ചെങ്കണ്ണും ചിക്കന്‍പോക്‌സും പടരുന്നു; കരുതല്‍ വേണം

Representative Image| Photo: Canva.com
Representative Image| Photo: Canva.com

കൊല്ലം: ജില്ലയുടെ വിവിധ മേഖലകളില്‍ ചിക്കന്‍പോക്‌സ്, ചെങ്കണ്ണ് എന്നിവ വ്യാപകമാകുന്നു. ചിക്കന്‍പോക്‌സ് വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ കരുതലാവശ്യം. സാധാരണയായി അസുഖബാധിതനായ വ്യക്തിയില്‍നിന്ന് ആദ്യത്തെ അഞ്ചു ദിവസങ്ങളിലാണ് രോഗം പകരാന്‍ സാധ്യതയുള്ളത്.

വായുവിലൂടെയായിരിക്കും കൂടുതലായും രോഗാണുക്കള്‍ പകരുക. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങള്‍ കാണിക്കുന്ന വ്യക്തിയില്‍നിന്ന് നിശ്ചിത അകലം പാലിക്കാന്‍ മറ്റുള്ളവര്‍ (രോഗിയും) ശ്രദ്ധിക്കേണ്ടതാണ്. രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, പാത്രങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവ മറ്റാരും കൈകാര്യം ചെയ്യാതിരിക്കുക. രോഗിക്ക് ഒരു മുറി (ബാത്ത്റൂം അറ്റാച്ച്ഡ് മുറിയുണ്ടെങ്കില്‍ അത്) മുഴുവനായും വിട്ടുകൊടുക്കുന്നതാണ് ഉചിതം. കൂടുതല്‍ വെള്ളം കുടിക്കണമെന്നും ആവശ്യത്തിന് പഴവര്‍ഗങ്ങള്‍ കഴിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളിലടക്കമാണ് ചെങ്കണ്ണ് വ്യാപകമാകുന്നത്.

ചിക്കന്‍പോക്‌സ്

വായുവിലൂടെ പകരുന്ന രോഗമാണ് ചിക്കന്‍പോക്‌സ്. വേനല്‍ക്കാലത്ത് ചൂട് അധികമാകുമ്പോഴാണ് സാധാരണയായി ചിക്കന്‍പോക്‌സ് പടരുന്നതായി കണ്ടുവരുന്നത്. തൊലിപ്പുറത്ത് ചെറിയ ചെറിയ കുമിളകളായാണ് രോഗം പ്രത്യക്ഷപ്പെടുക. ആന്തരികാവയവങ്ങളെയും ഈ രോഗം ബാധിക്കുന്നതായി കാണാറുണ്ട്. അതായത് വായ്ക്കുള്ളിലും നാക്ക്, തൊണ്ട, കുടല്‍ എന്നിവിടങ്ങളിലും കുമിളകള്‍ ഉണ്ടായേക്കാം. രോഗാണുക്കള്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ ചിലപ്പോള്‍ ഒരാഴ്ചമുതല്‍ മൂന്നാഴ്ചവരെ സമയമെടുക്കും.

ലക്ഷണങ്ങള്‍

ശക്തമായ നടുവേദനയാണ് ആദ്യ ലക്ഷണം. കൈകാലുകള്‍ക്ക് തളര്‍ച്ചയും വേദനയും തോന്നിയേക്കാം. ചിലര്‍ക്ക് പനിയും ശക്തമായ തലവേദനയും ലക്ഷണങ്ങളാണ്. തലയിലോ മുഖത്തോ ചെറിയ ചുവന്ന പാടുകളായിട്ടായിരിക്കും ഇത് ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീട് രണ്ടുമൂന്നു മില്ലിമീറ്റര്‍വരെ വ്യാസമുള്ള ചെറുകുമിളകളായി ഈ ചുവന്ന പാടുകള്‍ രൂപാന്തരം പ്രാപിക്കുന്നു. രണ്ടുമൂന്ന് ആഴ്ചകള്‍കൊണ്ട് നിശ്ശേഷം കരിഞ്ഞുണങ്ങി പൊളിഞ്ഞുപോകുകയും ചെയ്യും.

ചെങ്കണ്ണ്

കണ്ണിന് കടുത്ത ചുവപ്പുനിറത്തിനു പുറമേ കണ്ണിനകത്ത് തരികള്‍ അകപ്പെട്ടതുപോലെ അനുഭവപ്പെടും. ഉറക്കമുണരുമ്പോഴും മറ്റ് സമയങ്ങളിലും കണ്ണില്‍ പീളയിളകല്‍, അസഹ്യമായ ചൊറിച്ചിലും വേദനയും, കണ്ണീര്‍ ധാരാളമായി വരിക എന്നീ ലക്ഷണങ്ങളുമുണ്ടാകും. വൈറസ് ബാധയുണ്ടായാല്‍ രോഗം ഒരു കണ്ണിനെ മാത്രമായും ബാധിച്ചേക്കാം. ഈ അവസ്ഥയില്‍ പീളകെട്ടലും കുറവാകും. കണ്‍പോളകള്‍ നീരുവന്നു വീര്‍ത്ത് കണ്ണുകള്‍ ഇടുങ്ങുന്നത് വൈറസ് ബാധയുടെ ലക്ഷണമാണ്. സ്വയംചികിത്സ അരുത്. ഒരു നേത്രരോഗവിദഗ്ധനെ സമീപിച്ച് രോഗം ഉറപ്പുവരുത്തി വിദഗ്ധ ചികിത്സ തേടണം. എളുപ്പത്തില്‍ പടര്‍ന്നുപിടിക്കുന്ന രോഗമായതിനാല്‍ വീട്ടിലോ ഓഫീസിലോ ഒരാള്‍ക്ക് രോഗം വന്നാല്‍ അത് എല്ലാവരെയും ബാധിക്കാന്‍ സാധ്യതയുണ്ട്. രോഗം ബാധിച്ചവരുമായി അടുത്തിടപഴകുന്നതിലൂടെയും രോഗികളുടെ സ്പര്‍ശമേറ്റ വസ്തുക്കള്‍ വഴിയുമാണ് രോഗം പകരുന്നത്. കണ്ണുകള്‍ ഇടയ്ക്കിടെ തണുത്ത ശുദ്ധജലത്തില്‍ കഴുകുന്നത് രോഗാണുക്കള്‍ പെരുകുന്നത് തടയാന്‍ സഹായിക്കുകയും അസ്വസ്ഥതകള്‍ കുറയ്ക്കുകയും ചെയ്യും. രോഗം ബാധിച്ചാല്‍ കണ്ണിന് പരിപൂര്‍ണ വിശ്രമമാണാവശ്യം.

Content Highlights: chickenpox and conjunctivitis spreading