വിട്ടുമാറാത്ത മലബന്ധം, എപ്പോഴും ക്ഷീണം; വൻകുടൽ കാൻസർ ആകാം, ഡോക്ടറുടെ മുന്നറിയിപ്പ്

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ൻകുടലിന്റെ ഭാഗമായ കോളണിൽ ആരംഭിക്കുന്ന കോശങ്ങളുടെ വളർച്ചയാണ് കോളൻ കാൻസറിന് കാരണമാകുന്നത്. ലോകമാകെ അർബുദം ബാധിച്ചുള്ള മരണങ്ങളിൽ രണ്ടാമതാണ് കുടലിലെ അർബുദം. ഏറ്റവും സാധാരണയായി കാണപ്പെടുന്ന മൂന്നാമത്തെ അർബുദവും കുടലിലാണ്. ഇപ്പോഴിതാ, കുടലിലുണ്ടാകുന്ന കാൻസർ കൃത്യസമയത്ത് കണ്ടെത്തുകയോ ചികിത്സിക്കുകയോ ചെയ്തില്ലെങ്കിൽ അത് ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചേക്കാമെന്ന് പറയുകയാണ് പ്രശസ്ത ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി. രോ​ഗം തിരിച്ചറിയാൻ സഹായിക്കുന്ന ചില ലക്ഷണങ്ങളും അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.

മലത്തിൽ രക്തം
ചുവപ്പ് നിറത്തിലോ കറുത്ത് ടാർ പോലെയുള്ളതോ ആയ മലം വൻകുടലിലെ രക്തസ്രാവത്തിൻ്റെ സൂചനയാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ പറയുന്നു. ഇത് വെറും പൈൽസ് ആണെന്ന് കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. 

വിട്ടുമാറാത്ത മലബന്ധം
മലബന്ധം, വയറിളക്കം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ കുറച്ച് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ശ്രദ്ധിക്കണം. ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.

അടിവയറ്റിൽ വേദന
പ്രത്യേകിച്ച് കാരണമില്ലാതെ കൂടെക്കൂടെ ഉണ്ടാകുന്ന വയറുവീർപ്പ്, കോച്ചിപ്പിടുത്തം, അല്ലെങ്കിൽ വയറുവേദന എന്നിവയ്ക്ക് വൈദ്യപരിശോധന ആവശ്യമാണ്.

ശരീരഭാരം കുറയുന്നത്
ഡയറ്റിങ്ങോ ജീവിതശൈലിയിൽ മാറ്റങ്ങളോ വരുത്താതെ ഭാരം കുറയുന്നെങ്കിൽ ശ്രദ്ധവേണം. നിങ്ങളുടെ കുടലിന് പോഷകങ്ങൾ ശരിയായി ആഗിരണം ചെയ്യാൻ കഴിയുന്നില്ല എന്നതിൻ്റെ സൂചനയാകാം ഇത്. 

എപ്പോഴും ക്ഷീണം
വിട്ടുമാറാത്ത ക്ഷീണം, ബലഹീനത, അല്ലെങ്കിൽ തലകറക്കം എന്നിവ സാവധാനത്തിലുള്ള രക്തനഷ്ടത്തിൻ്റെയും വിളർച്ചയുടെയും ഫലമാകാം. ഇത് വൻകുടലിലെ കാൻസറിന്റെ ലക്ഷണമാണ്. 

അയൺ അളവ് കുറയുന്നത്
പരിശോധനയിൽ അയൺ അളവ് കുറവാണെന്ന് കണ്ടെത്തിയാൽ ശ്രദ്ധവേണം. പുരുഷന്മാരിലും ആർത്തവവിരാമം വന്ന സ്ത്രീകളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

മലവിസർജ്ജനം പൂർണ്ണമായില്ലെന്ന തോന്നൽ
മലവിസർജ്ജനത്തിന് ശേഷവും പൂർത്തിയായി എന്ന് തോന്നുന്നെങ്കിൽ അത് കുടലിലെ തടസ്സത്തെയോ മുഴയുടെ വളർച്ചയെയോ സൂചിപ്പിക്കുന്നതാകാം എന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. 

കുടുംബപരമായ പാരമ്പര്യം
അടുത്ത ബന്ധുക്കൾക്ക് വൻകുടലിൽ അർബുദം ഉണ്ടായിട്ടുണ്ടെങ്കിൽ നിങ്ങൾക്കും രോഗം വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ പരിശോധനകൾ വൈകിപ്പിക്കരുത്.

(മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ മറ്റ് രോ​ഗങ്ങളുടെ ഭാ​ഗമായുമുണ്ടായേക്കാം. ഒരു വിദഗ്ധ ഡോക്ടറെ കണ്ട് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്)

Content Highlights: Colon Cancer Warning Signs: Persistent Constipation, Fatigue, and More