പൈലറ്റുമാരിലും ഫ്ലൈറ്റ് അറ്റൻഡർമാരിലും കാൻസർ സാധ്യത കൂടുതലെന്ന് ഹാർവാർഡ് പഠനം, കാരണമാകുന്നതെന്ത്?

പൈലറ്റുകളിലും ഫ്ലൈറ്റ് അറ്റൻഡുമാരിലും മറ്റു തൊഴിൽമേഖലയിലുള്ളവരെ അപേക്ഷിച്ച് കാൻസർ സാധ്യത കൂടുതലെന്ന് പഠനം. ഉയർന്ന അളവിൽ കോസ്മിക് റേഡിയേഷനു വിധേയരാകുന്നതാവാം ഇതിനുകാരണമെന്ന് ഗവേഷകർ പറയുന്നു. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനം ജാമാ ഇന്റർനാഷണൽ മെഡിസിനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അമേരിക്കയിലെ 500-ലധികം തൊഴിലുകളിലെ അർബുദം മൂലമുള്ള മരണനിരക്കാണ് പഠനം പരിശോധിച്ചത്. തുടർന്നാണ് റേഡിയേഷനുമായി ബന്ധപ്പെട്ട അർബുദങ്ങൾ മൂലം മരണമടയുന്നവരുടെ അനുപാതം പൈലറ്റുമാരിലും ഫ്ലൈറ്റ് അറ്റൻഡന്റുമാരിലും കൂടുതലാണെന്ന് കണ്ടെത്തിയത്. റേഡിയേഷൻ സംബന്ധമായ അർബുദങ്ങൾ ഫ്ലൈറ്റ് അറ്റൻഡന്റുകളിൽ 6.9 ശതമാനവും പൈലറ്റുമാരിൽ 6.7 ശതമാനവും മരണങ്ങൾക്ക് കാരണമായതായി പഠനം പറയുന്നു.
തൊഴിലും റേഡിയേഷൻ സംബന്ധമായ അർബുദ മരണങ്ങളും തമ്മിൽ ഒരു ബന്ധമുണ്ടെന്നാണ് പഠനം കാണിക്കുന്നതെന്നും എന്നാൽ കോസ്മിക് റേഡിയേഷൻ ഏൽക്കുന്നത് മാത്രമാണ് അർബുദങ്ങളുടെ നേരിട്ടുള്ള കാരണമെന്ന് പറയാനാവില്ലെന്നും ഗവേഷകർ പറയുന്നുണ്ട്. ഇതിനൊപ്പം കൃത്യതയില്ലാത്ത ജോലിസമയം, രാത്രികാലത്തെ ജോലി, ഉറക്കക്കുറവ് തുടങ്ങിയവ പ്രധാനഘടകങ്ങളാകുന്നുണ്ടെന്നും ഗവേഷകർ പറയുന്നു.
ബഹിരാകാശത്തുനിന്നു വരുന്ന കോസ്മിക് റേഡിയേഷനെതിരെ ഒരു സ്വാഭാവിക കവചമായി പ്രവർത്തിക്കുന്നത് അന്തരീക്ഷമാണ്. വിമാനങ്ങൾ ഭൂമിയിൽ നിന്ന് വളരെ ഉയരത്തിലായിരിക്കുമ്പോൾ അന്തരീക്ഷത്തിന്റെ കനംകുറഞ്ഞ പാളിയിലൂടെ കടന്നുപോകും. ഇത് പൈലറ്റുമാർക്കും കാബിൻ ക്രൂവിനും മറ്റു തൊഴിൽചെയ്യുന്നവരെ അപേക്ഷിച്ച് അയോണൈസിങ് റേഡിയേഷൻ കൂടാൻ കാരണമാകും. വിമാനത്തിന്റെ ഉയരം, യാത്രാദൈർഘ്യം തുടങ്ങിയവയ്ക്കനുസരിച്ച് റേഡിയേഷനിൽ വ്യത്യാസമുണ്ടാകുമെന്നും ഗവേഷകർ പറയുന്നുണ്ട്.
2020 മുതൽ 2024 വരെയുള്ള യു.എസിലെ എല്ലാ മരണ സർട്ടിഫിക്കറ്റുകളും പരിശോധിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. 503 തൊഴിലുകളിൽ നിന്നുള്ള ഏകദേശം 13 ദശലക്ഷം മരിച്ചവരുടെ ഡാറ്റ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ 14,000 പൈലറ്റുമാരും 7,000 ഫ്ലൈറ്റ് അറ്റൻഡന്റുമാരും ഉൾപ്പെടുന്നു. തൊഴിൽ കൂടാതെ മരണസമയത്തെ പ്രായം, ലിംഗം, വംശം, വംശീയത, വിദ്യാഭ്യാസ നിലവാരം, വൈവാഹിക നില എന്നിവയും പഠനത്തിന്റെ ഭാഗമാക്കി, വിവിധ തൊഴിലുകളിലെ റേഡിയേഷനുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ അർബുദങ്ങളെ ഗവേഷകർ വിശകലനം ചെയ്തു.
തുടർന്നാണ് റേഡിയേഷൻ സംബന്ധമായ അർബുദങ്ങളിൽ സ്തനാർബുദം, കേന്ദ്ര നാഡീവ്യൂഹത്തിലെ അർബുദം, മൾട്ടിപ്പിൾ മൈലോമ, ലുക്കീമിയ (ക്രോണിക് ലിംഫോസൈറ്റിക് ലുക്കീമിയ ഒഴികെ), ലിംഫോമ, തൈറോയ്ഡ് കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ, മെലനോമ തുടങ്ങിയവ ഉൾപ്പെടുന്നുവെന്നു കണ്ടെത്തിയത്. തുടർന്നുള്ള വിലയിരുത്തലിനൊടുവിലാണ് പൈലറ്റുമാരിലും ഫ്ലൈറ്റ് അറ്റൻഡന്റുമാരിലും ഇത്തരം കാൻസറുകൾ മൂലമുള്ള മരണനിരക്ക് വളരെ കൂടുതലാണെന്ന് കണ്ടെത്തിയത്.
ഫ്ലൈറ്റ് അറ്റൻഡന്റുമാരിലെ മരണങ്ങളിൽ ഏകദേശം 6.9 ശതമാനവും പൈലറ്റുമാരിലെ മരണങ്ങളിൽ 6.7 ശതമാനവും റേഡിയേഷൻ സംബന്ധമായ അർബുദങ്ങൾ മൂലമാണെന്ന് ഗവേഷകർ പറയുന്നു. വ്യോമയാന ജീവനക്കാർക്ക് പ്രതിവർഷം ഏകദേശം 3 മുതൽ 6 മില്ലിസീവർട്ട് വരെ കോസ്മിക് റേഡിയേഷൻ ലഭിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് (ഫ്ലൈറ്റ് പാതകളെ ആശ്രയിച്ച് ഇത് വ്യത്യാസപ്പെടാം).
കോശങ്ങളെയും ഡിഎൻഎയെയും നശിപ്പിക്കാൻ പോന്ന ഊർജം അയോണൈസിങ് റേഡിയേഷനുണ്ട്. ഇത്തരത്തിൽ കോശങ്ങൾ തകരാറിലാകുമ്പോൾ ഭൂരിഭാഗവും ശരീരത്തിന് സ്വയം പരിഹരിക്കാൻ കഴിയുമെങ്കിലും ആവർത്തിച്ചുള്ള സമ്പർക്കം കോശങ്ങളിൽ മാറ്റങ്ങൾ വരാനും കാൻസറിനുമുള്ള സാധ്യത വർധിപ്പിക്കും.
Content Highlights: Pilots and flight attendants face a higher risk of radiation-related cancers., Harvard School researchers analyzed US death certificates from 2020 to 2024., Cosmic radiation at high altitudes, irregular work hours, and sleep deprivation are key contributing factors.