ലൈംഗിക ന്യൂനപക്ഷങ്ങൾക്കിടയിൽ കാൻസർ സ്ക്രീനിങ് കുറവ്; വിവേചനത്തിന് പരിഹാരം തേടണമെന്ന് പഠനം

#Health Desk
പ്രതീകാത്മക ചിത്രം | Photo: Metal AI
പ്രതീകാത്മക ചിത്രം | Photo: Metal AI

കാൻസർ സ്ഥിരീകരിക്കുന്നവരുടെ നിരക്ക് വർധിക്കുകയാണെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. സ്ക്രീനിങ്(അർബുദം നേരത്തെ കണ്ടെത്താനുള്ള പരിശോധനകൾ) വൈകുന്നതാണ് പലപ്പോഴും രോഗസ്ഥിരീകരണം വൈകാനും ഗുരുതരാവസ്ഥയിലെത്താനും കാരണമാകുന്നത്. രോഗം ഭയന്ന് സ്ക്രീനിങ്ങിനോട് വിമുഖത കാണിക്കുന്നവർ നിരവധിയാണ്. അതു മാത്രമല്ല, LGBTQIA+ പോലുള്ള ലൈംഗിക ന്യൂനപക്ഷങ്ങൾക്കിടയിൽ കാൻസർ സ്ക്രീനിങ് നടക്കുന്നതിന്റെ തോത് വളരെ കുറവാണെന്നാണ് പുതിയൊരു പഠനം സൂചിപ്പിക്കുന്നത്.

ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വെക്സ്നർ മെഡിക്കൽ സെന്ററിൽനിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നിൽ. അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ ജേർണലായ കാൻസറിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ പൗരന്മാർക്കിടയിൽ നടത്തിയ 2018 മുതൽ 2022 വരെയുള്ള ഡേറ്റയാണ് ഇതിനായി ഗവേഷകർ പരിശോധിച്ചത്. ലൈംഗിക ന്യൂനപക്ഷങ്ങൾക്കിടയിൽ കാൻസർ പ്രതിരോധവും സ്ക്രീനിങ്ങുമൊക്കെ തുലോം കുറവാണെന്നും സിസ്ജെൻ‍ഡർ വിഭാഗങ്ങളെ അപേക്ഷിച്ച് വിവേചനം കൂടുതലാണെന്നുമാണ് പഠനം വ്യക്തമാക്കുന്നത്.

വിവിധ കാൻസർ ടെസ്റ്റുകൾക്ക് വിധേയരായ 6,63,924 പേരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് വിലയിരുത്തലിലെത്തിയത്. ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള സ്ത്രീകളിൽ ഗർഭാശയഗള അർബുദ പരിശോധനയ്ക്കുള്ള സാധ്യത എട്ടു ശതമാനവും സ്തനാർബുദ പരിശോധനയ്ക്കുള്ള സാധ്യത 16 ശതമാനവും കൂടുതലാണെന്ന് പഠനം പറയുന്നു.

സിസ്ജെൻ‍ഡർ വിഭാഗത്തിലുള്ളവരെ അപേക്ഷിച്ച് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഗർഭാശയഗള അർബുദ പരിശോധന 42ശതമാനവും സ്തനാർബുദ പരിശോധന 76ശതമാനവും കുറവാണെന്നും പഠനം വ്യക്തമാക്കുന്നു. സ്തനാർബുദ, ഗർഭാശയഗള അർബുദ പരിശോധനകൾ ലഭ്യമാക്കുന്നതിൽ ലൈംഗിക ന്യൂനപക്ഷങ്ങൾ വലിയ വിവേചനം നേരിടുന്നുവെന്ന് പഠനത്തിൽ പങ്കാളിയായ ടിമോത്തി എം പവ്ലിക് പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയുള്ള തുല്യമായ പരിചരണം ഉറപ്പുവരുത്തി ഈ വിടവ് നികത്തണമെന്നും മറ്റു പരിഹാരങ്ങൾ തേടണമെന്നും അവർ പറഞ്ഞു. 

സ്ക്രീനിങ്

പ്രാംരംഭ ഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താനുള്ള പരിശോധനാ നടപടിയാണ് സ്ക്രീനിങ്. കാൻസറിനെ സംബന്ധിച്ച് സ്ക്രീനിങ് നടത്തുന്നതു വഴി ആദ്യഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിയാനാകുന്നു. അതുവഴി, ഫലപ്രദമായി ചികിത്സിക്കാനും രോഗിയുടെ ജീവൻ രക്ഷിക്കാനും സാധ്യമാകും. ഒരു ഡോക്ടറുടെ ഉപദേശം സ്വീകരിച്ചതിനുശേഷം മാത്രം സ്ക്രീനിങ് ചെയ്യുന്നതാണ് അഭികാമ്യം.

വ്യത്യസ്തതരം സ്ക്രീനിങ്ങുകൾ

സ്തനാർബുദം: മാമോഗ്രാം എന്ന പരിശോധന ഉപകരണത്തിലൂടെയാണ് ഇത് കണ്ടെത്തുന്നത്. 40 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് വർഷത്തിലൊരിക്കൽ മമോഗ്രാം അഭികാമ്യം.

സെർവിക്കൽ കാൻസർ: പാപ്പ് സ്മിയർ ടെസ്റ്റ് ഉപയോഗിച്ച് ഗർഭാശയമുഖത്തെ കാൻസർ കണ്ടെത്താൻ കഴിയും. ഇത് 21-65 വയസ്സുള്ള സ്ത്രീകൾക്ക് നിർബന്ധമായി ചെയ്യുന്നത് ഉത്തമം.

കൊളോറെക്ടൽ കാൻസർ: കോളോസ്കോപി പോലുള്ള പരിശോധനകൾ മുഖേന ഇതിന്റെ സ്ക്രീനിങ് നടത്താം. പ്രത്യേകിച്ച് 50 വയസ്സിന് മുകളിലുള്ളവരിൽ ഇത് ആവശ്യമാണ്.

പ്രോസ്റ്റേറ്റ് കാൻസർ: PSA ടെസ്റ്റ് മുഖേന പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസർ സ്ക്രീനിങ് നടത്താം. എന്നാൽ ഇതിന്റെ ആവശ്യകതയും ഗുണഫലവും സംബന്ധിച്ച് വ്യക്തത കുറവാണ്‌.

Content Highlights: LGBTQIA+ individuals face significant barriers to routine cancer screenings., Transgender individuals show 42% lower cervical and 76% lower breast cancer screening rates.,