ട്യൂമർ ചികിത്സയ്ക്ക് ലൈസൻസില്ലാതെ അക്യുപങ്ചർ; ചൈനീസ് യുവാവിന്റെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

യോഗ്യതയില്ലാത്ത ഡോക്ടറിൽ നിന്ന് അക്യുപങ്ചർ ചികിത്സ സ്വീകരിച്ച ചൈനീസ് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഭാര്യയുടെ നിർദേശപ്രകാരം അയോഗ്യനായ വ്യക്തിയിൽ നിന്ന് ട്യൂമറിന് ചികിത്സതേടിയ ഗാവോയ്ക്കാണ് തലരാനിഴയ്ക്ക് ജീവൻ തിരികെക്കിട്ടയത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.
ഗാവോയുടെ ഭാര്യ ജാങ് ഒരു സുഹൃത്ത് വഴിയാണ് ഈ വ്യാജഡോക്ടറെ കണ്ടെത്തിയത്. ഗാവോയുടെ ഫൈബ്രോമ ഭേദമാക്കിത്തരാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, സൂചി കുത്താൻ ആരംഭിച്ചതോടെ ഗാവോയുടെ നില അതിവേഗം വഷളായി. ചികിത്സ ഫലിക്കാതെ വന്നതോടെ ഇദ്ദേഹത്തിന് ശ്വാസതടസ്സവും മൂത്രമൊഴിക്കുന്നതിന് ബുദ്ധിമുട്ടും അനുഭവപ്പെട്ടു.
തുടർന്ന്, അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗാവോയ്ക്ക് ശ്വാസകോശങ്ങൾക്ക് ക്ഷതമേറ്റതിൻ്റെ ഫലമായി ന്യൂമോതോറാക്സ് സ്ഥിരീകരിച്ചു. ഉടൻ തന്നെ ഐസിയുവിൽ പ്രവേശിപ്പിച്ച ഗാവോയ്ക്ക് അടയിന്തര ചികിത്സ ലഭ്യമായതിനാൽ മാത്രം ജീവൻ തിരികെക്കിട്ടി.
സംഭവത്തിൽ, ഈ വ്യാജഡോക്ടർക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിന് ആവശ്യമായ രേഖകൾ പോലീസിന് കൈമാറിയതയായി പ്രദേശത്തെ ആരോഗ്യ കമ്മിഷണൻ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇയാൾ അനധികൃത ചികിത്സ നടത്തിയതിനാൽ വിചാരണ നേരിടേണ്ടിവരുമെന്ന് ചൈനീസ് അഭിഭാഷകൻ ലി ബോയും വ്യക്തമാക്കി. ലൈസൻസില്ലാതെ ചികിത്സിച്ച് രോഗിയുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങളുണ്ടായാൽ മൂന്ന് മുതൽ പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
Content Highlights: Chinese Man Narrowly Escapes Death After Unlicensed Acupuncturist Treatment