ചരിത്രത്തിലാദ്യമായി നിർമാർജനം ചെയ്യാനാവുന്ന ആദ്യത്തെ കാൻസറാകുമോ സെർവിക്കൽ കാൻസർ ? പ്രതീക്ഷ പങ്കുവെച്ച് WHO

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ലോകത്തിൽ ഓരോ രണ്ടുമിനിറ്റിലും ഒരു സ്ത്രീ സെർവിക്കൽ‌ കാൻസർ ബാധിച്ചു മരിക്കുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ ആരോഗ്യമേഖലയുടെ ചരിത്രത്തിലാദ്യമായി തുടച്ചുനീക്കാവുന്ന കാൻസറായി സെർവിക്കൽ കാൻസർ മാറുമെന്ന് പറയുകയാണ് ലോകാരോഗ്യസംഘടന. എച്ച്.പി.വി. വാക്സിനേഷൻ, സ്ക്രീനിങ്, കൃത്യസമയത്തെ ചികിത്സ എന്നിവയിലൂടെ ഇല്ലാതാക്കാവുന്ന ആദ്യത്തെ കാൻസറാകും സെർവിക്കൽ കാൻസർ എന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. സെർവിക്കൽ കാൻസർ നിർമാർജന ദിനത്തോടനുബന്ധിച്ച പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വിശദമാക്കിയിരിക്കുന്നത്.

തുടച്ചുനീക്കാവുന്ന രോഗമായിട്ടും പ്രതിവർഷം 600000 സ്ത്രീകളിൽ സെർവിക്കൽ കാൻസർ സ്ഥിരീകരിക്കുകയും 280000 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന പറയുന്നു. ലോകത്തിലെ ഏറ്റവും ദരിദ്രരായ സമൂഹങ്ങളിലെ സ്ത്രീകളെയും കുടുംബങ്ങളെയുമാണ് സെർവിക്കൽ കാൻസർ സാരമായി ബാധിക്കുന്നത്. ഈ സാഹചര്യത്തിലാണ് 2018-ൽ ലോകാരോഗ്യ സംഘടന ശക്തമായ ഇടപെടലിന് ആഹ്വാനം ചെയ്തത്. കോവിഡ്-19 മഹാമാരിയുടെ സമയത്തുപോലും 2020-ൽ ലോകാരോഗ്യ സംഘടനയിലെ അംഗരാജ്യങ്ങൾ സെർവിക്കൽ കാൻസർ നിർമാർജനം വേഗത്തിലാക്കാനുള്ള ഗ്ലോബൽ സ്ട്രാറ്റജി അംഗീകരിച്ചു. 90% പെൺകുട്ടികൾക്കും എച്ച്.പി.വി (HPV) വാക്സിൻ നൽകുക, 70% സ്ത്രീകൾക്ക് പരിശോധന ഉറപ്പാക്കുക, കാൻസറോ കാൻസറിന് കാരണമാകുന്ന മാറ്റങ്ങളോ ഉള്ള 90% പേർക്കും ചികിത്സ ലഭ്യമാക്കുക എന്നിവയായിരുന്നു അവ.

പൊതു ആരോഗ്യ പ്രശ്നമെന്ന നിലയിൽ സെർവിക്കൽ കാൻസർ നിർമാർജനം ചെയ്യുകയെന്ന ചരിത്രപരമായ ലക്ഷ്യത്തിലേക്ക് ആസ്ട്രേലിയയും സ്വീഡനും അടുത്തെത്തിക്കഴിഞ്ഞുവെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. വാക്സിൻ ലഭ്യതയിലെ കുറവുകൾ ഇന്ന് വലിയ അളവിൽ പരിഹരിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ബുറുണ്ടി, പപ്പുവ ന്യൂ ഗിനിയ, യുക്രെയ്ൻ എന്നിവയുൾപ്പെടെ 166 രാജ്യങ്ങൾ അവരുടെ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പരിപാടികളിൽ എച്ച്.പി.വി വാക്സിൻ ഉൾപ്പെടുത്തി. ഇന്ത്യ 1.1 കോടിയിലധികം പെൺകുട്ടികളിലേക്ക് വാക്സിൻ എത്തിച്ച് ലോകത്തിലെ ഏറ്റവും വലിയ എച്ച്.പി.വി വാക്സിനേഷൻ കാമ്പെയ്‌നുകൾക്കും തുടക്കമിട്ടു.

പരിശോധനയിലും ചികിത്സയിലും ഇന്ന് വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. ഓരോ സ്ത്രീക്കും പെൺകുട്ടിക്കും താൻ ജീവിക്കുന്ന സ്ഥലം തടസ്സമാവാതെ വാക്സിനേഷൻ, പരിശോധന, ചികിത്സ എന്നിവ ലഭിക്കണം. ചരിത്രം സൃഷ്ടിക്കപ്പെടാൻ കാത്തിരിക്കുകയാണെന്നും അതിന്റെ ഭാഗമാകാൻ തയ്യാറാകൂ എന്നും ലോകാരോഗ്യസംഘടന ആഹ്വാനം ചെയ്യുന്നു. രാജ്യങ്ങളും സമൂഹവും ഇതിനകം പ്രകടിപ്പിച്ച പ്രതിബദ്ധത തുടരുകയാണെങ്കിൽ നിർമാർജനം ചെയ്യുന്ന ആദ്യത്തെ കാൻസറായി സെർവിക്കൽ കാൻസർ മാറുമെന്നും ലോകാരോഗ്യസംഘടന കൂട്ടിച്ചേർക്കുന്നു.

'വെളുത്ത തുണികളിലെല്ലാം ചോരപ്പാടുകൾ, ചോദിച്ചപ്പോൾ അമ്മ പറഞ്ഞത് പ്രായമാകുന്നതിന്റെയാണെന്ന്' 

എന്താണ് സെർവിക്കൽ കാൻസർ?

മറ്റ് കാൻസറുകളിൽ നിന്നും വ്യത്യസ്തമായി സെർവിക്കൽ കാൻസർ ഉണ്ടാകുന്നത് ഒരു അണുബാധ മൂലമാണ്. ഹ്യൂമൻ പാപ്പിലോമ (എച്ച്.പി.വി.) എന്ന വൈറസ് ബാധ സർവ്വസാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തൊലിപ്പുറത്തും ഗുഹ്യഭാഗത്തും കാലിലും ഒക്കെ അരിമ്പാറകൾ ഉണ്ടാക്കുന്നത് ഈ വൈറസാണ്. സ്പർശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന ഈ വൈറസ് വിവിധ തരത്തിലുണ്ട് (120 ലേറെ). അതിൽ 14 തരം വൈറസുകൾക്ക് അപകട സാധ്യത ഏറെയാണ്. അവ ഗർഭാശയ മുഖത്തു മാത്രമല്ല, മലദ്വാരം, യോനീഭാഗം, പുരുഷലിംഗം, വായ, തൊണ്ട, എന്നീ അവയവങ്ങളിലും കാൻസർ ഉണ്ടാക്കുന്നു. എച്ച്.പി.വി. 16, 18 എന്നിവയാണ് സെർവിക്കൽ കാൻസർ ഉണ്ടാകുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത്.

സെർവിക്കൽ കാൻസർ എങ്ങനെ ഉണ്ടാകുന്നു?

ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധയുണ്ടായിട്ടുള്ള അഞ്ച് ശതമാനം സ്ത്രീകളുടെ സെർവിക്സിൽ വർഷങ്ങൾക്കുശേഷവും കോശ വ്യതിയാനങ്ങൾ നിലനിൽക്കുന്നു. ഈ കോശ വ്യതിയാനങ്ങളെ സെർവിക്കൽ ഇൻട്രാ എപ്പിത്തീലിയൽ നിയോപ്ലാസിയ (CIN) എന്നാണ് പറയുന്നത്. ഈ വ്യതിയാനങ്ങൾ കാലക്രമേണ കാൻസറായി മാറാൻ സാധ്യതയുണ്ട്. സെർവിക്കൽ ഇൻട്രാ എപ്പിത്തീലിയൽ നിയോപ്ലാസിയ കാൻസറായി മാറുന്നതിന് ഏകദേശം 10 വർഷം എടുക്കും. ഈ കാലയളവിൽ ഈ കോശ വ്യത്യാസങ്ങൾ നാം കണ്ടുപിടിച്ചു ഫലപ്രദമായി ചികിത്സിച്ചാൽ സെർവിക്കൽ കാൻസറിനെ നമുക്ക് ഫലപ്രദമായി പ്രതിരോധിയ്ക്കാൻ കഴിയും. ഇവിടെയാണ് സ്‌ക്രീനിംഗ് ടെസ്റ്റുകളുടെ പ്രാധാന്യം.

'HPV വാക്സിൻ പ്രത്യുത്പാദനത്തെയും ലൈംഗിക ബന്ധത്തെയും ബാധിക്കുമെന്നാണ് അയാൾ ധരിച്ചിരുന്നത്' 

ലക്ഷണങ്ങൾ

തുടക്കത്തിൽ രോഗലക്ഷണങ്ങൾ ഉണ്ടാവണമെന്ന് നിർബന്ധമില്ല. രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് ഇടവിട്ടുള്ള രക്തസ്രാവം, ലൈംഗികബന്ധത്തിനു ശേഷമുള്ള രക്തം പോക്ക്, വെള്ളപോക്ക്, ബന്ധപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന, അടിവയറ്റിൽ വേദന, നടുവേദന, അകാരണമായി ഭാരം കുറയുക, ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം എന്നിവ കാണാം.

സ്ക്രീനിംഗ് ടെസ്റ്റുകൾ

പാപ് സ്മിയർ ടെസ്റ്റ്, LB സൈറ്റോളജി വയാ വിലീ (VIA VILI) HPV ഡി എൻ എ ടെസ്റ്റിംഗ്, കോൾപോസ്കോപ്പി എന്നിവയാണ് സെർവിക്കൽ കാൻസർ കണ്ടെത്തുന്നതിനുള്ള പ്രധാന ടെസ്റ്റുകൾ. കാൻസറിന്റെ മുന്നോടിയായി ഗർഭാശയഗളത്തിൽ കോശവികാസങ്ങളോ വ്യതിയാനങ്ങളോ സംഭവിക്കാം. പാപ് ടെസ്റ്റിലൂടെ 10-15 വർഷം മുമ്പ് തന്നെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താം, ഗർഭാശയത്തിൽനിന്ന് കൊഴിഞ്ഞു വീഴുന്ന കോശങ്ങൾ സ്പാച്ചുല എന്നൊരു ഉപകരണം കൊണ്ട് ശേഖരിച്ച് ഒരു ഗ്ലാസ് സ്ലൈഡിൽ പരത്തി കെമിക്കൽ റീ ഏജന്റുകൾ കൊണ്ട് നിറം നൽകി മൈക്രോസ്കോപ്പിലൂടെ പരിശോധിച്ച് മാറ്റങ്ങൾ കണ്ടു പിടിക്കുന്ന പ്രക്രിയയാണ് പാപ് സ്മിയർ ടെസ്റ്റ്. ഈ ടെസ്റ്റ് വേദനനാരഹിതവും ഒരു മിനിറ്റ് കൊണ്ട് കഴിയുന്നതും ചെലവു കുറഞ്ഞതുമാണ്. അഞ്ചു വർഷം കഴിഞ്ഞ് കാൻസർ വരാൻ സാധ്യതയുണ്ടെങ്കിൽ പോലും ഇതിലൂടെ മനസിലാക്കി ചികിൽസ ലഭ്യമാക്കാം. പല ഗുഹ്യരോഗങ്ങളും അണുക്കൾ പരത്തുന്ന രോഗങ്ങളും ട്യൂമറുകളുമെല്ലാം ഈ ടെസ്റ്റിലൂടെ കണ്ടുപിടിച്ചു ചികിത്സിക്കാൻ കഴിയും.

21-60 വയസ്സ് വരെയുള്ള സ്ത്രീകൾ പാപ് ടെസ്റ്റ് 3 വർഷം കൂടുമ്പോൾ ചെയ്യേണ്ടതാണ്. എച് പി വി ഡി എൻ എ ടെസ്റ്റിംഗ് (HPV DNA TESTING) എച് പി വി ഡി എൻ എ ടെസ്റ്റ് 30 വയസുകഴിഞ്ഞാൽ ചെയ്യാം. ഗർഭാശയമുഖത്തു നിന്നുള്ള കോശങ്ങളിലാണ് ഇതും ചെയ്യുന്നത്. പാപ് സ്മിയർ ടെസ്റ്റിനെ അപേക്ഷിച്ചു നോക്കുമ്പോൾ കുറച്ചുകൂടെ കൃത്യത കൂടിയ ടെസ്റ്റാണിത്.

ലിക്വിഡ് ബേസ്ഡ് സൈറ്റോളജി (LIQUID BASED CYTOLOGY)

കാൻസർ കണ്ടെത്തുന്നതിനുള്ള വേറൊരു പ്രക്രിയയയാണിത്. ഗർഭാശയമുഖത്തു നിന്ന് കൂടുതൽ കൃത്യതയോടെ കോശങ്ങൾ ശേഖരിക്കാനും സ്ലൈഡുകൾ തയ്യാറാക്കാനും ഇതിലൂടെ സാധിക്കുന്നു.

കോൾപോസ്‌കോപ്പി (COLPOSCOPY)

രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കാൻ സെർവിക്സ് , യോനി എന്നിവ സൂക്ഷ്മമായി പരിശോധിക്കുന്നതിനുള്ള ഒരു പ്രക്രിയയാണ് കോൾപോസ്കോപ്പി എന്ന് പറയുന്നത്.

കോൾപോസ്കോപ്പി സമയത്ത്, ഡോക്ടർ കോൾപോസ്കോപ്പ് എന്ന പ്രത്യേക ഉപകരണം ഉപയോഗിക്കുന്നു. പാപ് സ്മിയർ പരിശോധനാ ഫലത്തിൽ പ്രശ്‍നങ്ങൾ കണ്ടാലാണ് കോൾപോസ്‌കോപ്പിക്ക് ശുപാർശ ചെയ്യാറുള്ളത്. ഈ ഉപകരണത്തിലൂടെ ഗർഭാശയമുഖം പതിന്മടങ്ങു വലിപ്പത്തിൽ കാണാനും ആവശ്യമെങ്കിൽ ബയോപ്സി എടുക്കാനും സാധിക്കും. മുൻകൂട്ടി കണ്ടെത്തി ചികിത്സ അവലംബിക്കുന്നതിലൂടെയും HPV കുത്തിവെപ്പ് എല്ലാവർക്കും എത്തിക്കുന്നതിലൂടെയും ഗർഭാശയള കാൻസർ ഒരു പരിധിവരെ തടയാനാകും.

എങ്ങനെ പ്രതിരോധിക്കാം?

1. HPV വാക്സിനേഷൻ

കുട്ടികളിൽ കൗമാര പ്രായത്തിൽ തന്നെ HPV വാക്സിൻ നൽകുക. ഒൻപത് മുതൽ 14 വയസ്സുവരെയുള്ള പ്രായമാണ് ഏറ്റവും ഉചിതം. രണ്ട് ഡോസ് ആയിട്ടാണ് നൽകേണ്ടത്. ആദ്യ ഡോസ് എടുത്ത് ആറു മാസത്തിനുശേഷം വേണം രണ്ടാം ഡോസ് നൽകാൻ. എച്ച്.പി.വി വാക്സിൻ സ്വീകരിക്കുന്നതോടെ ഭാവിയിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാവുകയാണ് ചെയ്യുന്നത്.

2. സ്ഥിരമായ പരിശോധന

30 വയസ്സുമുതലുള്ള സ്ത്രീകളിൽ ഓരോ അഞ്ച് മുതൽ 10 വർഷം കൂടുമ്പോഴും HPV ടെസ്റ്റ് നടത്തേണ്ടതുണ്ട്. അർബുദപൂർവ മാറ്റങ്ങൾ കണ്ടെത്തുന്നത് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കാൻ ഡോക്ടർമാരെ സഹായിക്കും. ഇത് അർബുദം വളരുന്നത് തടയുന്നു.

Content Highlights: WHO reveals cervical cancer can be eradicated through HPV vaccination, screening, and timely treatment, marking a historic milestone in global health.