ശസ്ത്രക്രിയക്ക് മുമ്പ് ഇമ്മ്യൂണോതെറാപ്പി ചികിത്സ, മൂന്നുവർഷത്തിനിപ്പുറവും കാൻസർ തിരിച്ചുവന്നില്ല

#Health Desk
എ.ഐ. നിർമിത ചിത്രം
എ.ഐ. നിർമിത ചിത്രം

അർബുദരോഗികളുടെ അതിജീവനനിരക്ക് വർധിപ്പിക്കുന്നതിൽ ഇമ്മ്യൂണോതെറാപ്പിക്ക് വലിയ പങ്കാണുള്ളത്. ഇപ്പോഴിതാ വൻകുടൽ കാൻസർ രോഗികളിൽ ശസ്ത്രക്രിയക്ക് മുമ്പ് ഇമ്മ്യൂണോതെറാപ്പി നൽകുന്നത് രോഗമുക്തിയിൽ വലിയ പുരോഗതിയുണ്ടാക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് പുതിയ പഠനം. ലണ്ടനിൽ നിന്നുള്ള ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

ശസ്ത്രക്രിയക്ക് ശേഷം കീമോതെറാപ്പിക്ക് പകരം ചുരുങ്ങിയ കാലയളവിലുള്ള ഇമ്മ്യൂണോതെറാപ്പി ചികിത്സയ്ക്ക് വിധേയരായ രോഗികൾ ഏകദേശം മൂന്ന് വർഷമായി കാൻസർമുക്തരായി തുടരുന്നുവെന്ന് പഠനം പറയുന്നു. വൻകുടൽ കാൻസർ രണ്ടുംമൂന്നും ഘട്ടങ്ങളിലുള്ള 32 രോഗികളാണ് പഠനത്തിന്റെ ഭാഗമായത്. ശസ്ത്രക്രിയക്ക് മുമ്പ് ഒമ്പത് ആഴ്ചകളിലായി pembrolizumab എന്ന ഇമ്മ്യൂണോതെറാപ്പിയാണ് നൽകിയത്. ഇത് രോഗികളിൽ വലിയതരത്തിലുള്ള രോഗമുക്തിയുണ്ടാക്കിയെന്ന് ഗവേഷകർ കണ്ടെത്തി.

ഇമ്മ്യൂണോതെറാപ്പി പൂർത്തിയാക്കി ശസ്ത്രക്രിയക്ക് വിധേയരായ 59% രോഗികളിലും പിന്നീട് കാൻസർ കണ്ടെത്തിയില്ല. ചികിത്സയ്ക്കുശേഷം 33 മാസത്തെ നിരീക്ഷത്തിനൊടുവിൽ ആർക്കും രോഗം തിരികെ വന്നിട്ടില്ലെന്ന് കണ്ടെത്തി. ചിലരിൽ മുഴകൾ പൂർണമായും അപ്രത്യക്ഷമാവുകയോ, ചെറിയ അളവിൽ കാൻസർ അവശേഷിക്കുകയോ ആണുണ്ടായത്. എല്ലാ കേസുകളിലും കാൻസർ കാലക്രമേണ വളരുകയോ പടരുകയോ ചെയ്തിട്ടില്ലെന്നതും പഠനം പറയുന്നു.

ശസ്ത്രക്രിയക്കുശേഷം പല മാസങ്ങളിലായി കീമോതെറാപ്പി നൽകുന്നതാണ് സാധാരണ രീതി. ഇതിലൂടെ 25% രോഗികളിൽ മൂന്ന് വർഷത്തിനുള്ളിൽ കാൻസർ തിരികെ വരാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു. ഇതിനുപകരം ആദ്യം ഇമ്മ്യൂണോതെറാപ്പി നൽകി പിന്നീട് സർജറി ചെയ്യുന്നത് കൂടുതൽ ഫലപ്രദമാകുമെന്നാണ് ഗവേഷകർ പറയുന്നത്.

സാന്റിയാഗോയിൽ നടന്ന അമേരിക്കൻ അസോസിയേഷൻ ഫോർ കാൻസർ റിസർച്ചിന്റെ (AACR) വാർഷിക യോഗത്തിൽ കണ്ടെത്തലുകൾ അവതരിപ്പിച്ചിട്ടുണ്ട്.

യുകെയിൽ ഏറ്റവും സാധാരണമായ നാലാമത്തെ കാൻസറാണ് വൻകുടൽ കാൻസർ. പ്രതിവർഷം ഏകദേശം 44,000 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യുന്നത്. 50 വയസ്സിന് താഴെയുള്ളവരിലാണ് രോഗം കൂടുതലായും സ്ഥിരീകരിക്കുന്നത്. രോഗം എത്ര നേരത്തെ കണ്ടെത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും രോഗമുക്തി. ഒന്നാം ഘട്ടത്തിലുള്ള വൻകുടൽ കാൻസർ രോഗികളുടെ അതിജീവനസാധ്യത ഏകദേശം 90 ശതമാനമാണ്. ഇവർ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും അതിജീവിക്കും. മൂന്നാം ഘട്ടത്തിൽ ഇത് 65% ആയും നാലാം ഘട്ടത്തിൽ വെറും 10% ആയും കുറയും.

ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ കാൻസർ കോശങ്ങളെ നശിപ്പിക്കുവാൻ ശാക്തീകരിക്കുകയാണ് ഇമ്മ്യൂണോതെറാപ്പിയിലൂടെ ചെയ്യുന്നത്.

സ്ഥിരമായ മലബന്ധം, മലത്തിൽ രക്തം, ഗ്യാസ്, വീക്കം, അല്ലെങ്കിൽ വേദന എന്നിവ ഉൾപ്പെടെയുള്ള തുടർച്ചയായ വയറിലെ അസ്വസ്ഥത, മലവിസർജ്ജനത്തിന് ശേഷം കുടൽ പൂർണമായി കാലിയായില്ല എന്ന തോന്നൽ, കാരണമില്ലാത്ത ക്ഷീണം അല്ലെങ്കിൽ പെട്ടെന്നുള്ള ബലഹീനത, ശരീരഭാരം കുറയുക, വിളർ‍ച്ച, സ്ഥിരമായ പുറംവേദന തുടങ്ങിയവ വൻകുടലിലെ കാൻസറിന്റെ ചില ലക്ഷണങ്ങളാണ്. തുടർച്ചയായി ഇത്തരം ലക്ഷണങ്ങൾ പ്രകടമായാൽ വിദഗ്ധ ചികിത്സയ്ക്ക് വൈകരുത്.

Content Highlights: Immunotherapy administered for 9 weeks before surgery shows high cancer clearance rates., 59% of patients remained cancer-free after surgery with no recurrence after 33 months.