നിലവാരമില്ലാത്തവ ശരീരത്തെ ബാധിക്കുന്നു, ഹെയർ ഡൈയിൽ മുന്നറിയിപ്പുമായി കേന്ദ്രം

#എം.കെ. രാജശേഖരൻ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

രാജ്യത്തെ സൗന്ദര്യവർധക വിപണനരംഗത്ത് ഇടപെടൽ കർശനമാക്കി കേന്ദ്ര ഡ്രഗ്‌സ് കൺേട്രാൾ വിഭാഗം. ആദ്യഘട്ടമെന്നനിലയിൽ തലമുടിക്ക് നിറംനൽകുന്ന വസ്തുക്കൾക്കാണ് പിടിവീഴുക. ശരീര ആകൃതി ക്രമീകരിക്കാനെന്നപേരിൽ പ്രചരിക്കുന്ന കുത്തിവെപ്പുകൾക്കെതിരേയും കർശന മുന്നറിയിപ്പുണ്ട്. 

നരച്ച മുടി മറയ്ക്കുന്നതിനായി ലക്ഷക്കണക്കിന് ആളുകളാണ് കൃത്യമായ ഇടവേളയിൽ ഹെയർ ഡൈകൾ ഉപയോഗിക്കുന്നത്. പ്രധാന കമ്പനികളുടേതുമുതൽ പേരറിയാൻപോലും കഴിയാത്തവയും ഇറക്കുമതിചെയ്തവയും തദ്ദേശീയമായി ഉണ്ടാക്കിയതുമായി വിപണിയിലുണ്ട്. നിലവാരമില്ലാത്തവയുടെ ആവർത്തിച്ചുള്ള ഉപയോഗം ശരീരത്തെ ബാധിക്കുന്നുണ്ടെന്നത് വസ്തുതയാണ്. ഇതേത്തുടർന്നാണ് ഹെയർ ഡൈകൾ സംബന്ധിച്ച് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ സർക്കുലറിറക്കിയത്.

ഡൈകൾ വിപണിയിലെത്തിക്കുന്നവർ സൗന്ദര്യവർധക വസ്തുനിയമവും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് മാനദണ്ഡങ്ങളും പാലിക്കണമെന്നാണ് മുന്നറിയിപ്പ്. നിറംനൽകാൻ ചേർത്തിട്ടുള്ള വസ്തുക്കളുൾപ്പെടെ ഉത്പന്നത്തിലെ എല്ലാവസ്തുക്കളുടെയും വിവരം വായിക്കാൻ പാകത്തിൽ കവറിനുമുകളിൽ ചേർക്കണം. ഉപയോഗത്തിൽ നിയന്ത്രണമുണ്ടെങ്കിൽ അതും പ്രത്യേകം സൂചിപ്പിക്കണം. പ്രതിപ്രവർത്തന സാധ്യത, സുരക്ഷിതമാണോയെന്ന പരിശോധനാരീതി എന്നിവയും വ്യക്തമാക്കണം.

ഭാരവും പ്രായവുമൊക്കെ കുറയ്ക്കാൻ സഹായിക്കുമെന്ന് അവകാശപ്പെട്ട് ശരീരത്തിൽ കുത്തിവെക്കുന്ന ഒരുവസ്തുവും സൗന്ദര്യവർധകങ്ങളുെട പരിധിയിൽ വരില്ലെന്നകാര്യവും അടുത്തിടെ അധികൃതർ വ്യക്തമാക്കിയിരുന്നു.

Content Highlights: CDSCO issues strict mandates for hair dye labeling and safety documentation., Companies must comply with Bureau of Indian Standards (BIS) and cosmetic laws.