിനേക്കാളും ഹൃദയാഘാതങ്ങളും പക്ഷാഘാതങ്ങളും പ്രവചിക്കാൻ സിആർപി കണക്ക് ഡോക്ടർമാരെ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഹൃദ്രോഗ സാധ്യത കാണിക്കുന്നതിൽ രക്തസമ്മർദ്ദത്തെപ്പോലെ തന്നെ സി-റിയാക്ടീവ് പ്രോട്ടീനും പ്രധാനപ്പെട്ടതാണ്.
എങ്ങിനെയാണ് വീക്കം ഹൃദയത്തെ ബാധിക്കുന്നത്?
ഹൃദ്രോഗങ്ങളെ സംബന്ധിച്ച് വീക്കം ഒരു പ്രധാന ഘടകമാണ്. കൊഴുപ്പ് അടിഞ്ഞ് ധമനികൾ തടസ്സപ്പെടുന്നതിന്റെ പ്രധാന കാരണം വീക്കമാണ്. ഇത് atherosclerosis എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. പുകവലി കാരണമോ രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് കാരണമോ ഒരു രക്തക്കുഴലിന് എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ പ്രതിരോധ സംവിധാനത്തിലെ കോശങ്ങൾ ഉടൻ അവിടേക്ക് എത്തുന്നു. തുടർന്ന്, ഈ കോശങ്ങൾ കൊളസ്ട്രോളിനെ പിടിച്ചെടുത്ത് രക്തക്കുഴലിന്റെ ഭിത്തിയിൽ പറ്റിപ്പിടിപ്പിച്ച പ്ലാക്ക് എന്ന കൊഴുപ്പടിഞ്ഞുള്ള തടസ്സം സൃഷ്ടിക്കുന്നു. ഈ പ്ലാക്ക് പിന്നീട് വലുതായിക്കൊണ്ടിരിക്കും. പിന്നീട്, ഇവ രക്തയോട്ടം തടസ്സപ്പെടുത്തുമ്പോഴാണ് ഹൃദയാഘാതമുണ്ടാകുന്നത്.
ഭക്ഷണക്രമം സഹായിക്കുമോ?
ജീവിതചര്യയും ഭക്ഷണക്രമവും സിആർപിയുടെ അളവിനെ ബാധിക്കും. അമിതമായ ഭാരം കുറയ്ക്കുന്നതും സിആർപി കുറയ്ക്കാൻ സഹായിക്കും. അതിനായി, ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം.
- ബീൻസ്
- പച്ചക്കറികൾ
- നട്സ്
- വിത്തുകൾ
- ബെറികൾ
- ഒലിവ് ഓയിൽ
- ഗ്രീൻ ടീ
- ചിയ വിത്തുകൾ
Content Highlights: Discover why C-reactive protein (CRP) is a better heart disease risk predictor than cholesterol. Learn about new guidelines & how diet impacts CRP.