ഡയറ്റിൽ നിന്ന് ബ്രെഡ് ഒഴിവാക്കി,40ദിവസംകൊണ്ട് 13കിലോ കുറച്ചു,തുറന്നുപറഞ്ഞ് ക്രിസ്റ്റഫർ ഷ്വാസ്നെഗർ

വണ്ണംകുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ഡയറ്റിൽ നിന്നൊഴിവാക്കുന്നത് മധുരമാണ്. എന്നാൽ ബ്രെഡ് പൂർണമായും ഒഴിവാക്കി വണ്ണംകുറയ്ക്കൽ യാത്രയിൽ വിജയിച്ചതിനേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ഹോളിവുഡ‍് താരം അർനോൾഡ് ഷ്വാസ്നെഗറിന്റെയും മരിയ ഷ്രിവറിന്റെയും ഇളയ പുത്രൻ ക്രിസ്റ്റഫർ ഷ്വാസ്നെഗർ.
ലോസ്ആഞ്ചലിസിൽ വച്ചുനടന്ന ആരോഗ്യസംബന്ധമായ പരിപാടിയിലാണ് ഇരുപത്തിയേഴുകാരനായ ക്രിസ്റ്റഫർ ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. യാത്രകളിൽ പല ആക്റ്റിവിറ്റികളിലും ഏർപ്പെടാൻ തന്റെ വണ്ണം തടസ്സമായതോടെയാണ് വണ്ണംകുറയ്ക്കുന്നതിനേക്കുറിച്ച് ചിന്തിച്ച് തുടങ്ങിയതെന്ന് ക്രിസ്റ്റഫർ പറയുന്നു. ഒരിക്കൽ യാത്രയ്ക്കിടയിൽ തന്റെ ഭാരം ചൂണ്ടിക്കാട്ടി സ്കൈ ഡൈവിങ്ങിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പറഞ്ഞതാണ് വഴിത്തിരിവായത്. അതോടെ ജീവിതരീതിയിൽ മാറ്റം വരുത്താനും വണ്ണംകുറയ്ക്കാനും തീരുമാനിച്ചു.
സ്കൂൾ കാലം മുതൽക്കേ വണ്ണം സംബന്ധിച്ച ആരോഗ്യപ്രശ്നങ്ങളും ക്രിസ്റ്റഫർ നേരിട്ടിരുന്നു. പലതും പരീക്ഷിച്ച് പരാജയപ്പെട്ടതിനൊടുവിലാണ് ഇന്ന് കാണുന്ന മാറ്റത്തിലേക്ക് എത്തിച്ചേർന്നതെന്ന് ക്രിസ്റ്റഫർ പറയുന്നു. ബ്രെഡ‍് പൂർണമായും ഡയറ്റിൽ നിന്ന് ഒഴിവാക്കിയതാണ് വലിയ മാറ്റമുണ്ടാക്കിയത്. ഇതിലൂടെ മാത്രം തനിക്ക് നാൽപത് ദിവസം കൊണ്ട് 13 കിലോ കുറയ്ക്കാനായെന്നും ക്രിസ്റ്റഫർ പറഞ്ഞു.
വണ്ണംവെക്കാൻ ബ്രെഡ് കാരണമാകുന്നതെങ്ങനെ?
ബ്രെഡിൽ, പ്രത്യേകിച്ച് വൈറ്റ് ബ്രെഡിൽ ഗ്ലൈസെമിക് ഇൻഡെക്സ് (ഒരു ഭക്ഷണം എത്രവേഗത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നു എന്നതിന്റെ സൂചിക) കൂടുതലായതിനാലും നാരുകളുടേയും പോഷകങ്ങളുടേയും അളവ് കുറവായതിനാലും കൂടുതൽ കഴിക്കാൻ സാധ്യതയുള്ളതിനാലും വണ്ണം കൂട്ടാനുള്ള സാധ്യത കൂടുതലാണ്. ബ്രെഡിൽ കലോറിയും കാർബോഹൈഡ്രേറ്റും കൂടുതലാണ്, പ്രോട്ടീൻ, വിറ്റാമിനുകൾ തുടങ്ങിയവ കുറവുമാണ്. മൈദയിൽ നിന്നാണ് ബ്രെഡ് തയ്യാറാക്കുന്നത്. മുഴുധാന്യങ്ങളിലുള്ള നാരുകളോ, പോഷകങ്ങളോ ഇതിൽ ഇല്ലെന്നു മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ചെയ്യും. ഇവയെല്ലാം വണ്ണം കൂട്ടുന്ന ഘടകങ്ങളാണ്. കഴിക്കുന്ന ബ്രെഡിന്റെ അളവ് കുറയ്ക്കുന്നതും പകരം വീറ്റ് ബ്രെഡ് കഴിക്കുന്നതുമൊക്കെ ഗുണം ചെയ്യും.
Content Highlights: Christopher Schwarzenegger lost 13kg in 40 days by cutting bread from his diet.