മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്കും വരാം മൈഗ്രേൻ, ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

പല കാരണങ്ങളാൽ തലവേദന അനുഭവപ്പെടാം. സമ്മർദം കൂടുമ്പോഴും ശരീരത്തിലെ ജലാംശം കുറയുമ്പോഴും സൈനസ്, മൈഗ്രേൻ എന്നിവ കാരണവുമൊക്കെ തലവേദന പ്രത്യക്ഷമാകാറുണ്ട്. മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും തലവേദന കാണാറുണ്ട്. എന്നാൽ പലപ്പോഴും കുട്ടികളിലെ തലവേദനയെ പഠിക്കാനുള്ള മടിയുമായി ബന്ധപ്പെടുത്തുന്നവർ ഏറെയാണ്. പഠിക്കാനിരിക്കുമ്പോഴേക്കും തലവേദനയെത്തി എന്ന് പരാതിപ്പെടുന്ന മാതാപിതാക്കൾ അതത്ര നിസ്സാരമാക്കരുതെന്ന് പറയുകയാണ് ഹൈദരാബാദിൽ നിന്നുള്ള പ്രശസ്ത ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ.
കുട്ടികൾ തലവേദനയുടെ തീവ്രത പങ്കുവെക്കുമ്പോൾ മാതാപിതാക്കൾ അത് നിസ്സാരമാക്കരുതെന്നാണ് ഡോ.സുധീർ കുമാർ പറയുന്നത്. കുട്ടികളിലും മൈഗ്രേൻ സാധാരണമാണെന്നും അതാവാം തലവേദനയ്ക്ക് പിന്നിലെന്നും അദ്ദേഹം പറയുന്നു. അഞ്ചുവയസ്സിനും പത്ത് വയസ്സിനും ഇടയിലുള്ള നിരവധി കുട്ടികളെ ചികിത്സിച്ചതിന്റെ ഭാഗമായാണ് താൻ ഇക്കാര്യം മനസ്സിലാക്കിയതെന്നും അദ്ദേഹം പറയുന്നു.
പലപ്പോഴും കുട്ടികൾ കൃത്യമായി അവരുടെ ലക്ഷണങ്ങൾ പങ്കുവെക്കാറില്ല, ഇത് കൃത്യമായി രോഗസ്ഥിരീകരണം നടത്തുന്നതിൽ വെല്ലുവിളിയാകും. പലപ്പോഴും കുട്ടികൾ പഠനം ഒഴിവാക്കാൻ വേണ്ടിയാണ് തലവേദനയുണ്ടെന്ന് പരാതിപ്പെടുന്നതെന്ന് മാതാപിതാക്കൾ കരുതുന്നത്. കുട്ടികളിലെ മൈഗ്രേയ്നിനും കൃത്യമായ ചികിത്സയുണ്ടെന്നും അദ്ദേഹം പറയുന്നു.
കുട്ടികളിലെ മൈഗ്രേൻ
മുതിർന്നവരുടേതുപോലെ തന്നെ കുട്ടികളിലും മൈഗ്രേൻ പ്രകടമാകാറുണ്ട്. മുതിർന്നവരിലെ മൈഗ്രേൻ പൊതുവേ ഒരുവശത്തുമാത്രം വേദനയായാണ് പ്രകടമാകുന്നതെങ്കിൽ കുട്ടികളിൽ ഇരുവശത്തും വേദന അനുഭവപ്പെടാം. മുതിർന്നവരുടേതുപോലെ നീണ്ട മൈഗ്രേൻ അറ്റാക്കല്ല കുട്ടികളിൽ ഉണ്ടാവുക. എങ്കിലും പഠനത്തേയും പാഠ്യേതര വിഷയങ്ങളേയും ബാധിക്കുമെന്നതിനാൽ വിദഗ്ധ ചികിത്സ തേടേണ്ടതുണ്ട്.
കുട്ടികളിലെ മൈഗ്രേൻ ലക്ഷണങ്ങൾ
അസഹ്യമായ തലവേദനയാണ് പ്രധാനലക്ഷണം. തലയുടെ മുൻവശത്തോ ഇരുവശങ്ങളിലോ ആയാണ് വേദന പൊതുവേ പ്രകടമാവുകയെങ്കിലും തലമുഴുവനായോ ഒരുഭാഗത്തുമാത്രമായോ പ്രത്യക്ഷമാവുകയും ചെയ്യാം. തലവേദനയ്ക്കൊപ്പം തലകറക്കം, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയായ്ക, ശബ്ദത്തോടും വെളിച്ചത്തോടുമുള്ള അസ്വസ്ഥത, വിശപ്പില്ലായ്മ, അടിവയറിൽ വേദന, ഛർദി, ഓക്കാനം തുടങ്ങിയവയും അനുഭവപ്പെടാം.
Content Highlights: Childhood Migraines: Recognizing Symptoms and Seeking Effective Treatment