കുട്ടികളിലെ പ്രമേഹം; മാർഗനിർദേശരേഖയുമായി കേന്ദ്രം

ന്യൂഡൽഹി: കുട്ടികളിലെ പ്രമേഹം നേരത്തേ തിരിച്ചറിയാനും മികച്ച ചികിത്സ ഉറപ്പാക്കാനും മാർഗനിർദേശരേഖ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. പൊതുജനാരോഗ്യസംവിധാനത്തിലെ മികച്ച മാതൃകകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം സംഘടിപ്പിച്ച ദേശീയസമ്മേളനത്തിലാണ് ഇത് മുന്നോട്ടുവെച്ചത്.
18 വയസ്സുവരെയുള്ള എല്ലാ കുട്ടികളെയും സ്‌കൂളുകളും കമ്യൂണിറ്റി പ്ലാറ്റ്ഫോമുകളും വഴി പരിശോധനയ്ക്കു വിധേയരാക്കും. സംശയമുള്ള കേസുകൾ ഉടനടി പരിശോധനയ്ക്കു വിധേയമാക്കി രോഗനിർണയത്തിനും ചികിത്സയ്ക്കുമായി ജില്ലാതല ആരോഗ്യസൗകര്യങ്ങളിലേക്ക് റഫർ ചെയ്യും. പൊതുജനാരോഗ്യകേന്ദ്രങ്ങളിൽ സ്‌ക്രീനിങ്, ഡയഗ്നോസ്റ്റിക് സേവനങ്ങൾ, ആജീവനാന്ത ഇൻസുലിൻ തെറാപ്പി, ഗ്ലൂക്കോമീറ്ററുകൾ, ടെസ്റ്റ് സ്ട്രിപ്പുകൾ, പതിവ് ഫോളോ-അപ്പ് പരിചരണം എന്നിവയുൾപ്പെടെ സമഗ്ര സൗജന്യ പരിചരണ പാക്കേജ് നൽകുമെന്നതാണ് പ്രധാന സവിശേഷത.
ആജീവനാന്ത ചികിത്സാച്ചെലവ് കുറച്ച് കുടുംബങ്ങളുടെ ഭാരം ലഘൂകരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇൻസുലിൻ എടുക്കുന്ന രീതി, ഗ്ലൂക്കോസ് പരിശോധന, അടിയന്തരസാഹചര്യങ്ങൾ കൈകാര്യംചെയ്യൽ എന്നിവയിൽ മാതാപിതാക്കൾക്കും പരിചാരകർക്കും പ്രത്യേക പരിശീലനം നൽകും.
ലക്ഷണങ്ങൾ
അമിതമായി മൂത്രമൊഴിക്കുക, കഠിനമായ ദാഹം, അമിത ക്ഷീണം അനുഭവപ്പെടുക, പെട്ടെന്ന് ശരീരം മെലിയുക
Content Highlights: Introduction of national guidelines for early detection and treatment of diabetes in children under 18., Mandatory screening through school and community platforms.,